റിയാദ്: കൊറോണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ വൈറസ് ബാധിതര്‍ കൂടുതലുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് സന്ദര്‍ശക വിസ നല്കുന്ന നടപടികള്‍ സൗദി അറേബ്യ താത്കാലികിമായി നിര്‍ത്തിവെച്ചു. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്ന് സൗദി ടൂറിസം മന്ത്രാലയമാണ് അറിയിച്ചത്.
ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് നിലവില്‍ നേടിയിട്ടുള്ള സന്ദര്‍ശക വിസകളും മന്ത്രാലയം താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ തടസ്സമില്ല. ഓണ്‍ അറൈവല്‍ വിസയും ഇ-വിസയും നേരത്തെ നിഷ്കര്ശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍ന്നും അനുവദിക്കും.
അതേസമയം ഉമ്ര വിസകള്‍ അനുവദിക്കുന്നതിന് സൗദി മന്ത്രാലയം നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതാണ്. അതിനാല്‍ സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ സാധിക്കില്ല. ഇ- വിസയ്ക്കും ഓണ്‍ അറൈവല്‍ വിസയ്ക്കും യോഗ്യതയില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദി എംബസികളും കോണ്‍സുലേറ്റുകളും വഴി നേടിയ ടൂറിസ്റ്റ് വിസകളില്‍ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: