ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ ഹോളിക്ക് ശേഷം ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് തുടര്‍ന്ന് പ്രതിപക്ഷം. വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇരുസഭകളുടെയും പ്രവര്‍ത്തനം പ്രതിപക്ഷ എംപിമാര്‍ തടസ്സപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസത്തെ കൈയാങ്കളി ഇന്നലെ ഉണ്ടായില്ലെങ്കിലും രാജ്യസഭയും ലോക്‌സഭയും ബഹളത്തില്‍ മുങ്ങി.
ഉച്ചയ്‌ക്ക് 12ന് ആദ്യം നിര്‍ത്തിവച്ച ലോക്‌സഭ പിന്നീട് രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്ന പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. എന്നാല്‍, ഇത് അവഗണിച്ച് സഭ നിയന്ത്രിച്ചിരുന്ന മീനാക്ഷി ലേഖി നടപടികളുമായി മുന്നോട്ടുപോയി. ബഹളം തുടര്‍ന്നതോടെ സഭ പിരിഞ്ഞു. രാജ്യസഭ രാവിലെ 11 മണിയോടെ പിരിഞ്ഞു.
ലോക്‌സഭയില്‍ ഈ മാസം 11ന് ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹഌദ് ജോഷി പറഞ്ഞു. അടുത്ത ദിവസം രാജ്യസഭയിലും ചര്‍ച്ച ചെയ്യാം. കലാപബാധിത പ്രദേശങ്ങള്‍ പൂര്‍ണമായും പഴയ നിലയിലെത്തേണ്ടതുണ്ട്. പ്രതിപക്ഷം ചര്‍ച്ചയല്ല ആഗ്രഹിക്കുന്നത്. തടസ്സപ്പെടുത്തുകയാണ് ഉദ്ദേശ്യം. ബജറ്റുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിന് പാര്‍ലമെന്റ് പ്രവര്‍ത്തിക്കണം, അദ്ദേഹം ചൂണ്ടിക്കാട്ടി.
















