പാലക്കാട്: ഇടിഞ്ഞുപൊളിഞ്ഞ കൂരയ്ക്ക് പകരം സുരക്ഷിതമായ വീട് എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബിജെപി കൗണ്‍സിലര്‍. 20 കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് പിഎംഎവൈ പദ്ധതിയിലുള്‍പ്പെടുത്തി പട്ടാമ്പി നഗരസഭയിലെ ബിജെപി കൗണ്‍സിലറായ വിനീത ഗിരീഷ് സാക്ഷാത്ക്കരിച്ചിരിക്കുന്നത്. വീടുകളുടെ ഗൃഹപ്രവേശ ചടങ്ങ് ഇന്ന് രാവിലെ 10 മണിക്ക് കേന്ദ്രമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും.
പട്ടാമ്പി നഗരസഭയിലെ കീഴായൂര്‍ 15-ാം വാര്‍ഡ് കൗണ്‍സിലറായ വിനീത ഗിരീഷാണ് ലക്ഷംവീട് കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് പിഎംഎവൈ പദ്ധതിപ്രകാരം വീട് നിര്‍മിച്ചു നല്‍കിയത്. ഇടതുവലതു കൗണ്‍സിലര്‍മാര്‍ നല്കിയ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരുന്നുവെന്ന് കോളനിക്കാര്‍ പറയുമ്പോഴാണ് അവരില്‍ നിന്ന് വിനീത വ്യത്യസ്തയാകുന്നത്. പട്ടയം ഇല്ലാതിരുന്ന ലക്ഷം വീട് കോളനിക്കാര്‍ക്ക് പട്ടയവും ഇതോടൊപ്പം ലഭ്യമാക്കി.
നാലര വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യര്‍ത്ഥിച്ച് ലക്ഷം വീട് കോളനിയിലെത്തിയപ്പോഴാണ് ഇവരുടെ ദുരിതജീവിതം നേരിട്ട് കണ്ടത്. ഒരു വീട്ടില്‍ മൂന്ന് കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. അന്ന് അവര്‍ക്ക് നല്കിയ ഉറപ്പായിരുന്നു തെരഞ്ഞെടുക്കപ്പെട്ടാല്‍ വീട് പണിത് കൊടുക്കുമെന്ന്. അത് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.
അഞ്ച് ലക്ഷം രൂപ ചെലവില്‍ നാല് സെന്റ് സ്ഥലത്ത് 400 സ്ക്വയര്‍ ഫീറ്റ് വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ചിരിക്കുന്നത്. രണ്ട് മുറികള്‍, അടുക്കള, ഹാള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ നാല് ലക്ഷം രൂപയാണ് പിഎംഎവൈ പദ്ധതി പ്രകാരം ലഭിക്കുന്നത്. അവസാന ഗഡു നഗരസഭയില്‍ നിന്ന് കിട്ടാനുണ്ട്. നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, കുടുംബാംഗങ്ങള്‍ അങ്ങനെ സഹായിക്കുവാന്‍ കഴിയുന്നവരെയെല്ലാം സമീപിച്ചാണ് ബാക്കി തുക സംഘടിപ്പിച്ച് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത അവസാന ഗഡു ലഭിക്കുന്നതോടെ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിനീത. ബാധ്യത സ്വയം ഏറ്റെടുക്കേണ്ടിവന്നാല്‍ പോലും പാവങ്ങളുടെ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിനീത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: