ദല്‍ഹിയില്‍, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത കലാപത്തില്‍ കുറേപ്പേര് മരണമടഞ്ഞു; കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍, പൊതുസ്വത്ത് ഒക്കെ നശിപ്പിക്കപ്പെട്ടു. ഒരു കലാപമുണ്ടാവുമ്പോള്‍ ഇതൊക്കെ സംഭവിക്കാറുണ്ട്; അതൊക്കെ ദല്‍ഹിയില്‍ ആവര്‍ത്തിച്ചിരിക്കുന്നു. അത്യന്തം ഖേദകരം തന്നെ. എന്താണ് ഇത്തരമൊരു കലാപത്തിന് കാരണം. ഇതിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത് എന്താണ്, ആരാണ് യഥാര്‍ഥത്തില്‍ ഈ അക്രമങ്ങള്‍, കലാപം എല്ലാം തുടങ്ങിവെച്ചത്; പ്രകോപനമെന്താണ്. ഇതൊക്കെ സ്വാഭാവികമായും അന്വേഷണ വിധേയമാവും. നമ്മുടെ മാധ്യമങ്ങള്‍ പലതും പറയുന്നുണ്ട്, ചര്‍ച്ച ചെയ്യുന്നുണ്ട്. ബിജെപി വിരുദ്ധ-ഹിന്ദു വിരുദ്ധ സമീപനം കൈക്കൊള്ളുന്ന മാധ്യമ ലോകത്തിന് ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടാക്കാനാവും എന്നതും കാണാതെ പോവരുത്. അതാണ് ഇന്ത്യയിലെ ഹിന്ദു സമൂഹത്തിന്റെ ദുരവസ്ഥ. അത് ഏകപക്ഷീയമാണ്, അതില്‍ അര്‍ദ്ധ സത്യം പോലുമില്ല; ഏറിയാല്‍ കാല്‍ഭാഗമേ സത്യമുള്ളൂ എന്നത് ലോകമറിയാന്‍ പോകുന്നേയുള്ളു. സത്യം പുറത്തുവരാന്‍ സമയമെടുക്കും. പക്ഷെ, അത് മുഴുവന്‍ പുറത്തുവരും.
തുടങ്ങിയത് സോണിയ, സഹായിച്ചത് ഐഎസും
യഥാര്‍ഥത്തില്‍ ദല്‍ഹിയില്‍ ആദ്യ പ്രകോപനമുണ്ടായത്, ഇപ്പോള്‍ ചില മാധ്യമങ്ങള്‍ പറയുന്നപോലെ, കപില്‍ മിശ്രയുടെ നാവില്‍ നിന്നല്ല. മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയില്‍ നിന്നാണ്. രാംലീല മൈതാനിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവരടക്കമുള്ളവര്‍ നടത്തിയ പ്രസംഗങ്ങള്‍ രാജ്യത്തിനെതിരെ മുസ്ലിം സമൂഹത്തെ തിരിക്കാനുദ്ദേശിച്ചുള്ളതായിരുന്നു. സമാജത്തിനുള്ളില്‍ മത വൈരം വളര്‍ത്തുന്നതായിരുന്നു. ഭരണകൂടത്തിനെതിരെ കലാപമുണ്ടാക്കാനുള്ള ആഹ്വാനമല്ലേ അവിടെ അന്ന് മുഴങ്ങിയത്?. അടിയന്തരാവസ്ഥക്ക് കാരണമായി ഇന്ദിര ഗാന്ധി 1975 ജൂണില്‍ പറഞ്ഞത് അതെ രാംലീല മൈതാനത്ത് ജയപ്രകാശ് നാരായണന് നടത്തിയ പ്രസംഗമാണ് എന്നതോര്‍ക്കുക. ജെപി അന്ന് അഴിമതി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടന്നാക്രമിച്ചത്. ഇവിടെ പക്ഷെ, സോണിയയും മക്കളും കള്ളമാണ് പ്രചരിപ്പിച്ചത്, അതും രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെക്കുറിച്ച്. കഴിഞ്ഞ ഡിസംബര്‍ 14 നായിരുന്നു ആ റാലി. അന്നുതന്നെയാണ് ഷഹീന് ബാഗില്‍ സത്യഗ്രഹം ഏതാനും മുസ്ലിം സ്ത്രീകള്‍ തുടങ്ങിയത്. ആദ്യമൊക്കെ പത്തോ പതിനഞ്ചോ സ്ത്രീകള്‍ മാത്രമായിരുന്നു പങ്കെടുത്തത്. എന്നാല്‍ അതിനുള്ള പ്രചോദനം സോണിയയായിരുന്നു. അത് നടപ്പിലാക്കിയത് പോപ്പുലര്‍ ഫ്രണ്ടും ഐഎസും. ഇന്നിപ്പോള്‍ സോണിയയ്ക്കും മകള്‍ക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജികള്‍ കോടതിയിലെത്തിയിട്ടുണ്ട്.
ഇതേ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണല്ലോ യുപിയിലും കലാപമുണ്ടാക്കിയത്. അതിനുവേണ്ടി അവര്‍ പണം വാരി വിതറിയതും മറ്റും ഇതിനകം വെളിച്ചത്തായിട്ടുണ്ട്. യുപി പോലീസ് പിടികൂടിയതില്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുകാരാണ്. അവര്‍ക്ക് കേരള ബന്ധവുമുണ്ടായിരുന്നു. ആ കലാപ ഭൂമിയില്‍ അക്രമം നടത്തിയവരെ, കൊള്ള നടത്തിയവരെ രക്ഷിക്കാനായി രംഗത്തു വന്നത് പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമായിരുന്നല്ലോ. അവര്‍ നടത്തിയ യുപി യാത്രയൊക്കെ മറച്ചുവെക്കാനാവുമോ? ദല്‍ഹി കലാശാലകളില്‍ അവര്‍ ചെയ്തതൊക്കെ പുറത്തുവന്നിട്ടുണ്ട്. കേരള നിയമസഭയില്‍ ഒരിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പോപ്പുലര്‍ ഫ്രണ്ടിനെ ആക്ഷേപിച്ചു സംസാരിച്ചപ്പോള്‍ ബഹളമുണ്ടാക്കിയത് മുസ്ലിം ലീഗ് നേതാക്കളാണെങ്കില്‍ മനസിലാക്കാം; അതിലേറെ ഒച്ചപ്പാടുണ്ടാക്കിയത് കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ആ ബാന്ധവം വ്യക്തമാണ്. ഇന്നിപ്പോള്‍ ഐഎസും അതിനൊപ്പമുണ്ടെന്ന് എന്‍ഐഎ സൂചന നല്കുന്നു. ദല്‍ഹിയിലെ കലാപ മേഖലയില്‍ നിന്ന് പിടിയിലായ മുഹമ്മദ് ഫെയ്സ് കാണിച്ചുതരുന്നതും ആ ബന്ധമാണ്. ഹര്‍ക്കത്ത് ഉല് ഹര്‍ബ് ഇ ഇസ്ലാം എന്ന ഭീകര സംഘടനയാണത്രെ അയാളുടേത്. അത് ഐഎസ് സംഘത്തില്‍പ്പെട്ടതാണ് എന്നും സ്ഥിരീകരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന് ആഗോള ഭീകര പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ഇനി സംശയമുണ്ടാവേണ്ടതില്ല. ഇക്കാര്യത്തിലെ കോണ്‍ഗ്രസിന്റെ താല്‍പ്പര്യമാണ് ഇനി അറിയേണ്ടത്. അത് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ.
ദല്‍ഹി കലാപത്തിന് കാരണക്കാര്‍ ആരെന്നന്വേഷിക്കുമ്പോള്‍ ഈ പറഞ്ഞതൊക്കെ ചേര്‍ത്തുവച്ചു പരിശോധിക്കണം. ഐഎസ്, പോപ്പുലര്‍ ഫ്രണ്ട്, ഭീം ആര്‍മി, കോണ്‍ഗ്രസ്, മുസ്ലിംലീഗ്. അതിനു പുറമേ പാക്കിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഇസ്ലാമിക ഭീകര സംഘടനകളും ഉണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. ഇതില്‍ പലര്‍ക്കും അത്തരം ബന്ധങ്ങളുണ്ടെന്നല്ലേ പൊതുവായി പറയപ്പെടുന്നത്. പാക്കിസ്ഥാന് വേണ്ടി ട്വീറ്റ് ചെയ്യുന്നവരും വാദിക്കുന്നവരും ഇവിടെ ഏറെയുണ്ട്. മുസ്ലിംലീഗും കോണ്‍ഗ്രസുമൊക്കെ ഇന്നിപ്പോള്‍ ദല്‍ഹിയില്‍ കടലാസിലെയുള്ളൂ എന്നതറിയാതെല്ല; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടു കിട്ടിയ പാര്‍ട്ടിക്ക് ഇതൊക്കെ ചെയ്യാനാവുമോ എന്നും ചോദിച്ചേക്കാം. പോപ്പുലര്‍ ഫ്രണ്ട് അങ്ങനെയല്ല. അവര്‍ക്ക് പലതരം പിന്തുണ കൊടുക്കാന്‍ കോണ്ഗ്രസിനാവുന്നു; പണവും നിയമ സഹായവുമൊക്കെ നല്കുന്നുണ്ടാവണം; കോണ്‍ഗ്രസിന്റെ നിയമ വിദഗ്ധര്‍ രാപകല്‍ ഇക്കൂട്ടര്‍ക്കായി സുപ്രീംകോടതിവരെ കയറിനടക്കുന്നത് നാം കാണുന്നുണ്ടല്ലോ. കാശ് മാത്രമല്ല, അതിനൊരു പ്രചോദനവും ഉണ്ടാവണമല്ലോ. ആ പ്രചോദനം പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ്; അവരുടെ ആഗോള ബന്ധങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളപ്പോള്‍ കലാപമുണ്ടാക്കിയാല്‍ അത് ലോക ശ്രദ്ധയില്‍ വരുമെന്നും രക്തച്ചൊരിച്ചില്‍ കണ്ടും കേട്ടും നരേന്ദ്ര മോദിക്കെതിരെ ട്രംപ് പരസ്യമായി സംസാരിക്കാനിടയുണ്ടെന്നും കരുതിയവര്‍. അത്തരമൊരു കുബുദ്ധി ഒരു സാധാരണ ഇസ്ലാമിക തീവ്രവാദിക്ക് ഉണ്ടാവണമെന്നില്ല; അതുണ്ടായത് കോണ്‍ഗ്രസുകാരുടെ തലയിലാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. ട്രംപിന്റെ സന്ദര്‍ശത്തില്‍ ആകെ വിഷമം നടിച്ചിരുന്നതും അസഹിഷ്ണുത കാട്ടിയതും സോണിയയും മക്കളുമാണല്ലോ.
യഥാര്‍ത്ഥത്തില്‍ ആരാണ് ഒടുവില്‍ കലാപം തുടങ്ങിവെച്ചത്? കപില്‍ മിശ്രയാണെന്ന് പറയാന്‍ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ തീരുമാനിച്ചു; പിന്നെ കഴിഞ്ഞ ദല്‍ഹി തെരഞ്ഞെടുപ്പ് കാലത്തുയര്‍ന്ന ചില പ്രസ്താവനകളും. എന്നാല്‍ അവിടെ കുഴപ്പമാരംഭിച്ചത് മുഹമ്മദ് ഷാരൂഖ് എന്നയാള്‍ ദല്‍ഹി പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നതിന് ശേഷമാണ്. അതെന്തിനാണ് ഈ മാധ്യമങ്ങള്‍ മറച്ചുവെയ്ക്കുന്നത്? വേറൊന്ന് കലാപത്തിനുള്ള വന്‍ ഒരുക്കങ്ങള്‍-ആയുധ ശേഖരണമുള്പ്പടെ-വളരെ നേരത്തെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയിരുന്നു എന്നതാണ്. എന്തൊക്കെ അവര്‍ ശേഖരിച്ചിരുന്നു എന്നത് ഇപ്പോള്‍ വര്ത്തയായിട്ടുമുണ്ട്. അതിനുശേഷം അവര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അതിനിരയായത് ഹിന്ദു-സിഖ് സമൂഹവും. എന്തുകൊണ്ടാണ് ഐബി ഉദ്യോഗസ്ഥനെയും ഒരു യുവാവിനെയും മൃഗീയമായി കൊലപ്പെടുത്തിയത്. കാരണം പകല്‍ പോലെ വ്യക്തം. അതിനെക്കുറിച്ച് ഒരു കാര്‍ട്ടൂണ്‍ കണ്ടിരുന്നു. കൊലചെയ്യപ്പെട്ട ഐബി ഉദ്യോഗസ്ഥന്റെ സ്കെച്ചിനൊപ്പം, ‘അവര്‍ എന്നെ കൊന്നു, കാരണം ടെറസിലെ വസ്തുതകള്‍ എനിക്കറിയാമായിരുന്നു’എന്ന് ചേര്‍ത്തിരിക്കുന്ന കാര്‍ട്ടൂണ്‍. പ്രസിദ്ധമായ ‘അര്‍ബന്‍ നക്സല്‍സ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ വിവേക് രഞ്ജന്‍ അഗ്നിഹോത്രിയാണ് ആ കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തത്. കലാപ ബാധിത മേഖലയില്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുണ്ട്. അയാളുടെ കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ് മറുവിഭാഗത്തിനെതിരെ ആക്രമണം നടന്നത്. മുകളില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ അടക്കം വലിച്ചെറിഞ്ഞു. അവിടെയായിരുന്നു തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധ ശേഖരം. അവിടെ നിന്നാണ് അക്രമം അഴിച്ചുവിട്ടത്. അവിടേക്ക് അവരല്ലാതെ എത്തിയ ഏകയാള്‍ ആ ഐബി ഉദ്യോഗസ്ഥനാണ്; അങ്കിത് ശര്‍മ്മ. അയാളെ പിടിച്ചുകെട്ടി മൃഗീയമായി കൊല്ലുകയായിരുന്നു, വലിയൊരു സംഘം. ഇത് അവിടെ നടന്ന അക്രമങ്ങളുടെ ഒരു ചിത്രം മാത്രം. വേറെയും ചില ഭീകര ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട. അതൊന്നും പക്ഷെ പല ‘നിഷ്പക്ഷ’ മാധ്യമങ്ങളും കണ്ടില്ല;കണ്ടതായി നടിച്ചില്ല.
അര്‍ദ്ധരാത്രി ഉറക്കമില്ലാത്ത കോടതികള്‍
ഇതിപ്പോള്‍ പറയേണ്ടിവന്നത്, എന്തൊക്കെയോ തെരുവില്‍ പറയുന്നത് കേട്ടുകൊണ്ട് ദല്‍ഹി ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചില ന്യായാധിപന്മാര് അര്‍ധരാത്രി കഴിഞ്ഞ് (ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് ആണോ ആവോ) കോടതി കൂടിയ സാഹചര്യത്തില്‍ കൂടിയാണ്. ഈ രാജ്യത്ത് കോടതിക്ക് വളരെയേറെ ബഹുമാനം കിട്ടുന്നുണ്ട്; അതവര് അര്‍ഹിക്കുന്നുമുണ്ട്. വലിയ അധികാരങ്ങളുണ്ട്, അവകാശങ്ങളുണ്ട്, ഉത്തരവാദിത്തങ്ങളുമുണ്ട്. രാജ്യത്ത് ഭരണഘടനയും നിയമവും ക്രമാസമാധാനവുമൊക്കെ സംരക്ഷിക്കേണ്ടതും അവരാണ്. അതൊക്കെ കൊണ്ടാണ് ന്യായാധിപന്മാരെ രാജ്യം ബഹുമാനിക്കുന്നത്. ‘മൈ ലോര്‍ഡ്’ എന്നും ‘യുവര്‍ ഹോണര്‍’ എന്നുമൊക്കെ പരസ്യമായി വിളിക്കുന്നതും.
എന്നാല്‍ വഴിയില്‍ പറഞ്ഞുകേട്ട കാര്യങ്ങള്‍ തെളിവായി മാറുമെന്ന് ഏതെങ്കിലും കോടതിക്ക് പറയാനാവുമോ? ആരെങ്കിലും ഓടി വന്നു പറയുന്നത് വസ്തുതയാണെന്ന് ജഡ്ജിമാര്‍ക്ക് കരുതാനാവുമോ? അതിന്റെയൊക്കെ സാധുത വിലയിരുത്താന്‍ ചില നിയമ സംവിധാനങ്ങളും ചട്ടങ്ങളുമില്ലേ? ഒരു വീഡിയോ ക്ലിപ്പ് കണ്ടു എന്നു തന്നെ വെയ്ക്കുക, അതില്‍ വലിയ പ്രകോപനം ഉണ്ട് എന്നും കരുതുക; അത് എപ്പോള്‍ ഏത് സാഹചര്യത്തില്‍ പറഞ്ഞു എന്നതും അതിന്റെ സാധുതയും മറ്റും പരിശോധിക്കണ്ടേ; ഫോറന്‍സിക് പരിശോധന അടക്കം വേണ്ടതല്ലേ?
ഇനി ഇത്തരത്തിലുള്ള ഒന്നോ രണ്ടോ വീഡിയോകള്‍ മാത്രമാണോ കോടതി ഗൗരവത്തിലെടുക്കേണ്ടത്? ഈയടുത്ത കാലത്ത്, പൗരത്വ പ്രശ്നത്തിന്റെ മറവില്‍, സമരാഭാസങ്ങള്‍ തുടങ്ങിയ ശേഷം, എത്രയോ പ്രകോപനപരമായ വീഡിയോകള്‍ നാം കണ്ടു. ദേശീയ ചാനലുകള്‍ എത്രയെണ്ണം സജീവമായി മണിക്കൂറുകള്‍ ചര്‍ച്ചചെയ്തു. അതൊന്നും കുഴപ്പമുണ്ടാക്കുന്നതാണ് എന്ന് എന്തുകൊണ്ട് കോടതിക്ക് തോന്നിയില്ല എന്ന് നമുക്ക് ചോദിയ്ക്കാന്‍ പ്രയാസമുണ്ടാവും. പക്ഷെ അതല്ലേ സാധാരണ പൗരന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം? അപ്പോഴൊന്നും അര്‍ധരാത്രികളില്‍ കോടതി മുറികള്‍ തുറക്കേണ്ട അവസ്ഥ ഉണ്ടായില്ലല്ലോ എന്നും കുറേപ്പേരെങ്കിലും ആലോചിക്കില്ലേ? പറഞ്ഞുവന്നത്, കോടതികള്‍ നീതി നടപ്പിലാക്കുക തന്നെ വേണം; അക്കാര്യത്തില്‍ കാര്‍ക്കശ്യവും ആവശ്യമാണ്. എന്നാല്‍ നീതി നടപ്പിലാക്കിയാല്‍ മാത്രം പോരാ, നടപ്പിലാക്കിയത് നീതിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണ്ടേ? ഇത്തരം ചില ചിതറിയ ചിന്തകള്‍, സംശയങ്ങള്‍ ഉന്നയിച്ചുവെന്നേയുള്ളൂ. അതും രാജ്യം ചര്‍ച്ച ചെയ്യുന്നതില്‍ ആര്‍ക്കും അലോസരമുണ്ടാവേണ്ടതില്ലല്ലോ. ഇവിടെ ചീഫ് ജസ്റ്റിസ് അവധിയെടുക്കുമ്പോള്‍ കിട്ടുന്ന മണിക്കൂറുകള്‍ വേണ്ടവിധം ചിലര്‍ പ്രയോജനപ്പെടുത്തി എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. അത്രയ്ക്ക് കാര്യക്ഷമത അവര്‍ കാണിച്ചു. സ്ഥലം മാറ്റ ഉത്തരവിന് വിധേയമായിട്ടുള്ള ഒരാള്‍ക്ക് ഇത്രയൊക്കെയെങ്കിലും ചെയ്യാനാവണമല്ലോ, അല്ലെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: