പത്തനംതിട്ട: അടൂര്‍ ചേന്നംപള്ളി അമ്മകണ്ടകര സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ അക്രമം ആസൂത്രിതമെന്ന് ബാലാശ്രമം അധികൃതര്‍. ലഹരിവസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്ന കുട്ടികളെ വാര്ഡന്മാര് ചോദ്യം ചെയ്തത് മുതലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിന്റെ പേരില്‍ ബാലാശ്രമത്തിന് കനത്ത നാശനഷ്ടങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വരുത്തിയത്.
ആശ്രമത്തിലെ കട്ടിലുകള്‍ ചവിട്ടിയൊടിച്ചു, വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഇരുമ്പ് അലമാരകള്‍ തല്ലിത്തകര്‍ത്തു. ആശ്രമത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന പതിനാറോളം സിസിടിവി ക്യാമറകളും ഇവര്‍ നശിപ്പിച്ചു. വാര്ഡന്മാരെ പോലും കൂട്ടംകൂടി ശാരീരികമായി ഉപദ്രവിച്ച സംഭവങ്ങളുമുണ്ടായിട്ടുള്ളതായി ബാലാശ്രമം നടത്തിപ്പുകാര്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് ആശ്രമത്തില്‍ അന്നദാനം ബുക്ക് ചെയ്യാന്‍ എത്തിയവരെ ഇവര്‍ മര്‍ദ്ദിച്ചത്. ഈ ബഹളത്തിനിടയില്‍ ചിതറിയോടിയ പല കുട്ടികള്‍ക്കും വീണു പരിക്കേറ്റു. അക്രമത്തിന് നേതൃത്വം നല്കിയ കുട്ടിയും സുഹൃത്തുക്കളും ആശ്രമത്തിന് പുറത്തെത്തി അവിടെയുണ്ടായിരുന്ന പുറത്തെ സിപിഎം സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തുകയായിരുന്നു.
ഇവര്‍ പഠിക്കുന്ന സമയത്ത് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരാണ്. ബാലാശ്രമത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു, എന്നാല്‍ ആധുനിക സജ്ജീകരണങ്ങളുള്ള ഫോണുകള്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായി ആശ്രമ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ഫോണുകള്‍ ഇവരുടെ പക്കല്‍ എത്തിയത് ദുരൂഹമാണ്. ഇതെല്ലാം ചോദ്യം ചെയ്യുന്നതും ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉപദേശിക്കുന്നതും വാര്ഡന്മാരോട് പകയുണ്ടാക്കാന്‍ കാരണമായതായും പറയുന്നു. ഇതാണ് വാര്ഡന്മാര്ക്കെതിരെ മൊഴി നല്കാന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
ബാലാശ്രത്തില് നടന്ന സംഭവങ്ങളെ പറ്റി ചോദിച്ചറിയാന്‍ എന്ന വ്യാജേന വാര്ഡന്മാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അന്നദാനം ബുക്ക് ചെയ്യാന്‍ എത്തിയവരെ മര്‍ദ്ദിച്ചതിനു നേതൃത്വം നല്കിയ ഒരു കുട്ടിയെ മുന്‍പ് ബാലാശ്രമത്തില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സിഡബ്ല്യുസിയില്‍ എത്തിച്ചിരുന്നു. അവരുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തുള്ള മാനസികാരോഗ്യകേന്ദ്രത്തില്‍ ഒരു മാസത്തെ ചികിത്സക്ക് വിധേയനാക്കി. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി രണ്ട് ദിവസത്തിനുള്ളിലാണ് ഈ സംഭവങ്ങള്‍.
ബാലാശ്രമത്തിലെ തകര്‍ത്ത ഇരുമ്പ് അലമാരകളും കട്ടിലുകളും ഇന്നലെ ബാലാശ്രമത്തില്‍ എത്തിയ സിഡബ്ല്യുസി ചെയര്മാന് സക്കീര്‍ ഹുസൈനും സംഘവും നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു.
ഈ വര്‍ഷം സിഡബ്ല്യുസിയുടെ നിര്‍ദേശപ്രകാരം എത്തിയ നാല് കുട്ടികളാണ് ബാലാശ്രമത്തിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. ഇവരെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ആശ്രമത്തില്‍ നിന്ന് നിരവധി തവണ സിഡബ്ല്യുസിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: