ന്യൂദല്‍ഹി : പൗരത്വ നിയമത്തിനെതിരെയുള്ള കലാപത്തിനിടെ ദല്‍ഹി പോലീസിനു നേരെ തോക്ക് ചൂണ്ടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാരുഖിന്റെ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തി. അന്വേഷണത്തോടനുബന്ധിച്ച് നടത്തിയ തെരച്ചിലിനിടെയാണ് തോക്ക് കണ്ടെടുത്തത്.
ഫെബ്രുവരി 24 ന് വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ജാഫറാബാദില്‍ കലാപത്തിനിടെയാണ് ഷാരുഖ് സംസ്ഥാന പോലീസിനും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ക്കും നേരെ തോക്ക് ചൂണ്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ദൃശ്യങ്ങളും വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ഷാരൂഖ് സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയുടെ നെറ്റിയില്‍ തോക്കിന്റെ ബാരല്‍ അമര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. സ്ഥലം വിട്ടോ, അല്ലെങ്കില്‍ നിന്നേയും ചുട്ട് കളയും എന്നായിരുന്നു ദീപക്കിന്റെ നേരെ ഭീഷണി മുഴക്കിയത്.
തുടര്‍ന്ന് ജനക്കൂട്ടത്തെ ലക്ഷ്യമാക്കി എട്ടു റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഷാരുഖിന് വേണ്ടി അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവിലായിരുന്നു. പിന്നീട് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്ന് ദല്‍ഹി ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.
കൊലപാതകശ്രമം കുറ്റം ചുമത്തിയാണ് ഷാരുഖിനെതിരെ കേസെടുത്തിരിക്കുന്നത്. തോക്ക് ലഭിച്ചത് സംബന്ധിച്ചും ദല്‍ഹി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: