തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ പിടിച്ചെടുത്തു. വിദ്യാധിരാജ സഭ ട്രസ്റ്റിന്റെ കൈവശമുണ്ടായിരുന്ന 65 സെന്റ് സ്ഥലം ഏറ്റെറുക്കാനായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് നടപടി. സ്ഥലം ഏറ്റെടുക്കാനായി അധികൃതര്‍ രാത്രി എത്തിയതിനെതിരെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
ഇന്ന് അവധി ദിവസമായതിനാല്‍ അത് കണക്കാക്കി ശനിയാഴ്ച രാത്രിയോടെയാണ് അധികൃതര്‍ സ്ഥലം ഏറ്റെടുക്കാനായി എത്തിയത്. സ്ഥലം ഏറ്റെടുക്കുന്നതിനായി പൂട്ട് പൊളിച്ചാണ് പോലീസ് മണ്ഡപത്തിന് അകത്ത് കയറിയത്. ഇരുട്ടിന്റെ മറവില്‍ സ്ഥലം ഏറ്റെടുക്കാനെത്തിയ പോലീസ് നടപടിക്കെതിരെ ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവര്‍ സ്ഥലം ഏറ്റെടുക്കുന്നത് തടയുകയും സ്ഥലത്ത് പ്രതിഷേധം ഉടലെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലാസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
1976-ല്‍ സര്‍ക്കാരില്‍ നിന്ന് ഭൂമി പാട്ടത്തിന് എടുത്ത സംഘടനയല്ല ഇപ്പോള്‍ ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരിക്കുന്നത്. സ്ഥലം തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മന്ത്രി സഭ കഴിഞ്ഞ വര്‍ഷത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ട്രസ്റ്റിന്റെ വാദം കൂടി കേട്ടശേഷം നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ട്രസ്റ്റ് ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ബോധിപ്പിച്ചെങ്കിലും ഇതൊന്നും നിലനില്‍ക്കുന്നവയല്ലെന്ന് അറിയിച്ച് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം ചട്ടമ്പി സ്വാമിയുടെ സ്മാരകം നില്ക്കുന്ന സ്ഥലം മാത്രം ട്രസ്റ്റിന് വിട്ടുനല്‍കാമെന്നും ഉത്തരവിലുണ്ട്. ഇതിനുമുമ്പ് ക്ഷേത്രത്തിന്റെ പാത്രകുളം നികത്തിയത് നിയമവിരുദ്ധമാണെന്ന് പരാതികളുയര്‍ന്നിരുന്നു. അതില്‍ ഒരു തെറ്റുമില്ലെന്നാണ് റവന്യൂ സെക്രട്ടറിയുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: