പന്തളം: ശബരിമല തിരുവാഭരണ പരിശോധന പൂര്‍ത്തിയായെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. തിരുവാഭരണത്തിന്റെ സുരക്ഷയില്‍ തൃപ്തനാണ്. ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. തിരുവാഭരണളുടെ മാറ്റ് പരിശോധിച്ചത് യന്ത്ര സഹായത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊടിക്കൂറ, നെറ്റിപ്പട്ടം തുടങ്ങിയവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കലില്‍ ആദ്യ ഘട്ടത്തില്‍ നടന്നത്. 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന തിരുവാഭരണത്തിന്റെ തൂക്കവും മാറ്റും പരിശോധിച്ച് ഉറപ്പാക്കി.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് തിരുവാഭരണ പരിശോധനയ്‌ക്കായി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെത്തിയത്. വലിയകോയിക്കല്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകം ഓഫീസ് കെട്ടിടത്തിലേക്ക് എത്തിച്ച് പരിശോധന ആരംഭിച്ചു. സ്വര്‍ണപ്പണിക്കാരടങ്ങുന്ന വിദഗ്ധ സംഘമാണ് തിരുവാഭരണങ്ങള്‍ പരിശോധിച്ചത്. രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചയ്‌ക്ക് 2.30 വരെ നീണ്ടു.
ദേവസ്വം വിജിലന്‍സ് എസ്പി പി.ബി. ജോയി, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍ വാര്യര്‍, ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.എസ്. ഉണ്ണികൃഷ്ണന്‍, പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ഖജാന്‍ജി ദീപാവര്‍മ്മ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
തിരുവാഭരണങ്ങള്‍ പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ സുരക്ഷിതമല്ലെന്ന് കോടതിയില്‍, കൊച്ചുകോയിക്കല്‍ കൊട്ടാരം ആശങ്ക പങ്കുവച്ചിരുന്നു. പരിശോധന പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍, നാല് ആഴ്ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
















