ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ കര്‍ണാടകത്തിലുണ്ടായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ പാക് അനുകൂല മുദ്രാവാക്യത്തിന് അറസ്റ്റിലായ വിദ്യാര്‍ഥിനി അമൂല്യ ലിയോണ ലക്ഷങ്ങള്‍ കൈപ്പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. കര്‍ണാടക പോലീസിലെ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കര്‍ണാടകയിലുടനീളം നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലെ പ്രധാന പ്രാസംഗികരില്‍ ഒരാളായിരുന്നു അമൂല്യ.
ഡിസംബര്‍ മുതല്‍ സംസ്ഥാനത്തെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ വിവിധ സംഘടനകളില്‍ നിന്ന് അമൂല്യ ഇതുവരെ രണ്ടു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. യാത്രാചെലവ്, താമസം, ഭക്ഷണം എന്നിവയുടെ പേരിലാണ് പണം കൈപ്പറ്റിയത്. മംഗളൂരുവില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് വിമാനത്തിലാണ് അമൂല്യ എത്തിയത്. ഈ പ്രതിഷേധ യോഗമാണ് കലാപമായതും വെടിവയ്പ്പില്‍ രണ്ടു പേര് മരിച്ചതും.
ഓരോ പ്രതിഷേധ യോഗത്തിലും അതത് സംഘടനയായിരുന്നു പ്രസംഗം തയാറാക്കിയത്. ഇതിനൊപ്പം ജനക്കൂട്ടത്തെ ആവേശത്തിലാക്കാന്‍ തന്റേതായ ചില വാചകങ്ങള്‍ ഉപയോഗിച്ചിരുന്നതായും അമൂല്യ സമ്മതിച്ചു. അമൂല്യയെ ഉപയോഗിച്ചിരുന്ന സംഘടനകളുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തു. എന്നാല്‍, ഏതെല്ലാം സംഘടനകളാണ് ഇവര്‍ക്ക് പണം നല്‍കിയതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് സ്വന്തം താത്പര്യ പ്രകാരമായിരുന്നുവെന്നാണ് അമൂല്യ മൊഴി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു വിശ്വസിച്ചിട്ടില്ല. അമൂല്യ താമസിച്ചിരുന്ന ബസവേശ്വരനഗര്‍ പിജിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ചില വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. അമൂല്യക്ക് പിന്തുണയുമായി പാക് അനുകൂല പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് അറസ്റ്റിലായ ആരിദ്ര, ഇവര്‍ക്കൊപ്പം മൂന്നു മാസം ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
പിന്നീട് ആരിദ്ര താമസ സ്ഥലം മാറി. ഇതിനു ശേഷവും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ എന്തെല്ലാം ചെയ്യണമെന്ന് ഇരുവരും വാട്സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഇതെല്ലാം ഉദ്യോഗസ്ഥര്‍ വീണ്ടെടുത്തു. നേരത്തെ അമൂല്യയുടെ ചില ബന്ധങ്ങളെക്കുറിച്ച് അച്ഛനും സൂചന നല്‍കിയിരുന്നു. വീട്ടുകാര്‍ പറയുന്നത് അമൂല്യ കേള്‍ക്കില്ലെന്നും ചില മുസ്ലിം സംഘടനാ പ്രവര്‍ത്തകരാണ് മകളെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു അച്ഛന്റെ ആരോപണം.
ഫെബ്രുവരി 20ന് ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിയെന് നേതാവ് അസദുദീന് ഒവൈസി പങ്കെടുത്ത യോഗത്തിലായിരുന്നു അമൂല്യ ആവര്‍ത്തിച്ച് പാകിസ്ഥാന് സിന്ദാബാദ് വിളിച്ചത്. ഉടന്‍ തന്നെ അമൂല്യയെ പോലീസ് അറസ്റ്റു ചെയ്തു. ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ബെംഗളൂരു എന്കെഎംആര്വി കോളേജിലെ ഇംഗ്ലീഷ് ബിഎ വിദ്യാര്‍ഥിനിയാണ് അമൂല്യ. ആരിദ്ര ജേണലിസം വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: