ന്യൂദല്‍ഹി: ദല്‍ഹിയിലും പരിസരത്തും അടുത്തിടെയുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണവും മതവും കാട്ടി ലേഖനമെഴുതിയാല്‍ ഒരു ലക്ഷം രൂപ അമേരിക്കന്‍ മാധ്യമം പാരിതോഷികം വാഗ്ദാനം ചെയ്‌തെന്നു മലയാളി മാധ്യമപ്രവര്‍ത്തകന്‍. 2ജി സ്‌പെക്ട്രം അഴിമതി പുറംലോകത്തെ അറിയിച്ച മലയാളിയും പയനീര്‍ പത്രത്തിന്റെ മുതിര്‍ന്ന ലേഖകനുമായ ജെ. ഗോപീകൃഷ്ണനാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
1000 വാക്കുകളുള്ള ഒരു ലേഖനത്തിന് 1500 യുഎസ് ഡോളറാണ് അമേരിക്കന്‍ ദിനപത്രം പ്രതിഫലം തരാമെന്ന് അറിയിച്ചത്. ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെടുത്താനാണ് ഇത്തരമൊരു ലേഖനം അവര്‍ ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മതം കൃത്യമായി രേഖപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യവുമായി എത്തിയ അമേരിക്കന്‍ മാധ്യമത്തോട് താന്‍ നല്‍കിയ മറുപടി, നിങ്ങളുടെ പ്രസിഡന്റ് ട്രംപ് നിങ്ങളെ പ്രസ്റ്റിറ്റിയൂട്ട് (വാര്‍ത്തകളെ വളച്ചൊടിക്കുന്ന മാധ്യമം) എന്നു വിളിക്കുന്നത് ശരിയാണ് എന്നായിരുന്നു.
എല്ലാ കാര്യങ്ങളേയും നെഗറ്റീവ് ആയി കാണുന്ന കുത്തിത്തിരിപ്പ് മനസുള്ള ഇത്തരം മാധ്യമങ്ങളെ റാസ്‌കല്‍സ് എന്നു മാത്രമേ വിളിക്കാനാകൂ എന്നും ഗോപീകൃഷ്ണന്‍. 2ജി സ്‌പെക്ട്രം കേസ് സമയത്ത് 10 കോടി രൂപ വരെയായിരുന്നു തനിക്ക് പല കോര്‍പ്പറേറ്റുകളും മുന്നോട്ടു വച്ച തുകയെന്നും ഗോപീകൃഷ്ണന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.















