തിരുപ്പതി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 3300 കോടി രൂപയുടെ ബജറ്റുമായി തിരുമല തിരുപ്പതി ദേവസ്വം. 2020-21 വര്‍ഷത്തേക്കാണ് മുന്‍ വര്‍ഷത്തേക്കാള്‍ 66 കോടി രൂപ അധിക വരവ് പ്രതീക്ഷിച്ച് 3,309.89 കോടിയുടെ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 3,116.35 കോടി രൂപയുടെ വരവാണ് ദേവസ്വം പ്രതീക്ഷിച്ചത്. എന്നാല്‍ 3,243 കോടി രൂപയോളം വരവുണ്ടായി. ടിടിഡി ട്രസ്റ്റ് ചെയര്മാന് വൈ.വി. സുബ്ബ റെഡ്ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 1,351 കോടി രൂപയാണ് ഭണ്ഡാര വരവ് പ്രതീക്ഷിക്കുന്നത്. ഇത് 2019-20ല്‍ 1,313 ആയിരുന്നു. ദര്‍ശന പാസുകള്‍, പ്രസാദം തുടങ്ങിയവ വിറ്റഴിക്കുന്നതിലൂടെയുള്ള വരുമാനവും ഉയരുമെന്നാണ് ദേവസ്വം അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 330 കോടി രൂപയാണ് പ്രസാദ വില്‍പ്പനയിലൂടെ ലഭിച്ചത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 400 കോടിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. മുന്‍ വര്‍ഷത്തില്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ 233 കോടി രൂപ ലഭിച്ചു. ഇത് പുതിയ വര്‍ഷത്തില്‍ 245 കോടിയായി ഉയരുമെന്ന് കരുതുന്നു. എന്നാല്‍, പലിശയിനത്തില്‍ ലഭിക്കുന്ന തുകയില്‍ ഈ വര്‍ഷം വലിയ കുറവുണ്ടാകുമെന്ന് ദേവസ്വം ചെയര്മാന് വ്യക്തമാക്കി. മുന്‍ വര്‍ഷം 857 കോടി രൂപയാണ് സ്ഥിരനിക്ഷേപത്തിന് പലിശയായി ദേവസ്വത്തിന് ലഭിച്ചത്. ഇത് പുതിയ വര്‍ഷം 706 കോടിയായി കുറയും. ഏകദേശം 150 കോടിയുടെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. ബാങ്ക് പലിശ നിരക്ക് കുറച്ചതിനാലാണ് ഈ കുറവ് ഉണ്ടാകുന്നത്. ടിടിഡി രേഖകള്‍ പ്രകാരം 10,000 കോടിക്ക് മുകളില്‍ തിരുപ്പതി ക്ഷേത്രത്തിന് വിവിധ ബാങ്കുകളിലായി സ്ഥിരനിക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: