ലഖ്നൗ: സമൂഹത്തിലെ എല്ലാവര്ക്കും നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ആശയത്തോടെയാണ് സമൂഹത്തിലെ എല്ലാവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സബ്കാ സാഥ് സബ്കാ വികാസ് എന്നതിന്റെ അടിസ്ഥാനവും ഇതു തന്നെ, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ സാമഗ്രികള്‍ വിതരണം ചെയ്യാന്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇത്തരം വിതരണ ക്യാമ്പുകള്‍ വളരെ കുറച്ച് മാത്രമേ സംഘടിപ്പിച്ചിരുന്നുള്ളൂ. എന്നാല്‍, അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 9000 ക്യാമ്പുകളാണ് നമ്മുടെ സര്‍ക്കാര്‍ സംഘടിപ്പിച്ചത്. നൂറ്റിമുപ്പത് കോടി ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ ബുണ്ടല്‍ഖണ്ഡ് എക്സ്പ്രസ്വേ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ എക്സ്പ്രസ്വേ, പ്രദേശത്തെ യുവജനങ്ങളുടെ പുരോഗതിക്ക് കാരണമാകുമെന്നും സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രതിരോധ ഇടനാഴിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചടങ്ങിന് മുന്‍പ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
















