കേരളത്തിലെ വിരലിലെണ്ണാവുന്ന വനിതാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്മാരിലൊരാളായ സീമ സുരേഷിന്റെ വിജയവഴികളിലൂടെ. തങ്ങളുടെ പാഷനെ ജീവിതകാലം മുഴുവന്‍ നെഞ്ചേറ്റാനിഷിടപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു മാതൃക തന്നെയാണ് സീമ.
സമൂഹ മാധ്യമങ്ങള്‍ പലരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാലമാണിത്. അങ്ങനെ ഫേസ്ബുക്കില്‍ കണ്ടൊരു പോസ്റ്റാണ് സീമ സുരേഷ് നീലാംബരി മോഹനെന്ന മാധ്യമ പ്രവര്‍ത്തകയുടെ ജീവിതത്തിലെ വഴിത്തിരിവായത്.
തൃശൂര്‍ സ്വദേശിയാണ് സീമ. ഇപ്പോള്‍ എറണാകുളത്ത് തൃക്കാക്കരയിലാണ് താമസം. കര്‍ഷക കുടുംബത്തിലെ അംഗം. മാധ്യമ പ്രവര്‍ത്തകയായാണ് ഒദ്യോഗിക ജീവിതത്തിന്റെ തുടക്കം. ഈ കാലയളവിലാണ് ഫോട്ടോഗ്രാഫര്‍ സുരേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇഷ്ടം വീട്ടിലറിയിച്ചപ്പോഴും എതിര്‍പ്പൊന്നുമുണ്ടായില്ല. അങ്ങനെ വിവാഹം കഴിഞ്ഞു. ഒപ്പം പേരിനും മാറ്റം വരുത്തി. സുരേഷ് എന്ന ഭര്‍ത്താവിന്റെ പേരും മാധവിക്കുട്ടിയുടെ നീലാംബരിയോടുള്ള ഇഷ്ടവും കാരണം അതും തന്റെയും അച്ഛന്റെയും പേരിനിടയില്‍ ചേര്‍ത്ത് സീമ സുരേഷ്, നീലാംബരി മോഹനന് എന്നായി.
വിവാഹത്തിന് ശേഷം സുരേഷിന് ഫോട്ടോഗ്രാഫറായി അബുദാബിയില്‍ ജോലി കിട്ടി. സുരേഷ് അവിടേക്ക് പോയി.ഈ സമയത്താണ് തൃശൂര്‍ ഷൂട്ട് സ്കൂളിന്റെ കാട്ടിലേക്കൊരു യാത്ര എന്ന ഫേസ്ബുക് പോസ്റ്റ് സീമയുടെ ശ്രദ്ധയില്‍ പെടുന്നത്. അന്ന് വയസ് 31. വായിച്ചറിഞ്ഞ കാടിനെ അനുഭവിച്ചറിയാന്‍ ഒരാഗ്രഹം തോന്നി. അത് സുരേഷിനോട് പറഞ്ഞു. അവിടുന്ന് ഡബിള്‍ ഒകെ പറഞ്ഞ് ഗ്രീന്‍ സിഗ്നലും കിട്ടി. പിന്നൊന്നും നോക്കിയില്ല. വിവാഹ ശേഷം സുരേഷ് സമ്മാനമായി നല്കിയ ക്യാമറയും പൊടി തട്ടിയെടുത്ത് കാട്ടിലേക്ക്.
ആദ്യ യാത്ര
തൃശൂര്‍ ഷൂട്ട് സ്കൂളിന്റെ ട്രക്കിങ്. സ്കൂളിന്റെ ഡയറക്ടര്‍ അബ്ദുള്‍ നൗഷാദിനൊപ്പം ചിമ്മിണി വന്യജീവി സങ്കേതത്തിലേക്കായിരുന്നു യാത്ര.കാടിനെ അടുത്തറിയാനുള്ള മോഹവും മൃഗങ്ങളോടുള്ള കമ്പവും മനസ്സില്‍ കയറിപ്പറ്റിയത് ആ യാത്രയിലാണ്. മടങ്ങിയെത്തിയിട്ടും ആ വന്യത സീമയെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. ഇനിയും യാത്ര ചെയ്യണം. അവയെ ക്യാമറയില്‍ പകര്‍ത്തണം ഇത് മാത്രമാണ് മടങ്ങിയെത്തിയ ശേഷം സീമ, സുരേഷിനോട് ആവശ്യപ്പെട്ടത്.
ഷൂട്ട് സ്കൂളിലേക്ക്
ക്യാമറ കൈയിലുണ്ടായിരുന്നെങ്കിലും ഫോട്ടോയെടുക്കാന്‍ അത്ര ആളായിരുന്നില്ല അന്ന്. ഓട്ടോ മോഡിലിട്ടാണ് ആദ്യം ചിത്രങ്ങളെടുത്തിരുന്നത്. ഫോക്കസും കിട്ടില്ലായിരുന്നു. ഈ ചിത്രങ്ങളൊക്കെ കണ്ടിട്ട് സുരേഷിന്റെ കൈയില്‍ നിന്ന് നല്ലത് കേട്ടിട്ടുമുണ്ട്. പിന്നെ കാടുകയറാനുള്ള ആഗ്രഹം കൂടിയായപ്പോള്‍ താല്പര്യമുണ്ടെങ്കില്പോയി പഠിക്കാന്‍ പറഞ്ഞത് സുരേഷ് തന്നെയാണ്. അങ്ങനെ അബ്ദുള്‍ നൗഷാദിന്റെ കീഴില്‍ മൂന്ന് മാസത്തെ പഠനം.
യാത്രകളിലേക്ക്
പിന്നീട് യാത്രകളിലേക്ക്. എല്ലാമാസവും യാത്രകളുണ്ടാവും. ചിലപ്പോള്‍ രണ്ട് ദിവസത്തിലൊതുങ്ങും. ചില യാത്രകള്‍ നീണ്ടുപോകും. ആഫ്രിക്കന്‍ കാടുകളിലേക്കാണ് ഏറ്റവും ഒടുവില്‍ പോയത്. ഇവിടുത്തെ കാടുകളില്‍ ഒരു ഫ്രെയിമിനായി ശരിക്ക് കഷ്ടപ്പെടും. എന്നാല്‍, അവിടെ അങ്ങനെയല്ല. പുല്‍മേടുകളാണ് കൂടുതല്‍. എല്ലയാടിത്തുനിന്നും ഫോട്ടോയെടുക്കാന്‍ എന്തെങ്കിലുമൊക്കെ കാണും. ഇത്തവണത്തെ യാത്രയില്‍ ബിഗ് ബ്രദറെന്ന അഞ്ച് ചീറ്റകളെ ക്യാമറയില്‍ പകര്‍ത്താനായി. ആ നിമിഷം ഒരുപാട് സന്തോഷിപ്പിച്ചു.
ഫോട്ടോഗ്രഫി പഠിച്ചെങ്കിലും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ സീമയ്ക്ക് മാര്ഗദര്ശിയായത് ആശാനെന്നു വിളിക്കുന്ന പ്രവീണ്‍ പി. മോഹന്‍ദാസാണ്. ഒപ്പം ഡോ. ഉണ്ണികൃഷ്ണന് പുളിക്കലും. കാടെന്താണെന്നും എങ്ങനെയാണ് ഫോട്ടോകളെടുക്കേണ്ടതെന്നും പഠിപ്പിച്ചത് പ്രവീണാണ്. അദ്ദേഹത്തിനൊപ്പമുള്ള യാത്രകളും അവിസ്മരണീയമാണ്.
പത്ത് വര്‍ഷമായി ഈ രംഗത്തുണ്ടെങ്കിലും വളരെയധികം പ്രാധാന്യത്തോടെ ഇതിനെ കണ്ടുതുടങ്ങിയത് ഈ അഞ്ച് വര്‍ഷത്തിനുള്ളിലാണ്. ആദ്യ യാത്രകളില്‍ ഫോട്ടോകളെടുക്കാന്‍ വളരെയധികം തിടുക്കം കാട്ടിയിരുന്നു. പിന്നീടിങ്ങോട്ടാണ് ഇതിന്റെ പ്രാധാന്യം മനസിലാക്കുന്നത്. നിരാശപ്പെടുത്തുന്ന ഏറെ യാത്രകളുമുണ്ടാകാം. ആ നിരാശകളാണ് അടുത്ത യാത്രയ്ക്കുള്ള പ്രചോദനമെന്ന് സീമ.
ഒരുപക്ഷേ കടുവകളെ കാണാതെ മഹാരാഷ്ട്രയിലെ തടോബ ആന്ധ്രി ദേശിയോദ്യാനത്തില്‍ നിന്ന് മടങ്ങേണ്ടി വരുമായിരുന്നു സീമയ്ക്ക്. എന്നാല്‍, അന്നത്തെ ട്രെയിന്‍ ടിക്കറ്റ് റദ്ദായതിനെ ഭാഗ്യമായാണ് സീമ കാണുന്നത്. ആദ്യത്തെ എട്ട് സഫാരികളിലും കടുവയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ട്രെയിന്‍ കിട്ടാത്തത് മൂലം മടങ്ങിയെത്തി നടത്തിയ രണ്ടാമത്തെ സഫാരിയില്‍ തടോബ കാത്തുവച്ചത് അതിമനോഹരമായിരുന്നു.
അന്ന് അവിടെ മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ വന്നു കിടന്ന കടുവയെ മുളങ്കൂട്ടങ്ങള്ക്കിടയിലെ ദൈവം എന്നാണ് സുരേഷിനോട് പറഞ്ഞത്. കടുവയെ കാണാതെ നിരാശരായവര്‍ക്ക് ദൈവം തന്നെയായിരുന്നു ആ കടുവ. പ്രതീക്ഷകള്‍ക്കുമപ്പുറമാണ് ചില യാത്രകള്‍. യാത്രകള്‍ തനിക്ക് ശ്വസിക്കുന്ന വായുപോലെയാണ്. യാത്രകളില്ലാത്ത ജീവിതം സങ്കല്പിക്കാന് കഴിയില്ല. പ്രതീക്ഷകള്‍ നിറച്ച് വച്ചാണ് ഓരോ തവണയും തടോബ യാത്രയാക്കുന്നത്.
ആനകളോട് പൊതുവെ ഇഷ്ടക്കൂടുതലാണ്. പ്രവീണിന്റെ കൈയിലുള്ള ആനകളുടെ ചിത്രങ്ങള്‍ കണ്ടിട്ട് ജിം കോര്‍ബറ്റിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആനകളില്‍ തന്നെ അവയുടെ മാതൃത്വ ഭാവം പകര്‍ത്താനാണ് താല്പര്യം. ഒരു ഡിസംബറിലായിരുന്നു ജിംകോര്ബറ്റിലേക്കുള്ള ആദ്യയാത്ര. മഞ്ഞുകാലത്ത് വല്ലാത്തൊരു വശ്യതയാണ് ജിം കോര്‍ബറ്റിന്. പ്രവീണിനൊപ്പമായിരുന്നു യാത്ര. രാമഗംഗയുടെ തീരത്ത് ആനക്കൂട്ടങ്ങളെ കണ്ടത് മറക്കാന്‍ പറ്റാത്ത ഒന്നാണ്. ഒപ്പം അമ്മയെ നയിക്കുന്ന കുഞ്ഞാനയും. പിന്നീട് പല തവണ അവിടെ പോയി. ഇനിയും പോണം. എല്ലാ കാലാവസ്ഥയിലും കാടിനെ അറിയണം. അതാണ് ആഗ്രഹം.
ഇനിയും മുന്നോട്ട്
ഇതുവരെയുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരുപാട് എക്സിബിഷനുകള്‍ നടത്തിയിട്ടുണ്ട്. എല്ലാം സുഹൃത്തുക്കള്‍ക്കൊപ്പമാണ്. ഒറ്റയ്ക്കൊരു എക്സിബിഷന് സംഘടിപ്പിച്ചിട്ടില്ല. കുറച്ചുകൂടി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അത് നടത്തമെന്നാണ് ആഗ്രഹിക്കുന്നത്.
മുമ്പ് വൈല്‍ഡ് ലിറിക്സ് എന്ന എക്സിബിഷന് നടത്തി. പിന്നീട് അന്താരാഷ്ട്ര എക്സിബിഷനിലും ഭാഗമായി. നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഇത് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രേരണയാണ്.
നിലവില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗ്രീന്‍ ക്യാപ് എന്ന സംഘടനയുമായി മുന്നോട്ട് പോവുകയാണ്. ഇതിലൂടെ ട്രക്കിങ്ങും മറ്റും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ രാജ്യത്തെ ആദ്യ ഫോട്ടോഗ്രഫി മ്യൂസിയമായ ഫോട്ടോമ്യൂസിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ കൂടിയാണ്. ഇതിന്റെ ലസ്കര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മാധ്യമ ലോകത്തോട് വിടപറഞ്ഞെങ്കിലും എഴുത്ത് അവസാനിപ്പിച്ചിട്ടില്ല. യാത്രക്കുറിപ്പുകളും മറ്റുമായി അതിപ്പോഴും തുടരുന്നു. ഒരു പുസ്തകമാണ് സ്വപ്നം.
പറയുന്നവര്‍ പറഞ്ഞോട്ടെ
ഒരു സ്ത്രീ ഒറ്റയ്ക്ക് പുരുഷ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ പലരും പലതും പറയും. ആദ്യമൊക്കെ സങ്കടമായിരുന്നു. അതേപ്പറ്റി സുരേഷിനോട് പറയുമ്പോള്‍, അതൊന്നും കാര്യമാക്കണ്ട. നീ നീയായിട്ട് നില്ക്ക്. മറ്റുള്ളവര്‍ക്ക് വേണ്ടി ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കെണ്ടന്നായിരിന്നു മറുപടി. സുരേഷ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.
ഒപ്പമുള്ളവരും നല്ല പിന്തുണയാണ് നല്‍കുന്നത്. ഞങ്ങള്‍ക്കിടയില്‍ ആണ് പെണ് വ്യത്യാസമില്ല. പരസ്പരം മനുഷ്യരായാണ് കാണുന്നത്.
ഗോസിപ്പുകള്‍ ഒരു പാടുണ്ട്. എല്ലാം കേട്ടില്ലെന്ന് വയ്ക്കും. അവരെപ്പറ്റി ചിന്തിക്കുകയേ ചെയ്യാറില്ല. അതാണ് നല്ലത്. കാരണം അതൊക്കെ കേട്ടിട്ട് നമ്മളിലെ പോസിറ്റിവിറ്റിയെക്കൂടി ഇല്ലാതാക്കുന്നതെന്തിനാണ്. ഇങ്ങനെ സമൂഹത്തിന്റെ പ്രതികരണങ്ങളില്‍ ശ്രദ്ധിച്ചാല്‍ നമുക്കെവിടെയും എത്തിച്ചേരാന്‍ കഴിയില്ല. അവയെ അവയുടെ വഴിക്ക് വിട്ടേക്കുക.
പുതിയവര്‍ വരട്ടെ
കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ് ആഗ്രഹം. ഇതേപ്പറ്റി അറിയാനും മറ്റുമായി കുറേകുട്ടികള്‍ വിളിക്കാറുണ്ട്. അതില്‍ സന്തോഷമേയുള്ളു.
മഴക്കാലത്ത് കാടുകള്‍ ശാന്തമാണ്. മഞ്ഞുകാലത്ത് അതിമനോഹരവും. ഇനി വേനല്‍ കാലമാണ്. മൃഗങ്ങള്‍ തമ്മില്‍ കലഹമുണ്ടാകുന്ന കാലം. അടുത്ത യാത്ര ജിം കോര്‍ബറ്റിലേക്ക്. കഴിഞ്ഞ യാത്രയിലേ നിരാശകളെ പ്രതീക്ഷകളാക്കിയാണ് യാത്ര. ഇനിയും ഒരുപാട് പോകണം. അപൂര്‍വ നിമിഷങ്ങള്‍ പകര്‍ത്തണം. എഴുന്നേറ്റ് നില്ക്കാന് കഴിയുന്നിടം വരെ സഞ്ചരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: