ന്യൂദല്‍ഹി: യെസ് ബാങ്കിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടപാടുകാരുടെ പണത്തിന് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ആര്‍ബിഐയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് അവര്‍ ഉറപ്പുനല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബാങ്കിന്റെ പുനരുജ്ജീവനത്തിന് ആര്‍ബിഐ ഒരു പുതിയ പദ്ധതി തയാറാക്കി. ഇതിന്റെ ഫലങ്ങള്‍ എത്രയും വേഗം ദൃശ്യമാകുമെന്നും മന്ത്രി മധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുതിര്‍ന്ന സാമ്പത്തിക ഉപദേശകനായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനും നിക്ഷേപകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ബാങ്കിന് പിന്തുണയായി രംഗത്തെത്തിയിരുന്നു. ബാങ്കിന്റെ അതിജീവനത്തിനുവേണ്ടി തയാറാക്കിയിരിക്കുന്ന പദ്ധതി 30 ദിവസത്തിനുള്ളില്‍ ഫലം കാണുമെന്നും അതിനായി ജീവനക്കാര്‍ക്കും മാനേജുമെന്റിനും സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് ഫലം ചെയ്തില്ലെങ്കില്‍ ആര്‍ബിഐ ഇടപെടല്‍ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കി.
ഓഹരി വിപണിയില്‍ തകര്‍ച്ച
യെസ് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ ഇന്നലെ വന്‍ ഇടിവുണ്ടായി. വ്യാപരം അവസാനിപ്പിക്കുമ്പോള്‍ ഓഹരി മൂല്യത്തില്‍ 56.04 ശതമാനം ഇടിവാണുണ്ടായത്. 2004ല്‍ നിലവില്‍വന്ന ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഇന്നലെ വ്യാപാര മധ്യത്തില്‍ 84 ശതമാനം തകര്‍ച്ചയുണ്ടായെങ്കിലും ആര്‍ബിഐയുടെ ഉറച്ച പിന്തുണ വില തിരിച്ചു കയറുന്നതിന് സഹായിച്ചു.
യെസ് ബാങ്കിന്റെ തകര്‍ച്ച ഇതര സ്വകാര്യ ബാങ്കുകളുടെ ഓഹരി മൂല്യത്തെയും സാരമായി ബാധിച്ചു. ആര്‍ബിഎല്‍ ബാങ്കാണ് യെസ് ബാങ്കിന് പിന്നാലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ടത്. 15 ശതമാനം ഇടിവുണ്ടായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ മൂല്യത്തില്‍ എട്ട് ശതമാനവും എസ്ബിഐ ഏഴ് ശതമാനവും ബാങ്ക് ഓഫ് ഇന്ത്യ, ഐഡിഎഫ്‌സി ബാങ്ക് എന്നിവ ആറ് ശതമാനവും തകര്‍ച്ചയെ നേരിട്ടു.
യെസ് ബാങ്കിനെ സഹായിക്കാന്‍ എസ്ബിഐ
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ ആര്‍ബിഐ. ഇതിനായി യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികള്‍ 10 രൂപ നിരക്കില്‍ എസ്ബിഐ ഏറ്റെടുക്കാനാണ് നീക്കം.
ഏകദേശം 2450 കോടി രൂപയാകും നിക്ഷേപിക്കുക. ഓഹരികള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് എസ്ബിഐ അറിയിച്ചതായി ഇന്നലെ ആര്‍ബിഐ വ്യക്തമാക്കി. അതേസമയം, പുതിയ ഓഹരികളാണ് ഏറ്റെടുക്കുകയെന്ന് കേന്ദ്ര ധനമന്ത്രി ഇന്നലെ സൂചിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്ക് എങ്കിലും ഏറ്റെടുത്ത ഓഹരികള്‍ നിലനിര്‍ത്താനാണ് എസ്ബിഐ തീരുമാനം.
രണ്ട് രൂപ മുഖ വിലയുള്ള 2400 കോടി ഓഹരികളിലൂടെ 5000 കോടി രൂപയാണ് യെസ് ബാങ്കിന്റെ ആകെ മൂലധനമായി സമാഹരിച്ചത്. ഈ തുകയ്‌ക്ക് പുറമേയാകും എസ്ബിഐ നിക്ഷേപം.
















