പീരുമേട്: ഏലപ്പാറ പഞ്ചായത്തിലെ കൈയേറ്റഭൂമിയില്‍ ഒന്‍പത് ലക്ഷം മുടക്കി പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ച് നല്കി. റിസോര്‍ട്ടുകാര്‍ക്ക് വേണ്ടിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി റോഡ് നിര്‍മിച്ചതെന്നാണ് ആക്ഷേപം.
പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ഉപ്പുകുളം മദാമ്മക്കുളം ഭാഗത്താണ് ഇത്തരത്തില്‍ റോഡ് നിര്‍മിച്ചത്. ഇതോടെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാനുള്ള സാധ്യത കൂടുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായ മദാമ്മക്കുളം ഭാഗവും ഇത്തരത്തില്‍ കൈയേറ്റക്കാരുടെ പിടിയിലാകാനിടയുണ്ട്.
അനധികൃത കൈയേറ്റത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് നടപടിയെടുത്ത് സര്‍ക്കാര്‍ വക വസ്തുവാണെന്ന് തെളിയിക്കുന്ന ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ ബോര്‍ഡുകളൊന്നും തന്നെ നിലവിലിവിടെ ഇല്ല. ഇത് കൈയേറ്റക്കാര്‍ നശിപ്പിക്കുകയായിരുന്നു. ഇവിടെയാണ് ഗ്രാമപഞ്ചായത്ത് അനധികൃതമായി റോഡ് നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല ഈ റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയതില്‍ റോഡ് നിര്‍മിച്ചതായി അറിവില്ലെന്നും നിരാക്ഷേപ പത്രം നല്‍കിയിട്ടില്ലെന്നുമാണ് ഏലപ്പാറ വില്ലേജ് ഓഫീസില്‍ നിന്ന് അറിയിച്ചത്. എന്നാല്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറയുന്നത് 75 പേര് ഗ്രാമസഭയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡ് നിര്‍മിച്ചതെന്നാണ്. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഒരാള്‍പോലും താമസമില്ല. തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് വ്യാജ മസ്റ്റര്‍റോള്‍ ഉണ്ടാക്കിയാണ് റോഡ് നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃത നിര്‍മാണത്തിന് പിന്നില്ല്വാര്ഡ് മെമ്പറും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുകയാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: