ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ മൂന്ന് പേര് കൂടി മരിച്ചു. അഴുക്കുചാലില്‍നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. മൂന്ന് ദിവസമായി അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ പോലീസ് കാവലിലാണ് പ്രദേശങ്ങള്‍. പരിക്കേറ്റവരില്‍ ഭൂരിഭാഗവും അത്യാസന്നനില തരണം ചെയ്തു. എന്നാല്‍ നിരവധി പേരെ കാണാതായത് ആശങ്ക ഉയര്‍ത്തുന്നു.
കെട്ടിടങ്ങള്‍ തകര്‍ത്തതിന്റെയും കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും അവശിഷ്ടങ്ങള്‍ നീക്കുന്നതാണ് തുടരുന്നത്. പലയിടങ്ങളിലും കലാപത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴുമുണ്ട്. 885 പേരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. പലായനം ചെയ്തവര്‍ തിരിച്ചെത്തുന്നുണ്ട്. പരീക്ഷയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നവര്‍ക്ക് വീണ്ടും അവസരം നല്കാന് സിബിഎസ്ഇ തീരുമാനിച്ചു. ഇവരുടെ വിവരങ്ങള്‍ നല്കാന് സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. കലാപത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി പറഞ്ഞു.
സമാധാന സന്ദേശവുമായി ജീവനകല ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ ഇന്നലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നിരവധിയാളുകളെ കലാപം ബാധിച്ചു. വേദനയുണ്ടാക്കുന്ന രംഗങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കേണ്ടതുണ്ട്. എല്ലാവരും ഇതിനായി രംഗത്തുവരണം. സാമൂഹ്യദ്രോഹികളെ ശിക്ഷിക്കണം, അദ്ദേഹം പറഞ്ഞു. സാമൂഹ്യ സംഘടനകളുടെ സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പോലീസ് ആരംഭിച്ചു. ജനങ്ങളുമായി സംസാരിക്കുന്നുണ്ട്. പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഊഹാപോഹങ്ങളിലും വ്യാജപ്രചാരണങ്ങളിലും കുടുങ്ങരുതെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്. രാത്രി ഉത്തംനഗറില്‍ വീണ്ടും സംഘര്‍ഷം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായെങ്കിലും പോലീസ് നിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: