ടെഹ്റാന്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും വ്യാപനം തടയാന്‍ കഴിയാതെ ലോകം. കൊറോണ ഭയന്ന് ഏഷ്യയിലെ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. വിവിധ രാജ്യങ്ങളിലെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ മൂന്ന് കോടി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി.
ചൈനയില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമായിത്തുടങ്ങിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ ദിവസങ്ങള്‍ കഴിയും തോറും രോഗ ബാധ വര്‍ധിച്ചു വരികയാണ്. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ് ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കി. ദക്ഷിണ കൊറിയയില്‍ രോഗികളുടെ എണ്ണം 6,000 കടന്നു. 40 പേര് മരിച്ചു. കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ദ. കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് ദുഃഖമറിയിച്ച് കത്തയച്ചു.
ഇറ്റലിയില്‍ 3,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 107 പേര് മരിച്ചു. 2,922 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ച ഇറാനില്‍ 92 പേര് മരിച്ചു.
പൗരന്മാരോട് രാജ്യം വിട്ട് പുറത്ത് പോകരുതെന്ന് യുഎഇ ആവശ്യപ്പെട്ടു. മലയാളിയടക്കം 27 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യത്തെയും സ്പെയിനില്‍ രണ്ടാമത്തെയും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. പോളണ്ട്, ബോസ്നിയ എന്നീ രാജ്യങ്ങളില്‍ അമേരിക്കയില്‍ മരണസംഖ്യ 11 ആയെന്നും 150 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഇറാഖില്‍ രണ്ട് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇറാനും കുവൈറ്റുമായുള്ള എല്ലാ വ്യാപാരങ്ങളും ഒരാഴ്ചത്തേക്ക് നിര്‍ത്തി വച്ചു. യാത്രാ വിലക്കുകള്‍ വിമാനസര്‍വീസുകളില്‍ നഷ്ടമുണ്ടാക്കിത്തുടങ്ങിയതോടെ 150 വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കാന്‍ ജര്‍മന്‍ എയര്‍ലൈനായ ലുഫ്താന്‍സ തീരുമാനിച്ചു.
അതേസമയം, ഈ വര്‍ഷം നടക്കേണ്ട ടോക്കിയോ ഒളിംപിക്സ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: