റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ സഹായിയുടെ വീട്ടിലടക്കം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. ബാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഓഫീസും സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരുടെ ഓഫീസും റായ്പ്പൂര്‍ മേയറുടെ ഓഫീസും കേന്ദ്രീകരിച്ച് കഴിഞ്ഞ വ്യാഴം മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
സംസ്ഥാന ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളാണ് പരിശോധനയിലേക്ക് നയിച്ചതെന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. പരിശോധന വിവരം ചോരാതിരിക്കാന്‍ ആദായ നികുതി വകുപ്പ് ശ്രദ്ധിച്ചിരുന്നു. നടപടി തുടങ്ങിയ ശേഷമാണ് സംസ്ഥാന പോലീസ് പോലും ഇക്കാര്യമറിഞ്ഞത്. നടപടി കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന പതിവ് ആരോപണവുമായി കോണ്‍ഗ്രസും മുഖ്യന്ത്രിയും രംഗത്തെത്തി. ബാഗലിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ആരോപണം ആവര്‍ത്തിച്ചു.
അതേസമയം, ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ലെങ്കില് കോണ്‍ഗ്രസ് എന്തിന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തെ ഭയക്കണമെന്ന് ബിജെപി ആരാഞ്ഞു. കോണ്‍ഗ്രസ് ഭരണം അഴിമതി നിറഞ്ഞതാണെന്ന് ബിജെപി നേതാവ് സച്ചിദാനന്ദ ഉപാസനെ പറഞ്ഞു.
റായ്പ്പൂര്‍ മേയര്‍ അജ്ജാസ് ദേബര്‍, മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ, അന്‍വര്‍ ദേബര്‍, മദ്യവ്യവസായി പപ്പു ഭാട്ട്യ, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ വിവേക് ധന്ദ്, അനില്‍ തുതേജ് എന്നിവരുടെ ഓഫീസുകളിലും വീടുകളിലുമായി അമ്പതോളം കേന്ദ്രങ്ങളിലാണ് ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: