ന്യൂദല്‍ഹി: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം വേണമെന്നും പോലീസിനെതിരെ കേസെടുക്കണമെന്നുമുള്ള ആവശ്യം സുപ്രീംകോടതി തള്ളി. കൊല്ലപ്പെട്ട പ്രതികളുടെ രക്ഷിതാക്കളാണ് ഹര്‍ജി നല്‍കിയത്. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
പ്രതികളുടെ കൊലപാതകം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച മൂന്നംഗ കമ്മീഷനെ സമീപിക്കാനും കോടതി ഇവരോട് നിര്‍ദേശിച്ചു. കമ്മീഷന് മുന്നില്‍ പോലീസിന്റെ നടപടിക്കെതിരെ തെളിവുകള്‍ സമര്‍പ്പിക്കാം. പിന്നീട് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കാം. എന്നാല്‍ കൊലപാതകത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ അവസാനിക്കും വരെ പരാതിക്കാര്‍ കാത്തിരിക്കാന്‍ തയാറാകണമെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ പ്രതികളായ നാലു പേര്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്. പ്രതികളുടെ രക്ഷിതാക്കളായ ജൊല്ലു ലക്ഷ്മി, ജൊല്ലു രാജയ, ചിന്ദകുന്തല കുര്‍മാന, പിഞ്ഞാരി ഹുസെയ്ന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. നാലു പ്രതികളുടെയും കുടുംബത്തിന് അമ്പത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: