ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ വധിച്ചത് ആസൂത്രിതമായി തന്നെയെന്ന് സൂചന ലഭിച്ചതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍. കേസിലെ പ്രതിയും ആപ്പ് കൗണ്‍സിലറുമായ താഹിര്‍ ഹുസൈനും മറ്റു ചിലരും കലാപസമയം നോക്കി അദ്ദേഹത്തെ വകവരുത്തുകയായിരുന്നുവെന്നും ഇത് ഐബിക്കുള്ള മുന്നറിയിപ്പാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. താഹിറിന്റെയടക്കം ബംഗ്ലാദേശി കോളനിയിലെ പലരുടെയും ബംഗ്ലാ ബന്ധം അങ്കിത് അന്വേഷിക്കുന്നുണ്ടായിരുന്നു. പലര്‍ക്കും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും ഐബി കണ്ടെത്തിയിരുന്നു. ഇതാകാം കൊലയ്‌ക്ക് കാരണം. കലാപ സമയത്തെ പ്രകോപനം കൊണ്ടുണ്ടായതല്ല കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചോടെയാണ് അങ്കിത് ഓഫീസില്‍ നിന്ന് മടങ്ങിയത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തേക്ക് പോയി. അങ്കിതും കൂട്ടുകാരും ഒരു കലുങ്കിന്റെ സമീപത്തു നല്‍ക്കുമ്പോഴാണ് മറുവശത്തു നിന്ന് കല്ലേറ് തുടങ്ങിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അങ്കിത് കല്ലില്‍ തട്ടി വീണു. ഈ സമയത്ത് ഓടിയടുത്ത കലാപകാരികള്‍ അങ്കിതിനെ ബലമായി പിടികൂടി. മറ്റാരെയും അവര്‍ തൊട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ ഐബി ഉദ്യോഗസ്ഥരോട് പറഞ്ഞു. അവര്‍ അങ്കിതിനെ പിടിച്ചുകൊണ്ടുപോയി. താഹിര്‍ ഒരുക്കിയ ഏതോ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് സൂചന. അവിടെ വച്ചാണ് നാനൂറിലേറെ തവണ കുത്തി അങ്കിതിനെ പൈശാചികമായി കൊന്നത്. പിന്നെ മൃതദേഹം വലിച്ചിഴച്ച് ഓടയില്‍ താഴ്‌ത്തി. തെളിവുകളും ദൃക്‌സാക്ഷി മൊഴികളും സംഭവങ്ങളുടെ തുടര്‍ച്ചയും വിശദമായി പരിശോധിച്ച ഐബി ഉദ്യോഗസ്ഥര്‍ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. കൊലയാളികള്‍ ഒരു മുന്നറിയിപ്പ് നല്‍കിയതാകും. നാം കാണുന്നതിനും അപ്പുറത്തുള്ള ഒരു സന്ദേശം. ശരീരത്തില്‍ വളരെ ആഴത്തിലുള്ള 54 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികാരം ചെയ്തതാണെന്ന് ദേഹത്തെ പരിക്കുകളില്‍ നിന്ന് വ്യക്തം. ആള്‍ക്കൂട്ടം ഇങ്ങനെ ആരെയും കൊല്ലാറില്ല, ഐബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അങ്കിതിനെ വലിച്ചിഴച്ചുകൊണ്ടുപോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ മേഖലയിലെ ബംഗ്ലാ ക്രിമിനലുകളും നിരീക്ഷണത്തിലാണ്.















