ന്യൂദല്‍ഹി : കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 951.77 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയത്. 2017 ജൂലായ് മുതല്‍ 2020 ജനുവരി വരെയുള്ള കണക്കാണിത്.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അനലിറ്റിക്സ് ആന്‍ഡ് റിസ്ക് മാനേജ്മെന്റിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.
ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതു പ്രകാരം രണ്ടര വര്‍ഷത്തിനിടിയില്‍ 70206.96 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 34591.21 കോടിയുടെ വെട്ടിപ്പ് തിരിച്ചുപിടിച്ചിട്ടുണ്ട്. ബാക്കിക്കായി നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് 16393 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 336 പേരെ അറസ്റ്റുചെയ്തെന്നും ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി വെട്ടിപ്പ് നടത്തിയതില്‍ കേരളത്തില്‍ 182 കേസുകളിലായി 951.77 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. 665.99 കോടി രൂപ തിരിച്ചുപിടിച്ചു. മൂന്നുപേരെ അറസ്റ്റു ചെയ്തു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ജിഎസ്ടി വെട്ടിപ്പ് നടന്നിട്ടുള്ളത്. 2043 കേസിലായി 17,003.47 കോടി രൂപയുടെ വെട്ടിപ്പാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,260.19 കോടി രൂപ തിരിച്ചുപിടിച്ചു. 51 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. രണ്ടാം സ്ഥാനം ദല്‍ഹിക്കാണ്. 2991 കേസിലായി 9364.62 കോടി രൂപയുടെ വെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. 4424.78 കോടി രൂപ തിരിച്ചുപിടിച്ചു. 46 പേര് അറസ്റ്റിലായി. 61 കേസുകളിലായി 7556.63 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ഗോവയാണ് മൂന്നാമത്. 87.46 കോടി രൂപ തിരിച്ചുപിടിച്ചു. എന്നാല്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം ചരക്ക്- സേവന നികുതി നടപ്പാക്കിയശേഷം നികുതിവെട്ടിപ്പ് കുറഞ്ഞതല്ലാതെ വര്‍ധിച്ചിട്ടില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അനലിറ്റിക്സ് ആന്‍ഡ് റിസ്ക് മാനേജ്മെന്റ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് എന്നിവയുടെ സഹകരണത്തോടെ നികുതിവെട്ടിപ്പ് തടയുന്നതിനായി കര്‍ശ്ശന നടപടികളാണ് കൈക്കൊള്ളുന്നതെന്നും ധനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: