ന്യൂദല്‍ഹി: കൊറോണ ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഈ ആഴ്ചത്തെ വ്യാപാരം അവസാനിപ്പിക്കുന്ന ഇന്നലെ ഒറ്റ ദിവസം കൊണ്ട് സെന്‍സെക്സ് 1448.37 പോയിന്റ് താഴ്ന്ന് 38,297.29ലും നിഫ്റ്റി 431.55 പോയിന്റ് കുറഞ്ഞ് 11,201.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി വിപണിയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയിലുണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്. ഒറ്റ ദിവസം കൊണ്ട് ഓഹരി വിപണിയുടെ മൂല്യത്തില്‍ 5.20 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ഓഹരി വിപണിയുടെ തകര്‍ച്ചയില്‍ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിപണി മൂല്യത്തില്‍ 500 കോടി ഡോളറിന്റെ കുറവുണ്ടായി. അസിം പ്രേംജിയുടെ വിപ്രോ ഗ്രൂപ്പിന്റെ മൂല്യത്തില്‍ 869 മില്യണ്‍ ഡോളറും അദാനിക്ക് 496 മില്യണ്‍ ഡോളറും ഇടിവുണ്ടായി. ചൈനയ്ക്ക് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ പിടിമുറുക്കിയതോടെ ലോക വിപണി വന്‍ തിരിച്ചടിയാണ് നേരിട്ടത്. ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ അമേരിക്കയില്‍ വ്യാഴാഴ്ച കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഇതിന് പിന്നാലെയാണ് യൂറോപ്പിലും ഏഷ്യയിലുമുണ്ടായ വ്യാപാര തിരിച്ചടികള്‍. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ മെയ് മാസത്തിനു ശേഷമുണ്ടായ വ്യാപാര തിരിച്ചടികളില്‍ വലുതാണ് ഇന്നലത്തേത്.
യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ 3.89 ശതമാനത്തോളം നഷ്ടമാണ് ഇന്നലെ ഉണ്ടായത്. ടോക്കിയോ ഷെയറുകളില്‍ 3.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.ലോക ഓഹരി വിപണിയുടെ മുല്യത്തില്‍ 5 ലക്ഷം കോടി ഡോളറിന്റെ മൂല്യനഷ്ടം സംഭവിച്ചു.ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ഭീതിയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് തകര്‍ച്ചക്ക് കാരണമായത്. 2008ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതസന്ധിയാണ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്.
കൊറോണ എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചതോടെ ആശങ്കയിലാണ് സാമ്പത്തിക ലോകം. വന്‍ നിക്ഷേപകരെല്ലാം വിപണിയില്‍നിന്നു പിന്മാറുന്നതും, സ്വര്‍ണത്തെ കൂടുതല്‍ സുരക്ഷിതമായ നിക്ഷേപമായി കണ്ട് മൂലധനം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതുമാണ് ലോകത്താകമാനം വിപണിയുടെ വന്‍ തകര്‍ച്ചയ്ക്ക് കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: