ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ മുസ്ലിം സര്‍വകലാശാലയില്‍ മുസ്ലിം മതമൗലികവാദികള്‍ നടത്തിയ സമരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതില്‍ ഹര്‍ഷ് മന്ദര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. ദല്‍ഹി പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടത്. കോടതിയും പാര്‍ലമെന്റും നീതി നല്‍കില്ലെന്നും തെരുവിലാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു പ്രസംഗം.
ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇടത്-ജിഹാദി ബുദ്ധികേന്ദ്രമായ ഹര്‍ഷ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദല്‍ഹി പോലീസ് ഇയാളുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയത്. പ്രസംഗം പരിശോധിച്ചതിനു ശേഷം ഹര്‍ജി കേള്‍ക്കാമെന്ന നിലപാട് കോടതി സ്വീകരിച്ചതോടെ ഹര്‍ഷ് മന്ദര്‍ വെട്ടിലായി.
കോടതിക്കെതിരെ അവമതിപ്പുണ്ടാക്കിയെന്നും അക്രമത്തിന് പ്രോത്സാഹിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയ പോലീസ്, കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചില്ല.
പ്രകോപനപരമായ പ്രസംഗത്തിന്റെ പുതിയ ഒരു വീഡിയോ കൂടി പുറത്തുവന്നിട്ടുണ്ടെന്ന് ദല്‍ഹി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയാണെന്നും ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആരോപിച്ചു. വിഷയം ഏപ്രില്‍ 15ന് വീണ്ടും പരിഗണിക്കും.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ദല്‍ഹി ഹൈക്കോടതി ഈ മാസം 12ലേക്ക് മാറ്റി. നേരത്തെ ഏപ്രില്‍ 13ന് ഹര്‍ജികള്‍ പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഉടന്‍ കേള്‍ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രസംഗം, പോലീസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം, ഇരകള്‍ക്കുള്ള സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ഹര്‍ജികള്‍.
ഇതില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ബുധനാഴ്ച വരെ സംസ്‌കരിക്കരുതെന്നും പോലീസിന് നിര്‍ദേശം നല്‍കി. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കണം. പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കണം. കണാതായവരെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണം, ഹൈക്കോടതി ആവശ്യപ്പെട്ടു.
















