കോട്ടയം: അന്തേവാസികളുടെ മരണത്തെത്തുടര്‍ന്ന് ചങ്ങനാശ്ശേരി കോട്ടമുറി പുതുജീവന്‍ ട്രസ്റ്റ് ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തിയ എഡിഎം അനില്‍ ഉമ്മന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സ്ഥാപനത്തിന് നല്‍കിയിരുന്ന ലൈസന്‍സ് 2019 ഫെബ്രുവരി 23ന് റദ്ദാക്കിയിരുന്നെന്നും നിയമപ്രകാരമുള്ള അനുമതികള്കൂടാതെ നിര്‍മിച്ച കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അംഗീകാരം പിന്‍വലിച്ചിരുന്നുവെങ്കിലും സ്ഥാപനം പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. അപേക്ഷ പത്തു ദിവസത്തിനുള്ളില്‍ നിരാകരിച്ചിട്ടില്ലാത്തതിനാല് സാങ്കേതികമായി സ്ഥാപനത്തിന് തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വിലക്കില്ലെന്നാണ് പറയുന്നത്.
സ്ഥാപനവുമായും അന്തേവാസികളുമായും ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും മതിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം തേടുമെന്ന് കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ആശുപത്രി മാനേജ്മെന്റ്, അവിടുത്തെ ഡോക്ടര്‍മാര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ വിശദീകരണം ലഭിച്ചശേഷം നിലവിലുള്ള അന്തേവാസികളുടെ പുനരധിവാസംകൂടി പരിഗണിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. 2013 മുതല്‍ 2019 വരെ ആശുപത്രിയില്‍ 33 പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പറയപ്പെടുന്നു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. അടുത്തയിടെ അന്തേവാസികള്‍ മരിച്ചതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നടന്നുവരികയാണ്. മരണകാരണം കണ്ടെത്തുന്നതിനായി സാമ്പിളുകളുടെ വിശദ പരിശോധന നടക്കുന്നുണ്ടെങ്കിലും ഫലം ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: