ലണ്ടൻ നഗരത്തെ ഭാവ-രാഗ-താള-ലയ സാന്ദ്രമാക്കി ഏഴാമത് ശിവരാത്രി നൃത്തോത്സവത്തിനു വർണോജ്വലമായ പരിസമാപ്തി. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഏഴുവർഷമായി ലണ്ടൻ ശിവരാത്രി നൃത്തോത്സവം നടത്തിവരുന്നത്.
![](https://janmabhumi.in/wp-content/uploads/archive/2020/03/02/london 2.jpeg)
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നൂറ്റിഅൻപതോളം നർത്തകർ പങ്കെടുത്ത ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് ക്രോയ്ടോൻ ലാങ്ക് ഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിൽ തിരി തെളിഞ്ഞു. എൽഎച്ച്‌എ ചെയർമാൻ തെക്കുമുറി ഹരിദാസ് , ക്രോയ്ടോൻ കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ്, നർത്തകി ആശാ ഉണ്ണിത്താൻ, യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, അശോക് കുമാർ എന്നിവർ ഭദ്ര ദീപം തെളിയിച്ച് നൃത്തോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാനം നിർവഹിച്ചു.
![](https://janmabhumi.in/wp-content/uploads/archive/2020/03/02/london 3.jpeg)
തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താൻ, സുജാത മേനോൻ, വിവേക് എന്നിവരാണ് നൃത്തോത്സവത്തിനു നേതൃത്വം നൽകിയത്. സിനിമാ താരങ്ങളായ പദ്മശ്രീ ജയറാം, പാർവതി ജയറാം, നെടുമുടി വേണു, ലക്ഷ്മി ഗോപാലസ്വാമി, പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാരിയർ, പിന്നണി ഗായകരായ ജി വേണുഗോപാൽ, ബിജു നാരായണൻ, ക്രോയ്ടോൻ മേയർ ഹുമയൂൺ കബീർ, ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ തുടങ്ങി ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിനു നിരവധി കലാ സാംസാകാരിക രാഷ്‌ട്രീയ പ്രമുഖർ ആശംസകൾ നേർന്നു.
![](https://janmabhumi.in/wp-content/uploads/archive/2020/03/02/london 4.jpeg)
ഭാരതീയ തനിമയാർന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളർന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. മീന ഭരണി ആഘോഷങ്ങളോടനുബന്ധിച്ചു മാർച്ച് 28ന് യുകെയിൽ ആദ്യമായി വനിതാ വിഭാഗത്തിന്റെ ഭജന സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് സംഘാടകർ. സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയർമാരുടെയും സംഭാവനകൾ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിക്കുന്നതെന്ന് ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവർഷമായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: