തൃശൂർ: ഒളരിയിലും പീച്ചിയിലും ആന ഇടഞ്ഞത് പരിഭാന്തി പരത്തി. ഒളരിക്കര കാളിദാസൻ, ഊട്ടോളി അനന്തൻ എന്നീ ആനകളാണ് ഇടഞ്ഞത്. മദപ്പാടുള്ള ഒളരിക്കര കാളിദാസൻ എന്ന ആനയാണ് ക്ഷേത്രത്തിൽ കൊണ്ടുവന്നപ്പോള്‍ ഇടഞ്ഞത്. ക്ഷേത്രപറമ്പിലെ മരം ആന പിഴുതിട്ടു. ആനപ്പുറത്തിരുന്ന പാപ്പാന്‍ ചാടി രക്ഷപ്പെട്ടു.
ആറ് മാസമായി ഒളരിക്കര കാളിദാസൻ മദപ്പാടിൽ കഴിയുകയായിരുന്നു. പാപ്പാന്മാർ ആനയെ തളക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് എലിഫന്‍റ് സ്ക്വാഡ് എത്തി ക്യാച്ചര്‍ ബെല്‍റ്റിട്ടാണ് ആനയെ തളച്ചത്. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. തൃശുർ-വാടാനപ്പിള്ളി സ്റ്റേറ്റ് ഹൈവേയും ജനവാസ മേഖലയും തൊട്ടടുത്തായതിനാൽ ആന പുറത്തേയ്‌ക്ക് ഇടഞ്ഞോടിയാൽ അപകടം ഉണ്ടായേക്കുമെന്ന കരുതലിൽ ക്ഷേത്ര പറമ്പിൽ തന്നെ ആളുകൾ വലയം തീർത്ത് ആനയെ ശാന്തനാക്കാൻ ഏറെ നേരം ശ്രമം നടത്തി.
ഒളരി ക്ഷേത്രം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാളിദാസൻ. പീച്ചി ചുണ്ടത്തിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ട് വന്ന ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. പിന്നീട് ആനയെ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: