പള്ളുരുത്തി: സംഗീതസാഗരത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച എം.കെ. അര്ജുനന് മാസ്റ്റര്‍ക്ക് ഇന്ന് എണ്പത്തിനാലാം പിറന്നാള്‍. മലയാളിയുടെ സംഗീതാസ്വാദന ലോകത്തെ സമ്പന്നമാക്കിയ ഒട്ടേറെ ഗാനങ്ങള്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റെ പിറന്നാളുകള്‍ ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെയാണ് കടന്നു പോയിട്ടുള്ളതെന്ന് മാഷ് ഓര്‍ക്കുന്നു. പക്ഷേ ഇൗ പിറന്നാള്‍ അങ്ങനെയല്ല. ആയരം പൂര്ണചന്ദ്രന്മാരെ കണ്ട മാസ്റ്ററുടെ ജന്മദിനാഘോഷത്തിന് മക്കളും, പേരക്കിടാങ്ങളും ഒക്കെയെത്തും.
പള്ളുരുത്തിയിലെ പാര്‍വതീ മന്ദിരത്തിലേക്ക് ബന്ധുക്കള്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിച്ചേരുമെന്ന് മാഷ് പറയുമ്പോള്‍ മുഖത്ത് ചിരി വിടര്‍ന്നു. 1958ല്‍ നാടകഗാനങ്ങള്‍ക്ക് ഈണം നല്‍കിയാണ് അര്ജുനന് മാഷ് സംഗീത ലോകത്ത് സജീവമാകുന്നത്. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് മലയാള സിനിമാലോകത്ത് എത്തിച്ചേര്‍ന്നത്.
ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തില്‍ അര്ജുനന് മാസ്റ്റര്‍ സംഗീതം ചെയ്ത പാട്ടുകള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. പുതിയ പല നാടക ഗാനങ്ങളും മാഷ് സംഗീതം ചെയ്ത് കഴിഞ്ഞു. സിനിമാ പാട്ടുകള്‍ പുതിയതു ചെയ്യാന്‍ ക്ഷണം ലഭിക്കുന്നുണ്ട്. ആരോഗ്യം അനുവദിച്ച് ഈശ്വരാധീനം കൂടി ചേര്‍ന്നാല്‍ എല്ലാം നടക്കും… മാഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: