ന്യൂദല്‍ഹി: ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗമാണ് കലാപകാരണമെന്നും അവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ പൊതു പ്രവര്‍ത്തകന്‍ ഹര്‍ഷ മന്ദര്‍ സുപ്രീം കോടതിയില്‍ കുടുങ്ങി. ഹര്‍ഷയുടെ മതവെറി പ്രസംഗത്തിന്റെ വീഡിയോ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാക്കിയതോടെയാണ് പൊതു പ്രവര്‍ത്തകന്റെ മുഖംമൂടിയഴിഞ്ഞത്.
അതോടെ സുപ്രീംകോടതിയും അസ്വസ്ഥമായി. അങ്ങനെയെങ്കില്‍ ഇപ്പോള്‍ പരിഗണിക്കേണ്ടെന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുള്‍പ്പെട്ട ബെഞ്ച് ഹര്‍ഷയുടെ ഹര്‍ജി മാറ്റിവച്ചു. ഇയാളുടെ സ്വഭാവം ഇങ്ങനെയാണെങ്കില്‍, കോടതിയോടുള്ള സമീപനം ഇത്തരത്തിലാണെങ്കില്‍ ഇയാളുടെ ഹര്‍ജി പരിഗണിക്കണോയെന്നു തന്നെ ആലോചിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഹര്‍ഷ മന്ദര്‍ രാജിവച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയയാളാണ്.
ഇയാള്‍ ഡിസംബറില്‍ നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ, കോടതിയെ വെല്ലുവിളിച്ചും നിന്ദിച്ചുമുള്ള പ്രസംഗമാണ് തുഷാര്‍ മേത്ത കോടതിയില്‍ എത്തിച്ചത്. ഈ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നുവെന്ന കാര്യവും സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു. പ്രസംഗം കേട്ട കോടതി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഹര്‍ഷ മന്ദറിനോട് നിര്‍ദേശിച്ചു. ഇങ്ങനെയാണോ നിങ്ങള്‍ കോടതിയെപ്പറ്റി കരുതിയിരിക്കുന്നത്. കോടതി ചോദിച്ചു. ഇതിനെതിരെ ഹര്‍ജി നല്‍കാന്‍ സോളിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ ഹര്‍ഷയുടെ അഭിഭാഷകനോടും നിര്‍ദേശിച്ചു.
പരാതി വെള്ളിയാഴ്ച പരിഗണിക്കും
ന്യൂദല്‍ഹി: പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ച് കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍ എന്നിവരടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതികളില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ദല്‍ഹി ഹൈക്കോടതിയോട് നിര്‍ദേശിച്ചു. നേരത്തേ ഏപ്രിലില്‍ കേസു പരിഗണിക്കാനായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.
കേസ് നാലാഴ്ചത്തേക്ക് നീട്ടിവച്ച ദല്‍ഹി ഹൈക്കോടതി നടപടി ശരിയായില്ലെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പത്ത് പേര്‍ നല്‍കിയ പരാതികളാണ് ദല്‍ഹി ഹൈക്കോടതി ഈ മാസം ആറിന് പരിഗണിക്കേണ്ടത്.
ആരോപിതര്‍ക്ക് എതിരെ കേസ് എപ്പോള്‍ എടുക്കണമെന്ന കാര്യം പോലീസ് തീരുമാനിക്കട്ടേയെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം പോലീസിന്റെ തീരുമാനത്തിനു വിടുകയും അതില്‍ ഇടപെടാതിരിക്കുകയുമാണ് ഉചിതം, അദ്ദേഹം പറഞ്ഞു. കപില്‍ മിശ്രയുടെ പ്രസംഗമാണ് 47 ജീവനുകള്‍പേരുടെ ജീവനെടുത്ത കലാപത്തിന്റെ കാരണമെന്ന വാദത്തെ തുഷാര്‍ മേത്ത കോടതിയില്‍ ഖണ്ഡിച്ചു. ഒരൊറ്റ പ്രസ്താവനയാണ് കലാപകാരണമെന്ന വാദം തെറ്റാണ്. അദ്ദേഹം പറഞ്ഞു.
















