കണ്ണൂര്‍: അഴിമതിയില്‍ പിണറായി വിജയന് ഉമ്മന്‍ചാണ്ടിയെ കടത്തിവെട്ടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ ഉപജാപക കേന്ദ്രമായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ പൗരാവലി നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ തെളിവുകള്‍ പുറത്തുവരുന്നു. പോലീസിലേതുള്‍പ്പെടെ സൂചിപ്പിപ്പിക്കുന്നത് അഴിമതി സാര്‍വ്വത്രികമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ്. അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനും വികസനമില്ലായ്മയ്ക്കുമെതിരെയുള്ള ജനാഭിലാഷം ശരിയായ രീതിയില്‍ പ്രകടമാക്കുകയെന്നതാണ് ബിജെപിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്രയും ഭീകരമായ അഴിമതി നടന്ന കാലം കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ദുഷിച്ച രാഷ്ട്രീയ സാഹചര്യം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് ഒരു ഭാഗത്തും കാണാന്‍ സാധിക്കാത്ത പ്രയാസകരമായ കാര്യങ്ങളാണ് കേരളത്തിലുള്ളത്. വികസന പ്രതിസന്ധിയാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനൊന്നും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. അനാവശ്യമായി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനപ്പുറം പ്രതീക്ഷ നല്‍ക്കുന്നതൊന്നും കേരള സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ സാധിക്കുന്നില്ല. കേന്ദ്രപദ്ധതികളെല്ലാം കേരളത്തിന്റെ പദ്ധതിയായി പേര് മാറ്റുന്നു. ജനങ്ങളുടെ ചോദ്യത്തിന് മറുപടിയില്ലാത്തതു കൊണ്ടാണ് കുന്തമുന കേന്ദ്രത്തിനെതിരെ തിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പ്രസിഡന്റുമാരായ പി.പി. കരുണാകരന് മാസ്റ്റര്‍, എ. ദാമോദരന്‍, എം.കെ. ശശീന്ദ്രന് മാസ്റ്റര്‍, കെ. സുകുമാരന്‍ മാസ്റ്റര്‍, പി.കെ. വേലായുധന്, കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി വി. രത്നാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: