അവതരിച്ച ഉടനെ അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കിയ മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ് കൂര്‍മം, വരാഹം, നരസിംഹം, വാമനന്, മോഹിനി ഇത്യാദികള്‍. എന്നാല്‍ മല്‍സ്യാവതാരം അവതാര ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എടുത്ത സമയം വളരെ നീണ്ടതാണ്. അവതാര ഉദ്ദേശ്യം പൂര്ണമാക്കാന് ഒരു വികല്പസമയമാണെടുത്തത്.
ബ്രഹ്മദേവന്റെ ഒരു പകലാണ് വികല്പം എന്നറിയപ്പെടുന്നത്. ബ്രഹ്മാവിന്റെ ഒരായുഷ്ക്കാലം കല്പവും. ബ്രഹ്മാവിന്റെ ഒരു ദിവസത്തില്‍ ഒരു വികല്പവും ഒരു പ്രളയവും ഉള്‍പ്പെടുന്നു. ഒരു വികല്പത്തില് പതിനാല് മന്വന്തരങ്ങള്‍. ഒരു മന്വന്തരത്തില്‍ ഏഴു ചതുര്യുഗങ്ങള്. 43 ലക്ഷം വര്‍ഷങ്ങള്‍ ചേര്‍ന്നതാണ് ഒരു മന്വന്തരം. (43,20,000. വിവിധ പുരാണങ്ങളിലെ മാനദണ്ഡങ്ങളില്‍ ചെറിയ വ്യത്യാസം കാണുന്നുണ്ട്). ബ്രഹ്മാവിന്റെ പ്രളയകാലമെന്നത് ബ്രഹ്മാവ് ഉറങ്ങുന്ന സമയമാണ്. പ്രകര്‍ഷേണ (നിദ്രയില്‍ ലയിക്കുന്ന)കാലം.
ഇങ്ങനെ ഒരു പ്രളയത്തിനു മുന്‍പായിരുന്നു ഭഗവാന് വിഷ്ണുവിന്റെ മല്‍സ്യാവതാരം. വാമനമൂര്‍ത്തിയെപ്പോലെ ചെറിയ രൂപത്തില്‍ അവതരിച്ച് ദിവസങ്ങള്‍ കൊണ്ട് വളര്‍ന്ന് ഒരു വന്‍കരയേക്കാള്‍ വലുപ്പത്തില്‍ എത്തിയത്. മുന്‍പത്തെ കല്പാന്തത്തില് ബ്രഹ്മാവിന്റെ നൈമിത്തിക പ്രളയത്താല്‍ തമസ് ഉദ്ഭൂതമാകുന്നതിന് മുന്‍പ് ഭഗവാന്റെ മല്‍സ്യാവതാരം സംഭവിച്ചു.
ബ്രഹ്മാവ് നിദ്രയിലാണ്ടിട്ടില്ല. അതിനു മുമ്പു തന്നെ ബോധതലത്തില്‍ ഇരുട്ടു ബാധിച്ചു തുടങ്ങി. വേദങ്ങള്‍ ഓര്‍മയില്‍ തെളിയാതായി. ഹയഗ്രീവാസുരന്‍ വേദങ്ങള്‍ തട്ടിയെടുത്ത് സമുദ്രാന്തര്‍ഭാഗത്തേക്ക് അപ്രത്യക്ഷനായി.
ജ്ഞാത്വാ തദ്ദാനവേന്ദ്രസ്യ
ഹയഗ്രീവസ്യ ചേഷ്ടിതം
ദധാര ശഫരീരൂപം
ഭഗവാന് ഹരിരീശ്വര
ഹയഗ്രീവാസുരന്‍ വേദങ്ങള്‍ കവര്‍ന്നെടുത്ത് മറഞ്ഞ ചേഷ്ടകളറിഞ്ഞ് ഭഗവാന് ശ്രീഹരി ഒരു ശരഭ മത്സ്യത്തിന്റെ രൂപത്തില്‍ അവതരിച്ചു. ഹയഗ്രീവനില്‍ നിന്ന് വേദങ്ങള്‍ വീണ്ടെടുത്ത് ലോകോപകാരത്തിനായി പ്രയോജനപ്പെടുത്തി.
മല്‍സ്യാവതാരത്തിന്റെ പ്രധാനലക്ഷ്യത്തോടെയുത്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സത്യവ്രതനെന്നു കേള്‍വികേട്ട ശ്രാദ്ധദേവനു മുന്നിലാണ് ഭഗവാന് തന്റെ ലീലകളുമായി പ്രത്യക്ഷപ്പെട്ടത്. ദ്രാവിഡ ദേശത്തിലെ ഒരു നദിയിലാണ് മല്‍സ്യമൂര്‍ത്തി ആദ്യം പ്രകടമായത്.
ഏകദാ കൃതമാലായാം
കുര്‍വതോ ജലതര്‍പ്പണം
തസ്യാഞ്ജല്ലുദകേ
കാചിച്ഛഫര്യേകാഭ്യപദ്യത
കൃതമാലാനദിയില്‍ അതായത് സത്യവ്രതമഹാരാജാവ് കുളിച്ച് ജലതര്‍പ്പണം ചെയ്തു കൊണ്ടിരിക്കവേയാണ് അദ്ദേഹത്തിന്റെ കൈപ്പത്തിക്കുള്ളിലായി ഒരു ചെറു മല്‍സ്യത്തെ കാണപ്പെട്ടത്. ഘൃതം എന്നാല്‍ നെയ്യ്. ദ്രാവിഡഭാഷാ പ്രകൃതത്തില്‍ ‘ഘ’ എന്നത് ‘ക’എന്നാവാം. അതാണ് കൃതമാലാനദിയായത്. അതായത് കേരളാ, തമിഴ്നാട് അതിര്‍ത്തിയിലെ നെയ്യാറിലാണ് ഈ അവതാരത്തിനാധാരമായ സംഭവം നടന്നത്.
നദിയില്‍ നിന്ന് കൈക്കുമ്പിളില്‍ വെള്ളമെടുത്തപ്പോള്‍ കൈയില്‍ പെട്ട ആ ചെറുമല്‍സ്യത്തെ നദിയില്‍ തന്നെ തിരിച്ചുപേക്ഷിക്കാന്, സത്യവ്രതന് ഒരുങ്ങി. പെട്ടെന്ന് ആ മല്‍സ്യം മനുഷ്യരുടെ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി,
യദാഭ്യോ ജ്ഞാതിഘാതിഭ്യോ
ദീനാം മാം ദീനവല്സല
കഥം വിസൃജസേരാജന്
ഭീതാമസ്മിന്‍ സരിജ്ജലേ
ഹേ, ദീനവത്സലാ, ദീനനായ എന്നെ അങ്ങ് ഇവിടെ ഉപേക്ഷിക്കുകയാണോ. ഈ സരിത് ജലത്തില്‍ വലിയ ജലജന്തുക്കളുണ്ട്. അവയെ ഭയപ്പെട്ടാണ് ഞാനിവിടെ കഴിഞ്ഞത്. അങ്ങ് എന്നെ ഇവിടെ ഉപേക്ഷിച്ചാല്‍ ഈ വന്‍മല്‍സ്യങ്ങള്‍ എന്നെ പിടിച്ചു തിന്നും. മഹാകാരുണികനായ അങ്ങ് എന്നെ ഇവരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കരുതേ.
ദൈന്യതയാര്‍ന്ന സ്വരത്തില്‍ ആ ചെറുമല്‍സ്യം ഇങ്ങനെ ആവശ്യപ്പെട്ടപ്പോള്‍ ദീനദയാലുവായ രാജാവിന് അതിനെ ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല. തന്റെ കമണ്ഡലുവില്‍ ആ മല്‍സ്യത്തെ ഇട്ട് ആ രാജര്‍ഷി അതിനെ ആശ്രമത്തിലേക്ക് കൊണ്ടുപോയി.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: