ഒരു കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടത് എന്ന് നമ്മള്‍ കൊട്ടിഗ്‌ഘോഷിച്ചെങ്കില്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ടായിരിക്കുന്നു. ഇന്ന് ഏറ്റവും മോശപ്പെട്ട വിദ്യാഭ്യാസം കേരളത്തിലേതായി മാറി കേരളത്തില്‍ ഏറ്റവും ലാഭകരമായി നടക്കുന്ന വ്യവസായമേതെന്നു ചോദിച്ചാല്‍ ‘വിദ്യാഭ്യാസ’മെന്നാണ് അതനുഭവിച്ചിട്ടുള്ളവര്‍ പറയുക. എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്നത് പതിനായിരത്തിലധികം അനധികൃത സ്‌കൂളുകളാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളും സിബിഎസ്ഇ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും ഇക്കൂട്ടത്തില്‍പ്പെടും. അത്തരമൊരു സ്‌കൂളിലെ കുട്ടികളാണ് കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയെഴുതാനാകാതെ, ഭാവിയെന്തന്നറിയാതെ പകച്ചു നിന്നത്. ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലോടെയാണ് അവര്‍ക്ക് പരീക്ഷയെഴുതാനായത്. അംഗീകാരമില്ലാത്ത സ്‌കൂളില്‍ പഠിച്ചതിനാലാണ് തോപ്പുംപടി അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാനാകാതെ വന്നത്. സിബിഎസ്ഇയുടെ അംഗീകാരമില്ലാതെ കുട്ടികളെ പ്രവേശിപ്പിച്ച് സ്‌കൂള്‍ നടത്തുകയായിരുന്നു ഇവിടെ. മുന്തിയ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത്, ഉയര്‍ന്ന ഫീസ് വാങ്ങിയാണ് സ്‌കൂള്‍ നടത്തിയിരുന്നത്. പരീക്ഷയെഴുതാന്‍ ചെന്നപ്പോഴാണ് കുട്ടികളും രക്ഷിതാക്കളുമറിയുന്നത് ഈ സ്‌കൂളിന് അംഗീകാരമില്ലെന്ന്.
കമ്പോളത്തില്‍ ലഭിക്കുന്ന വസ്തുക്കളും സേവനങ്ങളും പോലെ കാശു കൊടുത്തു വാങ്ങാവുന്നതും കാശുള്ളവര്‍ക്ക് മാത്രം വാങ്ങാവുന്നതുമായ ഒരു ചരക്കായി വിദ്യാഭ്യാസവും മാറുന്ന കാലത്താണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ലാഭമോഹത്തോടെ പണം മുടക്കി വിദ്യാലയങ്ങള്‍ നടത്തുന്നു. കുറച്ചു പണവും ഭൂമിയുമുണ്ടെങ്കില്‍, ഒരു പെട്രോള്‍ പമ്പ് പോലെ, സൂപ്പര്‍മാര്‍ക്കറ്റ് പോലെ ആര്‍ക്കും തുടങ്ങാവുന്ന ഒന്നായി സ്‌കൂളുകളും മാറി. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്ക് യഥേഷ്ടം കയറിയിറങ്ങാന്‍ വാതില്‍ തുറന്നിട്ടതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ‘കച്ചവട’ പ്രവണതയും താല്പര്യങ്ങളും തഴച്ചുവളര്‍ന്നിരിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖല വളരെ സമ്പന്നമാണെന്നാണ് നമ്മള്‍ പൊതുവെ വീമ്പുപറയാറുള്ളത്. കേരള മോഡല്‍ വികസന സൂത്രമെന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്നതില്‍ വിദ്യാഭ്യാസ വികസനവും ഉണ്ട്. എന്നാല്‍ നിലവാരം കുറഞ്ഞ സ്‌കൂളുകളും യോഗ്യതയില്ലാത്ത അധ്യാപകരും ചേര്‍ന്ന് പഠനശേഷിയില്ലാത്ത വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നതായി മാറി നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരം. അത്രത്തോളം കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു ആ മേഖല. എല്ലാ മേഖലയിലും കച്ചവടവത്കരണം നടക്കുന്ന ഇക്കാലത്ത് വിദ്യാഭ്യാസ രംഗത്തും എന്തുകൊണ്ട് അതായിക്കൂടാ എന്ന് ചോദിക്കുന്നവരുണ്ട്. കൂടുതല്‍ വികസനം സാധ്യമാക്കാന്‍ അത് ഉതകില്ലേ എന്നാണവരുടെ സംശയം. എന്നാല്‍ അത്തരം വികസനമാതൃക സ്വീകരിക്കുന്നതിലൂടെ ചൂഷണം എന്ന മറ്റൊരു പദം കൂടി കടന്നുവരുമെന്നത് തിരിച്ചറിയണം. അമിതസൗകര്യങ്ങളുടെയും ആഡംബരത്തിന്റെയും പേരില്‍ ഫീസിനത്തിലും സംഭാവനയായും മറ്റും ലക്ഷങ്ങളാണ് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളില്‍ നിന്ന് കൈപ്പറ്റുന്നത്. ഒടുവില്‍ പരീക്ഷയെഴുതാനെത്തുമ്പോഴാണ് തോപ്പുംപടി അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്ക് സംഭവിച്ചത് ആവര്‍ത്തിക്കുന്നത്.
ഇത്തരത്തില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ചട്ടവിരുദ്ധമായി കുട്ടികളെ പ്രവേശിപ്പിച്ച് പരീക്ഷയുടെ വക്കോളമെത്തിക്കുന്നത്, എന്തുവന്നാലും പരീക്ഷയെഴുതാന്‍ കഴിയുമെന്ന വിശ്വാസമുള്ളതിനാലാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള മറ്റ് സ്‌കൂളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിക്കുന്ന രീതിയാണ് തുടര്‍ന്നുവരുന്നത്. സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്യുന്നു. തോപ്പുംപടിയിലെ സ്‌കൂളില്‍ ഇതും നടക്കാതെ വന്നതോടെയാണ് കുട്ടികള്‍ വെട്ടിലായത്. വിദ്യാഭ്യാസമാണ് വ്യക്തിത്വവികസനത്തിനും
സാമൂഹിക ഉയര്‍ച്ചയ്‌ക്കും ആധാരമായ അറിവുകളും കഴിവുകളും നല്‍കുന്നത് എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ വിശ്വാസം. അതനുസരിച്ചാണ് എവിടെയും കാര്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നത്. എല്ലാ മേഖലകളിലും കമ്പോള വത്കരണം നടപ്പിലാക്കിയിട്ടുള്ള രാജ്യങ്ങളില്‍ പോലും അതിനാല്‍ വിദ്യാഭ്യാസമേഖലയില്‍ അടിമുടിയുള്ള കച്ചവടവല്‍ക്കരണം നടപ്പിലായിട്ടില്ല. തൃപ്തികരവും സത്യസന്ധവുമായ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാനുള്ള ബാധ്യത അതിനാല്‍ അത്തരം ഇടങ്ങളിലും സംരക്ഷിക്കപ്പെടുന്നു.
ഇന്ത്യ ഉദാരീകരണത്തിന്റെ പിറകെ സഞ്ചരിച്ചതുമുതലാണ് വിദ്യാഭ്യാസവും മറ്റേത് ‘ചരക്കിനെയും’ പോലെ കമ്പോളമുതലായത്. സ്വകാര്യവല്‍ക്കരണത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് പുത്തനായ ഒരു സാമ്പത്തിക യുഗത്തിലേക്ക് ഇന്ത്യ പ്രവേശിച്ചു. അതുവരെ വിദ്യാഭ്യാസം അവശ്യഘടകവും ‘സ്റ്റേറ്റിന്റെ’ കടമയും ഉത്തരവാദിത്വവുമായിരുന്നു. സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതില്‍ പങ്കാളിത്തമാകാമെങ്കിലും നിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നുമാറി, സ്റ്റേറ്റിന് യാതൊരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും എപ്പോഴും എങ്ങനെയും എടുത്തുപയോഗിക്കാവുന്ന, എവിടെയും തുടങ്ങാവുന്ന ഒന്നായി വിദ്യാഭ്യാസത്തെയും വിദ്യാലയങ്ങളെയും മാറ്റി. പണമുള്ള വ്യക്തികളും കമ്പനികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മുതല്‍ നിക്ഷേപങ്ങള്‍ തുടങ്ങിയത് അങ്ങനെയാണ്. മെച്ചപ്പെട്ട നിക്ഷേപമായി സ്വര്‍ണ്ണത്തെയും ഭൂമിയെയും കണ്ടവര്‍ ആ പട്ടികയിലേക്ക് വിദ്യാഭ്യാസത്തെ കൂടി പ്രതിഷ്ഠിച്ചു. ഇതുണ്ടാക്കിയ ദുരന്തമാണ് ഇപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന പേരില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
പൊതുവിദ്യാഭ്യാസം നടത്തിക്കൊണ്ടുപോകാന്‍ പൊതുഖജനാവിനെ മാത്രം ആശ്രയിച്ച് കഴിയില്ലെന്നും കോര്‍പ്പറേറ്റുകളെയും സ്വകാര്യസംരംഭകരെയും പ്രോത്സാഹിപ്പിക്കുമെന്നും ആദ്യം പ്രഖ്യാപിച്ചത് കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരീകരണത്തിന്റെ ചുവടുപിടിച്ചായിരുന്നു അത്. ഇതിന്റെ ആദ്യപടിയായാണ് സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കീമില്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ എന്‍ഒസി നല്‍കിയത്. കേരളത്തില്‍ അന്ന് വിദ്യാഭ്യാസവകുപ്പ് ഭരിച്ചത് കോണ്‍ഗ്രസ്സിന്റെ ഘടക കക്ഷിയായ മുസ്ലീം ലീഗായിരുന്നു എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം, തൊട്ടടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന പരസ്യം ഏറെ ഗൗരവത്തോടെ അന്ന് ചര്‍ച്ച ചെയ്തിരുന്നില്ല. അപകടം ചൂണ്ടിക്കാട്ടിയവരെ വികസന വിരുദ്ധരെന്ന് ആക്ഷേപിച്ചു. ഒരു സ്വകാര്യ സ്ഥാപനം സംസ്ഥാനത്തെ 34 കേന്ദ്രങ്ങളില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങാന്‍ ഭൂ ഉടമകളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യമായിരുന്നു അത്. സാധാരണഗതിയില്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങാനാണ് ഈ വിധമുള്ള പരസ്യങ്ങള്‍ നല്‍കുന്നത്. അന്ന് സ്‌കൂളുകള്‍ തുടങ്ങിയവരെല്ലാം പെട്രോള്‍ പമ്പ് തുടങ്ങിയാല്‍ കിട്ടുന്നതിലും അധികം ലാഭമുണ്ടാക്കുകയും ചെയ്തു. വിദ്യാഭ്യാസത്തെ മറ്റേതൊരു ചരക്കിനെയും പോലെ ഒരു ചരക്കാക്കി മാറ്റാന്‍ കച്ചവട ശക്തികള്‍ എന്നും ശ്രമിച്ചുപോന്നിരുന്നു. അതവര്‍ ഇന്നും ആവര്‍ത്തിക്കുന്നു.
ഒരു കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടത് എന്ന് നമ്മള്‍ കൊട്ടിഗ്‌ഘോഷിച്ചെങ്കില്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ടായിരിക്കുന്നു. ഇന്ന് ഏറ്റവും മോശപ്പെട്ട വിദ്യാഭ്യാസം കേരളത്തിലേതായി മാറി. വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതായി എന്നതുമാത്രമല്ല, നാം നേരിടുന്ന ദുരന്തം. പണമില്ലാത്തവന് പഠിക്കാനാകില്ലെന്നതു കൂടിയാണ്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കാനാകുന്നവര്‍ക്കു മാത്രം ഡോക്ടറാകുവാന്‍ കഴിയുമ്പോള്‍, കഴിവുള്ളവര്‍ പിന്തള്ളപ്പെടുന്നു എന്നതിനൊപ്പം, കഴിവില്ലാത്തവര്‍ ഡോക്ടറായി എത്തുന്നു എന്ന ഭീതിദമായ അവസ്ഥ കൂടി കാണാതെ പോകാനാകില്ല.
കോടതികളെ ധിക്കരിച്ചും നിലവിലുള്ള നിയമങ്ങളെ കാറ്റില്‍ പറത്തിയുമാണ് കേരളത്തിലുള്ള ഭൂരിഭാഗം അണ്‍ എയ്ഡഡ് സ്‌കൂളുകളുകളും സിബിഎസ്ഇ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സഹായമില്ലാതെ വ്യാവസായികമായി നടത്തുന്ന ഇത്തരം സ്‌കൂളുകള്‍ കൂടുതലും ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ അധീനതയിലാണ്. കുട്ടികളെ നല്ല നിലവാരമുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നുള്ള മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ മുതലെടുത്താണ് കേരളത്തിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് മാതൃകയില്‍ നടത്തി വരുന്ന ഇത്തരം സ്ഥാപനങ്ങള്‍ സേവനത്തിനുപരി ലാഭം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നു. ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയമാണ് കരസ്ഥമാക്കുന്നത്. എന്നാല്‍ പ്രായോഗികതലത്തിലെത്തുമ്പോള്‍ ഇവര്‍ ഒന്നുമറിയാത്തവരായി മാറുന്നു. മികച്ച വിജയം കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്ന സംശയമാണിതിലൂടെ ഉണ്ടാകുന്നത്.
നമ്മുടെ നാട്ടില്‍ തട്ടുകട തുടങ്ങാന്‍ പോലും നിയമപ്രകാരം ലൈസന്‍സ് വേണം. സ്‌കൂളുകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സ്‌കൂള്‍ തുടങ്ങണമെങ്കില്‍ വിദഗ്ധരും പരിചയസമ്പന്നരുമായവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച നിയമാവലി അനുസരിക്കുകയും നിഷ്‌കര്‍ഷിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. എന്നാല്‍ നിമയം പാലിക്കാത്ത തട്ടുകടകള്‍ പൂട്ടിക്കാന്‍ നമ്മുടെ നാട്ടില്‍ അധികാരികള്‍ വ്യഗ്രത കാട്ടും. നിമയപരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആ സമീപനമില്ല. അവരെ യഥേഷ്ടം വിഹരിക്കാന്‍ അനുവദിക്കുന്നു. വിദ്യാഭ്യാസത്തിന്റെ നിലവാരം കുത്തനെ താഴേക്ക് പോയതും ‘തോപ്പുംപടി അരൂജാസ് സ്‌കൂളുകള്‍’ ആവര്‍ത്തിക്കുന്നതും അതിനാലാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥി സംഘടനകളും ഈ ദുരന്തം ഇനിയും തിരിച്ചറിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക