കൊല്ലം: ലോട്ടറി വിൽപ്പനക്കാരനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കൊട്ടാരക്കര കോട്ടാത്തല ഹരിസദനത്തിൽ തങ്കപ്പൻ പിള്ള (76) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എഴുകോൺ തൃപ്പിലഴികം കിഴക്കേമുളമൂട്ടിൽ വീട്ടിൽ തോമസ് ഫിലിപ്പിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കരയിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തോമസ് ഫിലിപ്പ്. ഞായറാഴ്ച പുലർച്ചെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ലോട്ടറി വിൽപ്പനയ്ക്കെത്തിയ തങ്കപ്പൻപിള്ള വിജയാ ബേക്കറിയ്ക്ക് സമീപം നിൽക്കുമ്പോൾ ചങ്ങനാശേരിയ്ക്ക് പോകാനായി തോമസ് ഫിലിപ്പ് അവിടെയെത്തി. ചായ കുടിക്കുന്നതിനിടെ തങ്കപ്പൻ പിള്ളയും തോമസ് ഫിലിപ്പുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ തങ്കപ്പൻപിള്ളയെ തള്ളി വീഴ്ത്തി. താഴെവീണ തങ്കപ്പൻ പിള്ളയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ബേക്കറി ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് തോമസ് ഫിലിപ്പിനെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പരിക്കേറ്റ തങ്കപ്പൻ പിള്ളയെ താലൂക്കാശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു. കൊലപാതകത്തിനാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: