കൊച്ചി: അറ്റുപോയ കൈകള്‍ വിജയകരമായി തുന്നിച്ചേര്‍ത്ത് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് മടങ്ങിയ അഫ്ഗാന്‍ സൈനികന്‍ അബ്ദുള്‍ റഹീം മുഹമ്മദ് ഖാന് കാര്‍ബോംബ് സ്‌ഫോടനത്തില്‍ ദാരുണാന്ത്യം.
സൈനിക സേവനത്തിനിടെ ഭീകരര്‍ സ്ഥാപിച്ച മൈന്‍ പൊട്ടിത്തെറിച്ചാണ് ഖാന്റെ രണ്ടു കൈകളും അറ്റുപോയത്. 2015 മെയ് മാസത്തില്‍ കൊച്ചി അമൃത ആശുപത്രിയില്‍ 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഖാന്റെ രണ്ടു കൈകളും വിജയകരമായി തുന്നിച്ചേര്‍ത്തിരുന്നു. അപകടത്തില്‍ മരിച്ച ജോസഫ് എന്നയാളുടെ കൈകളാണ് തുന്നിച്ചേര്‍ത്തത്. നീണ്ട വിശ്രമത്തിനുശേഷം കൈകള്‍ക്ക് ചലനശേഷിയും വീണ്ടുകിട്ടി. അമൃതയിലെ ഹെഡ് ആന്‍ഡ് നെക്ക് വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
രാഷ്‌ട്രസേവനത്തിനായി കാബൂളിലേക്ക് തിരിച്ചുപോയ ഖാന്‍ കഴിഞ്ഞ ദിവസം ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ താലിബാന്‍ ഭീകരര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.















