ന്യൂദല്‍ഹി: കൊവിഡ് 19നെ ഇന്ത്യക്കാര്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒയുടെ റിജിണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്റിനാണ് ഇന്ത്യക്കാര്‍ക്ക് നിലവില്‍ കൊവിഡ് 19 നെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് വിശദമാക്കിയത്.
ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ച് മടങ്ങിയെത്തിവരിലാണ് കൊറോണ വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ തന്നെയുള്ളവര്‍ക്ക് രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോ. റോഡ്രികോ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.
അടിസ്ഥാന ശുചിത്വം പാലിക്കുകയാണ് ഇന്ത്യയിലുള്ളവര്‍ക്ക് നിലവില്‍ ചെയ്യാനുള്ള മുന്‍ കരുതലെന്ന് ഡോ റോഡ്രികോ വ്യക്തമാക്കി. യുവജനതയും പ്രായമായവര്‍ക്കുമാണ് കൊറോണ വൈറസ് പടരാന്‍ സാധ്യത കൂടുതലുള്ളത്. ഈ പ്രായ പരിധിയിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോ. റോഡ്രികോ പറയുന്നു.
കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഏത് തരത്തിലാണ് വൈറസ് പടരുന്നതില്‍ ബാധിക്കുമെന്നതിനേക്കുറിച്ച് പഠിക്കുകയാണ്. പുതിയ രീതിയിലുള്ള വൈറസ് ആയതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള വിദഗ്ധരുമായി വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: