‘വായിച്ചു വളരുക’ എന്ന മുദ്രാവാക്യം മലയാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തി വായനയുടെ വിപ്ലവം സൃഷ്ടിച്ച പുതുവയില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍. 1909 മാര്‍ച്ച് 1-ന് ആലപ്പുഴയിലെ നീലമ്പേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനനം. ചങ്ങനാശ്ശേരി ഹൈസ്കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായി. ചേട്ടന് കേശവപ്പണിക്കര്‍ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന് കുറച്ചുകാലത്തേക്ക് അവധി വേണ്ടിവന്നപ്പോള്‍ ആ ഒഴിവില്‍ പകരക്കാരനായി പി.എന്‍.പണിക്കര്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു.
നീലമ്പേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറ, നാട്ടുകാരില്‍ ചില പ്രമുഖരുടെ വിശ്രമസങ്കേതമായിരുന്നു. പി.എന്‍. പണിക്കര്‍ അവരുടെ ഇടയിലെത്തി സൗഹൃദം സ്ഥാപിച്ചു. അവരില്‍ പത്രപാരായണത്തില്‍ താത്പര്യം ജനിപ്പിച്ചു. അവര്‍ക്ക് പത്രം വായിച്ചുകൊടുത്തു. ക്ഷേത്രമതില്‍ കെട്ടിടത്തിനടുത്ത് ദേവസ്വം നല്കിയ സ്ഥലത്ത് ‘സനാതനധര്‍മം വായനശാല’ തുടങ്ങി. ഓലപ്പുരയില്‍ തുടങ്ങിയ ആ വായനശാലയ്ക്ക് സ്വന്തം കെട്ടിടമുണ്ടായി. ഗ്രന്ഥശാല മന്ദിര നിര്‍മ്മാണ പുരോഗതിയുടെ വിവിധ ഘട്ടങ്ങളില്‍ പണിക്കര്‍ക്ക് അനുഭവിക്കേണ്ടവന്ന യാതനകള്‍ ചെറുതല്ല. ഗ്രന്ഥശാലയ്ക്കായി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പത്തുരൂപ ഗ്രാന്റായി അനുവദിച്ചു വാങ്ങുകയും ചെയ്തു.
നീലമ്പേരൂര്‍ മിഡില്‍ സ്കൂളിലെ മാതൃക അധ്യാപകനെന്ന നിലയിലും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തകനെന്ന നിലയിലും പി.എന്‍. പണിക്കര്‍ നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. സ്കൂള്‍ ഇന്‍സ്പെക്ടറായിരുന്ന പി.ടി. ഇടിക്കുളയ്ക്ക് പണിക്കരുടെ അധ്യാപന ചാതുര്യത്തില്‍ മതിപ്പ് തോന്നി. അദ്ദേഹം അത് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായി. പകരക്കാരില്‍ കൂടുതല്‍ സര്‍വീസുള്ളവരെ സ്ഥിരാധ്യാപകരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ മൂന്നുവര്‍ഷത്തെ സര്‍വീസുള്ള പി.എന്‍. പണിക്കര്‍ക്ക് സ്ഥിരനിയമനം ലഭിച്ചു. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സ്നേഹ ബഹുമാനങ്ങള്‍ ആര്‍ജിക്കാന്‍ പണിക്കര്‍ക്ക് കഴിഞ്ഞു.
അമ്പലപ്പുഴ ആമയിടമാളേക്കല്‍ പറമ്പില്‍ ചെമ്പക കുട്ടിയെ വിവാഹം ചെയ്തു. ഭാര്യാഗൃഹത്തില്‍ കുടുംബനാഥനായി മറ്റാരുമില്ലാത്തതിനാല്‍ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടിവന്നു. അതോടെ അമ്പലപ്പുഴ സ്കൂളിലേക്ക് സ്ഥലം മാറ്റം വാങ്ങി. അവിടെ ഗ്രന്ഥശാല സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. അമ്പലപ്പുഴക്കാരനായ ഹൈക്കോടതി ജഡ്ജി പി.കെ. നാരായണപിള്ള പ്രസിദ്ധനായ ഒരു സാഹിത്യ നിരൂപകനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ പി.കെ. വിലാസം വായനശാല തുടങ്ങാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി.കെ.മാധവക്കുറുപ്പും സെക്രട്ടറി പി.എന്‍. പണിക്കരും. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ ഓലമേഞ്ഞ ഒരു ഷെഡ് ഒരു രൂപയ്ക്ക് വാടകയ്ക്കെടുത്തു പ്രവര്‍ത്തനം ആരംഭിച്ചു.
പത്രം വരുത്താനും മറ്റ് ചിലവുകള്‍ക്കും പണിക്കര്‍ പലരേയും കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. വീടുകള്‍ തോറും കയറിയിറങ്ങി പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചുമതലയും ഏറ്റെടുത്തു. കുടുംബ വായന എന്ന ആശയത്തിന് തുടക്കമിട്ടു. പി.കെ. അന്തരിച്ചപ്പോള്‍ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാല എന്ന് ഭേദഗതി വരുത്തി. ഗ്രന്ഥശാലയ്ക്ക് ഒരു ആസ്ഥാന മന്ദിരം വേണമെന്ന ആശയത്തില്‍ പണിക്കരെത്തി. രണ്ട് സെന്റ് സ്ഥലത്ത് വായനശാല മന്ദിരം നിര്‍മ്മാണത്തിനുള്ള ശ്രമം തുടങ്ങി. ഗ്രന്ഥശാലയുടെ ധനശേഖരണാര്‍ത്ഥവും പുസ്തക ശേഖരണത്തിനുമായി നിരവധി പേരെ സമീപിച്ചു.
കന്യാകുമാരി മുതല്‍ വടക്കന്‍ പരവൂര്‍ വരെയുള്ള തിരുവിതാംകൂര്‍ രാജ്യത്ത് പല ഭാഗങ്ങളിലായി ഒട്ടേറെ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നതായി പി.എന്‍.പണിക്കര്‍ കണ്ടെത്തി. അതിനൊരു ഏകോപിത സ്വഭാവം ആവശ്യമാണെന്ന് അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം തിരുവിതാംകൂറിലെ എല്ലാ ഗ്രന്ഥശാലകളുടെയും കൂട്ടായ്മയ്ക്കായി ഒരു യോഗം വിളിച്ചു കൂട്ടി. യോഗത്തില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ ഗ്രന്ഥശാലകളെ ഒറ്റചരടില്‍ കോര്‍ത്തിണക്കാനായി ‘അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം’ രൂപീകരിക്കാന്‍ തീരുമാനിച്ചു. ആസ്ഥാനം തല്ക്കാലം അമ്പലപ്പുഴയായി നിശ്ചയിച്ചു. മന്ദീഭവിച്ചവയും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കാനും, പുതിയ വായനശാലകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. അമ്പലപ്പുഴയില്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സമ്മേളനം 1946 സെപ്റ്റംബര്‍ 16-ന് സര് സി.പി. ഉദ്ഘാടനം ചെയ്തു.
മലബാര്‍ ഭാഗത്ത് കേളപ്പജി പ്രസിഡന്റായും കെ. ദാമോദരന്‍ ജനറല്‍ സെക്രട്ടറിയുമായി മലബാര്‍ ഗ്രന്ഥശാല സംഘം പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ സംഘത്തിനായി ലൈബ്രറി നിയമവും ഉണ്ടായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായതോടെ രണ്ടു ലൈബ്രറി പ്രസ്ഥാനങ്ങളെയും സംയോജിപ്പിക്കാന്‍ കമ്മിറ്റി ഉണ്ടാക്കി. രണ്ടു ഗ്രന്ഥശാല പ്രസ്ഥാനങ്ങളെയും ഒന്നാക്കി ‘കേരള ഗ്രന്ധശാല സംഘ’മായി വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ഉത്തരവിറക്കി. കേരളഗ്രന്ഥശാലാ സംഘം മലബാറില്‍ ശക്തിപ്പെടുത്താനായി പി.എന്‍ പണിക്കരെയും ഗുപ്തന് നായരെയും ചുമതലപ്പെടുത്തി. പി.എന്‍ പണിക്കരെ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തിനായി നിയോഗിച്ചു.
അദ്ദേഹം കേരളത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് പ്രവര്‍ത്തകരെ കണ്ട് പുതിയ ഗ്രന്ഥശാലകള്‍ തുടങ്ങി മന്ദീഭവിച്ചവയും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിച്ചു. സാമൂഹികവും സാംസ്കാരികവുമായ വിവിധ രംഗങ്ങളിലേക്ക് ഗ്രന്ഥശാലകളെ ഉയര്‍ത്താന്‍ അഹോരാത്രം പണിയെടുത്തു. അതിന്റെ ഫലമായി നാലായിരം ഗ്രന്ഥശാലകളുമായി ഗ്രന്ഥശാല സംഘം ഉയര്‍ന്നു. ലക്ഷക്കണക്കിനു പ്രവര്‍ത്തകരുമായി ഗ്രന്ഥശാലാ സംഘം വികസനത്തിന്റെ പടവുകള്‍ കയറി. നാട്ടിലെ സാമൂഹിക സാംസ്കാരിക കേന്ദ്രങ്ങളായി ഗ്രന്ഥശാലകള്‍ മാറി. 1971 കാലഘട്ടമായപ്പോഴേയ്ക്കും കേരളത്തിലെമ്പാടും ശക്തിയാര്‍ജ്ജിച്ചു വളര്‍ന്നു. ‘ഗ്രന്ഥാലോകം’ മാസിക തുടങ്ങി. സംഘത്തിന്റെ പുരോഗതിയ്ക്കായി ജനറല്‍ സെക്രട്ടറി വഹിച്ച നിസ്തുല സേവനത്തെ പരിഗണിച്ച് സര്‍ക്കാര്‍ ഒരു സ്റ്റേറ്റ്കാര് നല്കി പി.എന്‍ പണിക്കരെ ആദരിച്ചു. 1975 ല്‍ യൂനസ്കോയുടെ ‘ക്രൂപ്സായ’ അവാര്‍ഡ് കേരള ഗ്രന്ഥശാല സംഘത്തെ തേടിയെത്തി .
പി.എന്‍. പണിക്കര്‍ പഴയ പരുക്കന്‍ തൂവെള്ള ഖദര്‍ വസ്ത്രവും, ഒരു ഡയറിയുമായി ദിനംപ്രതി പ്രവര്ത്തനനിരതനാകും. ഗ്രന്ഥശാല സന്ദര്‍ശനങ്ങളും, ചര്‍ച്ചകളും സംവാദങ്ങളുമായി ഒരു ദിവസം അവസാനിക്കും. രാത്രി പതിനൊന്നോ പന്ത്രണ്ടോ മണി കഴിയുമ്പോഴേയ്ക്കും, അപ്പോള്‍ എത്തുന്ന സ്ഥലം എവിടെയായാലും അവിടെ വിശ്രമിക്കും. ചിലപ്പോള്‍ ഉറക്കം വണ്ടിയിലുമാകും. ഈ ത്യാഗപൂര്‍വ്വമായ ജീവിതമാണ് മലയാളികളുടെ ബോധമണ്ഡലത്തെ മാറ്റി മറിച്ചത്. ഡി.സി കിഴക്കേമുറി പണിക്കരെക്കുറിച്ച് ഇങ്ങനെയാണ് എഴുതിയത്. ”കേരളഗ്രന്ഥശാല സംഘം എന്ന മഹാപ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചത് അഞ്ചടി കഴിഞ്ഞ് മുന്നോ നാലോ ഇഞ്ച് പൊക്കവും അമ്പതു കിലോഗ്രാമില്‍ താഴെ ഭാരവുമുള്ള ഒരു കൊച്ചു മനുഷ്യന് പി.എന്‍. പണിക്കരാണ്. ആകാശം മുട്ടെ ഉയര്‍ന്ന് വലിയ മനുഷ്യനായി, കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യരില്‍ ഒരുവനായി മാറി.” ‘മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി’ യെന്ന ഗുരുവചനത്തിനുശേഷം കേരളീയരെ പിടിച്ചുകുലുക്കിയ മുദ്രാവാക്യമായിരുന്നു പി.എന്‍ പണിക്കരുടെ ‘വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക’ യെന്ന മുദ്രാവാക്യം. ഗ്രാമീണ സര്‍വ്വകലാശാലകളാണ് വായനശാലകളെന്ന് അദ്ദേഹം ഉദ്ബാധിപ്പിച്ചു. ഗ്രാമന്തരങ്ങളില്‍ പര്യടനം നടത്തി ജനങ്ങളെ തിരിച്ചറിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു. ‘സാസ്കാരിക പുരോഗതി കൈവരിക്കാതെ സാമൂഹിക പുരോഗതി സാധ്യമല്ലെന്ന്’
1970 ഗ്രന്ഥശാലസംഘത്തിന്റെ രജതജൂബിലി വര്‍ഷമായിരുന്നു. സംഘം പ്രസിഡന്റ് പി.ടി. ഭാസ്കരപ്പണിക്കരും പി.എന്‍ പണിക്കരും ഒത്തുചേര്‍ന്ന രജതജയന്തിയുടെ ഭാഗമായി സാംസ്കാരിക ജാഥ സംഘടിപ്പിച്ചു. ‘വായിച്ചുവളരുക ചിന്തിച്ചു വിവേകം നേടുക’ എന്നീ സന്ദേശങ്ങല്‍ പ്രചരിപ്പിച്ചുകൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നീങ്ങിയ ആ യാത്ര കേരള ജനതയ്ക്ക് ആവേശമായി.
ഗ്രന്ഥശാല സംഘത്തിനു കീഴില്‍ വയോജന വിദ്യാഭ്യാസ യജ്ഞത്തിനു രൂപം കൊടുത്തു. അതിയന്നൂര്‍ ബ്ലോക്കിലും മലപ്പുറം ബ്ലോക്കിലും രണ്ടു പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിച്ചു. ‘മീന്‍ പിടിക്കും നാട്ടാരെ വായന നിങ്ങള്‍ക്കറിയേണ്ടേ? തൂമ്പയേന്തും കര്‍ഷകരേ, എഴുതാന്‍ പഠിക്കേണ്ടേ? സാക്ഷര പദ്ധതി കേന്ദ്രത്തില്‍ അക്ഷരവിദ്യ പഠിച്ചോളൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷകരെയും കൂലിപ്പണിക്കാരെയും മത്സ്യത്തൊഴിലാളികളെയും സാക്ഷരതാ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിച്ചു. അഞ്ഞൂറോളം ലൈബ്രറികളില്‍ സാക്ഷരതാ കോഴ്സുകള്‍ ആരംഭിച്ചു. അതിലൂടെ ഒരു ലക്ഷം നിരക്ഷരരെ സാക്ഷരരാക്കി.
1945 മുതല്‍ 1977 വരെ 32 വര്‍ഷക്കാലം കര്‍മ നിപുണതയോടെ ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായിരുന്നു. ഈ കാലയളവിലെല്ലാം ജനാധിപത്യപരമായി തെരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറിയായിരുന്നു പി.എന്‍ പണിക്കര്‍. അദ്ദേഹത്തിന്റെ കൂടെ ഗ്രന്ഥശാല സംഘത്തിന്റെ പ്രസിഡന്റുമാരായി സാരഥ്യം വഹിച്ചത് ഒമ്പതു പ്രമുഖരാണ. ഇതില്‍ മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നു. പ്രസിഡന്റുമാരില്‍ തായാട്ടു ശങ്കരനുമായി അഭിപ്രായവ്യത്യാസം ഉണ്ടായി. അനന്തര സംഭവങ്ങള്‍ ഗ്രന്ഥശാല സംഘത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. അതിനെതുടര്‍ന്ന് 1977 മാര്‍ച്ച് 16-നു ഒരു ഓര്‍ഡിനല്‍സിലൂടെ ഗ്രന്ഥശാല സംഘത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഭരണം ഒരു കണ്ട്രോള് ബോര്‍ഡിന്റെ നിയന്ത്രണത്തിലായി. ആദ്യ കണ്ട്രോള് ബോര്‍ഡില്‍ പണിക്കരെ ഉള്‍പ്പെടുത്തിയിരുന്നു. തായാട്ടു ശങ്കരന്റെയും കൂട്ടരുടെയും രാഷ്ട്രീയ സ്വാധീനത്തില്‍ കണ്ട്രോള് ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ പി.എന്‍ പണിക്കരെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹം വിതുമ്പുന്ന ഹൃദയത്തോടെ ഗ്രന്ഥശാല സംഘത്തില്‍ നിന്നും വിടപറഞ്ഞു. പിന്നീടാണ് ഇന്നത്തെ രൂപത്തിലുള്ള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നത്.
ഗ്രന്ഥശാല സംഘം വിട്ട പി.എന്‍. പണിക്കര്‍ കേരള അനൗപചാരിക വിദ്യാഭ്യാസ വികസനസസമിതിയ്ക്ക് രൂപം കൊടുത്തു. 1977 ജൂണ്‍ 30ന് ഇത് രജിസ്റ്റര്‍ ചെയ്തു. 1995 ജൂണ്‍ 13-ന് നെഞ്ചുവേദനയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാമൂഹിക സാംസ്കാരിക നവോത്ഥാനം കൈവരിക്കുന്നതിന് വേണ്ടിയുള്ള തീവ്രയത്നത്തില്‍ മുഴുകിയിരുന്ന പി.എന്‍. പണിക്കരുടെ ജീവിതത്തിന് 1995 ജൂണ്‍ 19ന് തിരശ്ശീല വീണു.
(സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: