കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി അഞ്ചുപേര്‍ അറസ്റ്റില്‍. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്. ഇവരില്‍നിന്ന് 1.75 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
സംഭവത്തില്‍ മലപ്പുറം സ്വദേശി കെ.കെ. രാജേഷ്, കാസര്‍കോട് സ്വദേശികളായ മുഹമ്മദ് സിറാജ്, അബ്ദുള്ള ആരിഫ്, മുഹമ്മദ് ഹുസൈന്, അബൂബക്കര്‍ സിദ്ധിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. ശരീരത്തിലും കാര്ട്ടന് പെട്ടി, കളിപ്പാട്ടം എന്നിവയ്ക്കുള്ളിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ഡോ. രാജി, ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, എം. പ്രകാശ്, ഇന്‍സ്പെക്ടര്‍മാരായ പ്രമോദ് കുമാര്‍, സന്ദീപ് ബിസ്ല, മിനിമോള്‍, പ്രണയകുമാര്, ഹവില്‍ദാര്‍ പി.എം. ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതിനിടെ, സ്വര്‍ണം ആവശ്യപ്പെട്ട് വീണ്ടും യാത്രക്കാരനെ ഒരുസംഘം തട്ടികൊണ്ടുപോയതായി പരാതി. മാര്‍ച്ച് മൂന്നിന് കരിപ്പൂരില്‍ വിമാനമിറങ്ങിയ കോഴിക്കോട് കുറ്റിയാടി സ്വദേശിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മാര്‍ച്ച് മൂന്നിന് ദുബായില്‍ നിന്ന് വന്ന തന്നെ മൂന്നംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നുവെന്നും പിറ്റേന്നാണ് വിട്ടയച്ചതെന്നും യാത്രക്കാരന് പരാതിപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സ്വര്‍ണക്കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരുന്ന സംഘങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സജീവമാകുകയാണ്. തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ശേഷം വിജനമായ സ്ഥലത്ത് മര്‍ദിച്ച് അവശരാക്കി ഉപേക്ഷിക്കുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി. ചിലരെ പ്രകൃതിവിരുദ്ധപീഡനത്തിന് വരെ ഗുണ്ടാസംഘങ്ങള്‍ ഇരയാക്കിയ വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. മാനഹാനി ഭയന്ന് പലരും പുറത്തുപറയാന്‍ തയാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം കരിപ്പൂരിലിറങ്ങിയ രണ്ട് കാസര്‍കോട് സ്വദേശികളെ ആളുമാറി തട്ടികൊണ്ടുപോയി മര്‍ദിച്ചതാണ് ഒടുവിലത്തെ കേസ്. ഇതില്‍ കൊണ്ടോട്ടി പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുറ്റിയാടി സ്വദേശിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: