ഏതാനും പഴയ സഹപ്രവര്‍ത്തകരെ അവരുടെ വസതികളില്‍ ചെന്നുകണ്ട് അതിലെ ആത്മീയത അനുഭവിക്കാനുള്ള അവസരം ഈയിടെയുണ്ടായി. അവരുമായി അര നൂറ്റാണ്ടിലേറെക്കാലത്തെ ആത്മബന്ധമാണുള്ളത്. സമാജനിഷ്ഠമായ സംഘസപര്യയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഇന്നും ഉള്ളിലെ ദീപത്തിന്റെ ജ്വാലയ്‌ക്ക് മങ്ങലേല്‍പ്പിക്കാതെ കഴിയുന്നു, ശാരീരികാവശതയുടെ ഗ്ലാനിചിന്തയേല്‍ക്കാതെ കാത്തുകൊണ്ട്.
മൂന്നു പേരും കോഴിക്കോടിനടുത്താണ് ഇപ്പോള്‍ താമസം. അവര്‍ ഇടക്കിടെ മൊബൈല്‍ ഫോണിലൂടെ ബന്ധം പുലര്‍ത്തി ഹൃദയം തുറക്കുന്നവരാണ്. അവരില്‍ ഞാനാദ്യം പരിചയപ്പെട്ടത് പാലക്കാട് വിഭാഗ് പ്രചാരകനായും, വിശ്വഹിന്ദു പരിഷത്തിന്റെ സംഘടനാ കാര്യദര്‍ശിയുമൊക്കെയായി പ്രവര്‍ത്തിച്ച് ആയിരക്കണക്കിന് സംഘ സ്വയംസേവകരുടെയും ബന്ധുക്കളുടെയും ഹൃദയങ്ങളില്‍ സ്ഥാനം നേടിയ പി. വാസുദേവനാണ്. ഞാന്‍ പ്രചാരകനായി വടക്കേ മലബാറില്‍ എത്തിയ 1958 കാലത്ത് പേരാമ്പ്ര വരെയുള്ള ശാഖകളുടെ മുഖ്യ ചുമതലക്കാരനായിരുന്നു വാസുദേവന്‍. അതിനു മുന്‍പ് കൃഷ്ണ ശര്‍മാജിയും, രാമചന്ദ്രന്‍ കര്‍ത്താ സാറും പ്രചാരകന്മാരായി അവിടെ പ്രവര്‍ത്തിച്ചിരുന്നു. മലബാറിലെ സംഘപ്രചാരകനായി അവിസ്മരണീയനായ ശങ്കര്‍ ശാസ്ത്രിയുടെ നിര്‍ദേശപ്രകാരം ഫറോക്കിനടുത്തുള്ള സ്വഗൃഹം വിട്ട് പേരാമ്പ്രയിലേക്കു താമസം മാറ്റി അവിടെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളായിരുന്നു വാസുദേവന്‍. അദ്ദേഹത്തിന്റെ മകനാണ് ഇന്ന് ‘ജന്മഭൂമി’യുടെ കോഴിക്കോട് പതിപ്പിന്റെ പത്രാധിപത്യ ചുമതലക്കാരനായ മോഹന്‍ദാസ്, ദശകങ്ങള്‍ക്കു മുന്‍പുതന്നെ യുവപത്രപ്രവര്‍ത്തക പ്രതിഭയ്‌ക്കുള്ള ‘പാഞ്ചജന്യ’ വാരികയുടെ പുരസ്‌കാരം നേടിയ ആള്‍.
1959-60 കളില്‍ വാഹന സൗകര്യങ്ങളും വഴിവിളക്കുകളുമില്ലാതിരുന്ന കാലത്ത് പേരാമ്പ്രയുടെ പരിസരങ്ങളിലുള്ള ശാഖകളില്‍ അദ്ദേഹത്തോടൊപ്പം പോയതും, ഇരുട്ടത്ത് തിരിച്ച് മൈലുകളോളം നടന്നു മടങ്ങിയെത്തിയതും ഓര്‍ക്കുന്നു. സുദീര്‍ഘമായ പ്രവര്‍ത്തനകാലത്തിനിടെ ഹിന്ദുസമാജത്തിന്റെ അന്തസ്സിനു കേടുവരാതെ കാക്കാനായി എത്രയെത്ര ചടുലമായ നീക്കങ്ങള്‍ നടത്തിയ ധീരനാണദ്ദേഹം. താനൂര്‍, തിരൂര്‍, കൊളത്തൂര്‍, ആതവനാട്, അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ എത്രയോ കനല്‍വഴികള്‍ ചവിട്ടിയാണ് വാസുദേവന്‍ സ്വയംസേവകര്‍ക്ക് ധൈര്യവും കരുത്തും പകര്‍ന്നതെന്ന് അറിയുന്നവര്‍തന്നെ ചുരുക്കമായിരിക്കും. അനുഭവങ്ങളുടെ വന്‍ കലവറതന്നെയായ അദ്ദേഹം ഏതാനും വര്‍ഷങ്ങളായി ചിദാനന്ദപുരി സ്വാമികളുടെ കൊളത്തൂര്‍ അദൈ്വതാശ്രമ വളപ്പിലെ ഒരു കാറ്റ് പോലത്തെ ഗൃഹം വാങ്ങി സഹധര്‍മ്മിണിയോടൊപ്പം താമസിക്കുകയാണ്. ഔഷധപ്രയോഗം ഇരുവര്‍ക്കും അത്യാവശ്യമാണ്. ആശ്രമാന്തരീക്ഷത്തിലെ പവിത്രതയില്‍ ആറാടിയുള്ള ജീവിതം. ഞാന്‍ കുടുംബസഹിതമാണ് പോയത്. പറഞ്ഞാല്‍ തീരാത്തത്ര കാര്യങ്ങള്‍ പരസ്പരം പറയാനുണ്ട്. അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ഭാസ്‌കര്‍ റാവുജി ശതാബ്ദിയോടനുബന്ധിച്ചു കോഴിക്കോട്ടു നടന്ന പൂര്‍വ പ്രചാരക സംഗമത്തിലും കണ്ടിരുന്നു. അറുപതുവര്‍ഷത്തെ അടുപ്പവും സഹോദര നിര്‍വിശേഷമായ പെരുമാറ്റവും പുതുമയോടെ നില്‍ക്കുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന് ഞങ്ങളുടെ സന്ദര്‍ശനം. ആശ്രമത്തിലെ ഏതോ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന വാസുദേവന്‍ വിവരമറിഞ്ഞു വീട്ടില്‍ എത്തിയപ്പോഴത്തെ മുഖപ്രസാദം ഒരിക്കലും മറക്കാനാവില്ല.
എറണാകുളത്തെ പഴയ ബിജെപി പ്രവര്‍ത്തകര്‍ക്ക് സുപരിചിതനായ ‘ഷിപ്പ്‌യാര്‍ഡ് ബാലന്‍’ ഇപ്പോള്‍ കൊയിലാണ്ടി താലൂക്കിലെ നടുവണ്ണൂരിലാണ് താമസം. ശാരീരികമായി അവശതയിലാണ്. നടക്കാനും മറ്റു ജോലികള്‍ ചെയ്യാനും അശക്തനാണ്; കസാലയില്‍ ഇരിക്കും. അല്‍പനേരം പിടിച്ചെഴുന്നേല്‍പ്പിച്ചു നിര്‍ത്തണം. പത്രങ്ങള്‍ വായിക്കും. ജന്മഭൂമി തുടക്കം മുതല്‍ ഒടുക്കം വരെ. മനസ്സു നിറയെ സംഘവും ബിജെപിയും മാത്രം. വീട്ടുകാര്‍ ഓര്‍മിപ്പിച്ചാല്‍ മറ്റു കാര്യങ്ങള്‍ ഓര്‍ക്കും. എന്തെങ്കിലും വിശേഷ വിധിയായി തോന്നിയാല്‍ എന്നെ വിളിക്കാറുണ്ട്. ഹൃദയത്തിലേതു മുഴുവന്‍ കെട്ടഴിക്കും. ചിലപ്പോള്‍ സംഭാഷണം മണിക്കൂര്‍ നീണ്ടുവെന്നും വരാം.
1967 ല്‍ ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയായി കോഴിക്കോട്ടെത്തിയപ്പോള്‍, ജില്ലയുടെ ഉള്‍നാടുകളിലെ സ്ഥാനീയ സമിതികള്‍ സന്ദര്‍ശിച്ച് സാധാരണ പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കണമെന്ന പരമേശ്വര്‍ജിയുടെ നിര്‍ദേശം മനസ്സില്‍വച്ചുകൊണ്ടാണ് നടുവണ്ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ പോയത്. അവിടെനിന്ന് ഏതാനും കി.മീ. വടക്ക് പേരാമ്പ്രയില്‍ പ്രചാരകനായി നേരത്തേ പ്രവര്‍ത്തിച്ചതിനാല്‍, നടുവണ്ണൂരിലെ പലരെയും പരിചയമായിരുന്നു. അവിടെ ജനസംഘ സമിതിയോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന പയ്യനായിട്ടാണ് ബാലനെ കണ്ടത്. അവിസ്മരണീയമായ ഒരു സംഭവം ജനസംഘകാര്യാലയത്തിലുണ്ടായി. കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത് പാളയം റോഡിലെ വെങ്കിടേശ് ബില്‍ഡിങ്ങിന്റെ നാലാം നിലയിലാണ്. മൂന്നാം നിലയില്‍ കേസരി വാരിക പ്രവര്‍ത്തിച്ചുവന്നു. രാത്രി പത്തുമണിക്കുശേഷം മുകളിലേക്കു കയറാന്‍, മുന്‍കൂട്ടി അറിയിച്ചവര്‍ക്കല്ലാതെ പറ്റില്ല എന്ന തീരുമാനം, കേസരി രാഘവേട്ടനും പരമേശ്വര്‍ജിയുമെടുത്തിരുന്നു. ഷട്ടര്‍ അടച്ചു പൂട്ടി ഒരു താക്കോല്‍ ‘കേസരി’യിലും മറ്റൊന്ന് സംഘകാര്യാലയത്തിലും ആയിരുന്നു. ഒരു ദിവസം രാവിലെ അഞ്ചിന് ഷട്ടര്‍ തുറക്കാന്‍ ചെന്നപ്പോള്‍ അവിടെ ഒരു ചെറുപ്പക്കാരന്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നു. ആളെ അകത്തുകയറ്റി പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വിട്ടു. രാത്രി വൈകി വണ്ടിക്കു സ്റ്റേഷനില്‍ ഇറങ്ങി ജനസംഘകാര്യാലയത്തില്‍ കൂടാമെന്നുദ്ദേശിച്ചു വന്ന നടുവണ്ണൂര്‍ക്കാരന്‍ ബാലനായിരുന്നു അത്. മുന്‍കൂട്ടി അറിയിക്കാതെ വന്നതുമൂലമുണ്ടായ പ്രശ്‌നമാണെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ കുറെ ശ്രമിച്ചു. ”ഞാനും പരമേശ്വര്‍ജിയും അടല്‍ ബിഹാരി വാജ്‌പേയിയും 25 പൈസ കൊടുത്ത് അംഗങ്ങളായവരാണ്, അതിനാല്‍ കാര്യാലയത്തിന് ഒരേപോലെ അവകാശികളാണ്” എന്ന അനിഷേധ്യമായ വാദമായിരുന്നു ബാലന്റേത്. കുറെ കഴിഞ്ഞു സൗഹാര്‍ദത്തില്‍ പിരിഞ്ഞു.
അടിയന്തരാവസ്ഥയ്‌ക്കു മുന്‍പുള്ള മാസങ്ങളില്‍ അദ്ദേഹം എറണാകുളത്തു വന്നു. പല ജോലികളും നോക്കി. അന്ന് ‘രാഷ്‌ട്ര വാര്‍ത്ത’ എന്ന സായാഹ്ന ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അച്ചടിയിലും വിതരണത്തിലും, സംസ്ഥാന സമിതികാര്യാലയത്തിലും സഹായിച്ച് എറണാകുളത്ത് തള്ളിനീക്കുകയായിരുന്നു. ‘രാഷ്‌ട്രവാര്‍ത്ത’യുടെ ഉപയോഗത്തിനായി. ഗോവിന്ദ ഷേണായി എന്ന സ്വയംസേവകന്‍ തന്റെ കെട്ടിടത്തിന്റെ നാലാം നിലയിലെ കോണിക്കൂടിനോടു ചേര്‍ന്ന മുറി നല്‍കിയിരുന്നു. ബാലന്‍ ഉറക്കം അവിടെയാക്കി. തന്റെ ബുദ്ധിമുട്ടുകള്‍ കടിച്ചിറക്കിക്കൊണ്ടാണ് ബാലനവിടെ കഴിഞ്ഞത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അടുത്തയാഴ്ചയാണല്ലോ; കേരളത്തിലെ ആദ്യ അറസ്റ്റുകള്‍ നടന്നത്. രണ്ടുനാള്‍ മുന്‍പ് എറണാകുളത്തെത്തിയപ്പോള്‍ രാഷ്‌ട്രവാര്‍ത്തയുടെ ആസ്ഥാനത്തു താമസിക്കരുതെന്ന് കര്‍ശനമായി വിലക്കി മറ്റെവിടേക്കെങ്കിലും പോകാന്‍ ആവശ്യപ്പെട്ടു. ബാലന്‍ എവിടേക്കോപോയി. അതിനാല്‍ അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ടു.
ജനതാഭരണം വന്നപ്പോള്‍ ബാലന് ഷിപ്പ്‌യാര്‍ഡില്‍ ജോലി ലഭിക്കണമെന്ന ആഗ്രഹമുണ്ടായി. അതിനായി കഴിയാവുന്ന പ്രയത്‌നങ്ങളൊക്കെ ചെയ്തു. കമ്പനി വാതില്‍ക്കല്‍ കാത്തുനിന്ന് പലപ്പോഴും നിരാശനായി മടങ്ങി. ചിലപ്പോള്‍ കയറാന്‍ സാധിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ജോലി കിട്ടി. അതിനിടെ ജനതാപാര്‍ട്ടിയും ബിജെപിയുമൊക്കെ വന്നു. ബാലന്‍ അതിലെല്ലാം സജീവമായിരുന്നു. ബിജെപിയുടെ എല്ലാ നേതാക്കളുടെയും ഒപ്പം ഫോട്ടോയെടുത്തു. താനനുഭവിച്ച ദുരിതങ്ങളൊക്കെ തന്നെ സ്ഫുടം ചെയ്‌തെടുക്കാനുള്ള പ്രക്രിയയായി കരുതി. കുടുംബസ്ഥനായി, ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ തന്റെ തറവാട്ടു പറമ്പില്‍ വീടുവച്ച് താമസമാക്കി. അവിടത്തെ പരിവാര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സംഘാധികാരിമാരെയും പാര്‍ട്ടി നേതാക്കളെയും വീട്ടില്‍ സ്വീകരിച്ചു. ഇടയ്‌ക്കിടെ എന്നെ ഫോണ്‍ ചെയ്തു സംസാരിക്കും. മിക്കതും രാഷ്‌ട്ര കാര്യം. അല്‍പമൊക്കെ സ്വന്തം അവശതകളും. മൂന്നാഴ്ച മുന്‍പ് വിളിച്ചപ്പോള്‍ എന്നെ കാണാന്‍ വലിയ ആഗ്രഹമാണെന്നും, അടുത്തു കോഴിക്കോട്ടു പോകുമ്പോള്‍ വീട്ടില്‍ വരണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ഇത്തവണത്തെ കോഴിക്കോട്ട് യാത്രയ്‌ക്ക് പ്രചോദനം ബാലന്റെ ആഗ്രഹമായിരുന്നു. അദ്ദേഹം എറണാകുളത്തായിരുന്നപ്പോള്‍ പോകാറുണ്ടായിരുന്ന ഒരു വീട് പച്ചാളം വിജയന്റേതായിരുന്നു. വിജയന്റെ അനുജത്തിയായ എന്റെ സഹധര്‍മിണിക്കും ബാലന്റെ വീട്ടില്‍ പോകണമെന്ന അഭിപ്രായമായി. അങ്ങനെ നടുവണ്ണൂരിലെ വീട്ടില്‍ ഞാന്‍, ഭാര്യ, മകന്‍, അനു, അയാളുടെ പത്‌നി പ്രീതാ ലക്ഷ്മി, മകള്‍ ഈശ്വരി എന്നിവരുമൊരുമിച്ച് ചെന്ന്, ആ കുടുംബത്തിന്റെ ആതിഥ്യം അനുഭവിച്ചു. തിഥി നോക്കാതെ ചെന്നു കയറുന്നതാണ് ആതിഥ്യം എന്നു ഹരിയേട്ടന്‍ പണ്ടുപറഞ്ഞുതന്നിട്ടുണ്ട്.
ആ യാത്രയില്‍ മുന്‍ പ്രചാരകന്‍ ശിവദാസന്റെ കൊളത്തൂരെ വീട്ടിലും പോയി. ശിവദാസനെ 1968 മുതല്‍ പരിചയമായിരുന്നു. അന്ന് കണ്ണൂരിലെ ക്യാമ്പ് ബസാറില്‍ ജനസംഘത്തിന്റെ കാര്യാലയമായി ഒരു കെട്ടിടത്തിന്റെ മുകളിലത്തെ മുറിയെടുത്തപ്പോള്‍ അതിന്റെ ചുമതല കെ.ജി. മാരാര്‍, ശിവദാസനെയാണ് ഏല്‍പ്പിച്ചത്. സംഘപ്രചാരകനായി പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഹരിപ്പാട്ടു പ്രചാരകനായിരിക്കേ അറസ്റ്റു ചെയ്യപ്പെട്ടു. ‘മരണത്തെ വെല്ലുവിളിച്ചവര്‍’ എന്ന ‘കുരുക്ഷേത്ര’ പ്രസിദ്ധീകരണത്തില്‍ അക്കാലത്ത് ശിവദാസ് അനുഭവിക്കേണ്ടി വന്ന സമാനതകളില്ലാത്ത പീഡനങ്ങളുടെ വിവരണങ്ങളുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ മരിച്ചു ജീവിച്ച ശിവദാസിന്റെയും വൈക്കം ഗോപകുമാറിന്റെയും അനുഭവങ്ങളാണതില്‍ ഏറ്റവും ഭീകരം. പിന്നീട് ഗാര്‍ഹസ്ഥ്യത്തില്‍ പ്രവേശിച്ച അദ്ദേഹം അത്തോളിയില്‍ ഒരു ആയുര്‍വേദ ഔഷധശാല നടത്തിവന്നു. അതും ഈയിടെ നിര്‍ത്തി. മൂന്നുവര്‍ഷം മുന്‍പ് കോഴിക്കോട്ടു പ്രധാനമന്ത്രി പങ്കെടുത്ത പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനു കഴിയാത്തതിന്റെ ദുഃഖവും അരിശവും അന്നുതന്നെ ഫോണില്‍ എന്നെ അറിയിച്ചിരുന്നു. അപ്രോച്ച് റോഡില്ലാത്ത, പാലം പോലും ഇല്ലാത്തിടത്തായിരുന്നു അദ്ദേഹം എന്നു തോന്നിപ്പോയി.
ശിവദാസിന്റെ താമസം കൊളത്തൂര്‍ ആശ്രമത്തിനടുത്തുതന്നെ. അദ്ദേഹത്തിന്റെ ധര്‍മപത്‌നിയും വീട്ടിലുണ്ടായിരുന്നു. വളരെക്കാലത്തിനുശേഷമുള്ള സമാഗമമായിരുന്നു അത്. അദ്ദേഹം പേരാമ്പ്ര ഭാഗത്ത് പ്രചാരകനായിരുന്നപ്പോഴാണ് മോഹന്‍ദാസ് എസ്എസ്എല്‍സി കഴിഞ്ഞുനില്‍ക്കുന്നത്. ഭാസ്‌കര്‍ റാവുജിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ എറണാകുളം പ്രാന്തകാര്യാലയത്തിലെത്തിക്കാന്‍ വാസുദേവനോടൊപ്പം പോയതു ശിവദാസ് ആയിരുന്നു. അവര്‍ക്കിടയിലെ ആത്മീയ ബന്ധം ഇന്നും സുദൃഢമാണ്. ദാസന്റെ വീട്ടില്‍ ചെല്ലുന്ന വിവരം അറിയിക്കാന്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത് മോഹന്‍ദാസിനോടായിരുന്നു.
ശിവദാസിന്റെ വീട്ടില്‍നിന്ന് അശോക മരത്തിന്റെ തൈ പറിച്ചെടുത്തു. ഇപ്പോഴത്തെ കടുത്ത വെയിലില്‍ അതു വേരുപിടിപ്പിച്ചെടുക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ടായി. നനവു മാറാതെ സൂക്ഷിച്ചാല്‍ മതിയെന്ന ഉപദേശം സ്വീകരിച്ച് അതു നട്ടു. തണല്‍ കൊടുത്ത് നനച്ചു നിര്‍ത്തിയിരിക്കുന്നു. ”മരണത്തെ വെല്ലുവിളിച്ചു ജീവിക്കുന്ന ആളുടെ ദാനമല്ലേ, അശോകമല്ലേ; തളിര്‍ക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നു”, എന്ന് ഇതെഴുതുന്നതിന് മുന്‍പ് അദ്ദേഹം അന്വേഷിച്ചപ്പോള്‍ മറുപടി കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: