ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ നിന്നാണ് ഇതെഴുതുന്നത്. പേര് എ1/842/2017/67പിഎയു(19). വിശദമായി പറഞ്ഞാല്‍ തിരുവനന്തപുരം പാച്ചല്ലൂര്‍ മുടിപ്പുര ചുടുകാട് പുതുവല്‍ പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ദമയന്തിയുടെ ലൈഫ് ഭവന പദ്ധതിക്കായുള്ള അപേക്ഷാ ഫയല്‍.
ശ്രീചിത്ര പൂവര്‍ഹോമിലെ അന്തേവാസിയായിരുന്ന ദമയന്തി ജില്ലാ കളക്ടര്‍ക്ക് നല്കിയ ലൈഫ് പദ്ധതി അപേക്ഷയിലാണ് എ1/842/2017/67പിഎയു(19) നമ്പര്‍ ഫയലായി ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ എത്തുന്നത്. ലൈഫ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. കാരണം ആ വിഭാഗത്തിലെ ഫയലായിട്ടും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. തുടര്‍ന്നാണ് ഫയലിലെ ജീവിതത്തിലൂടെ കണ്ണോടിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ദമയന്തിയും എട്ട് വയസ്സുള്ള മകളും 16 വയസ്സുള്ള മകനും ഒറ്റമുറിയിലാണ് താമസം. അതും വാടകയ്ക്ക്. എനിക്കൊപ്പമുള്ള എ1/734/2017 പിഎയു(19) ഫയല്‍ പറയുന്നത് ആ മുറിയില്‍ ഒരു കുടംബം കൂടി താമസിക്കുന്നുണ്ടെന്നാണ്. വൃദ്ധയായ സുശീല(65)യും 27 വയസ്സുള്ള മകള്‍ സജ്നയും. ശ്വാസം പോലും വിടാനാകാതെ ഒരുമുറിയില്‍ രണ്ട് കുടുംബങ്ങള്‍ കഴിയുന്നു.
ദമയന്തിക്ക് ഫാന്‍സി കടയില്‍ നിന്നുള്ള ചെറിയ കൂലി കുട്ടികളുടെ നിത്യച്ചെലവിനു പോലും തികയില്ല. വിധവയായ സുശീലയ്ക്കാകട്ടെ പച്ചക്കറി വില്‍പ്പനയാണ് ഏക വരുമാനം. സുശീലയുടെ മൂത്തമകളുടെ വിവാഹം നാട്ടുകാരാണ് നടത്തിയത്. വാടകവീടുകള്‍ മാറി മാറി പോകുന്നതിനാല്‍ ബിരുദധാരിയായ ഇളയമകള്‍ സജ്നയ്ക്ക് ട്യൂഷന് എടുക്കാനും കഴിയുന്നില്ല. സുശീലയ്ക്ക് വിധവാ പെന്‍ഷനും ദമയന്തിക്ക് ബിപിഎല്‍ കാര്‍ഡും ഉള്ളതിനാല്‍ ഒരുനേരമെങ്കിലും ആഹാരം കഴിക്കുന്നു. സുശീല അസുഖ ബാധിതയാണ്. അവര്‍ കൂടി ഇല്ലാതായാല്‍ സജ്നയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാകും. വാടക നല്കാത്തതിനാല് ഏത് നിമിഷവും ആ മുറി ഒഴിയേണ്ട അവസ്ഥയിലാണ്. ഈ രണ്ട് കുടുംബത്തിനും ലൈഫ് പദ്ധതിയില്‍ വീടില്ല.
അസുഖബാധിതരായ മക്കളുമായി ജീവിതം തള്ളിനീക്കുന്ന തിരുവല്ലം ഇടയ മുടുമ്പിന് വീട്ടില്‍ ബിന്ദുവിന്റെ ജീവിതവും പരമ ദയനീയമാണ്. മൂത്ത രണ്ട് ആണ്‍കുട്ടികള്‍ക്കും അസുഖമാണ്. ഇവര്‍ക്കൊപ്പം ഇളയ പെണ്‍കുട്ടിയുമായി തിരുവല്ലം ഇടയയിലെ സഹോദരന്റെ വീട്ടിലാണ് താമസം. ബിന്ദുവിന്റെ അച്ഛന് തങ്കപ്പന് കാന്‍സറും അമ്മ വത്സലയ്ക്ക് വൃക്ക രോഗവും വന്നു മരിച്ചു. മൂത്തമകന് ഏഴാം ക്ലാസ്സുകാരനായ അക്ഷയ്ക്ക് ജന്നിയും രണ്ടാമത്തെ മകന് അഭിലാഷിന് ആസ്ത്മയും. ഇവരുടെ മരുന്നിന് തന്നെ നല്ലൊരു തുക കണ്ടെത്തണം. അതിന് പുറമെ ഇരുവരെയും ദിവസവും 180 രൂപ ഓട്ടോ വാടക നല്‍കിയാണ് കമലേശ്വരം സ്കൂളില്‍ കൊണ്ടുപോകുന്നത്. ഭര്‍ത്താവ് ദിലീപിന് കൂലിവേലയില്‍ നിന്നും ബിന്ദു വീട്ടു ജോലിക്കും പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് പട്ടിണി ഇല്ലാതിരുന്നത്. ഇതിനിടെ ദിലീപ് കഴിഞ്ഞ ഡിസംബര്‍ 12ന് പേ വിഷ ബാധയേറ്റ് മരിച്ചു. ഇതോടെ കുടുംബം അനാഥമായി. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്. സഹോദരന്റെ വീട്ടില്‍ നിന്നും ഏത് നിമിഷവും ഇറങ്ങേണ്ട അവസ്ഥയുമാണ്. എന്നിട്ടും ബിന്ദുവിനും ഈ പദ്ധതിയില്‍ വീടില്ല.
ഇവരെല്ലാം ഒരിക്കല്‍ പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. പക്ഷേ സിപിഎം അനുഭാവികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി പട്ടിക അട്ടിമറിച്ചു. ഇന്ന് ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം പേര്‍ക്കുള്ള വീടു നല്‍കുന്നതിന്റെ ഉദ്ഘാടനം നടക്കുന്ന വിവരമറിഞ്ഞു. ദമയന്തിയെയും സുശീലയെയും ബിന്ദുവിനെയും പോലുള്ളവര്‍ക്ക് അല്ലാതെ ആര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ട നിരവധി ഫയലുകളാണ് ഇവിടെ കുന്നുകൂടി കിടക്കുന്നത്. ഇപ്പോഴത്തെ രണ്ട് ലക്ഷത്തിന്റെ കണക്കില്‍ ഇവരാരും വന്നിട്ടില്ല. ഓരോ ഭരണം മാറി വരുമ്പോഴും എന്നെപ്പോലെ ലക്ഷക്കണക്കിന് ഫയലുകള്‍ ഉണ്ടാകും. ദമയന്തിയും സുശീലയും ബിന്ദുവും എല്ലാം പട്ടികയില്‍ ഉള്‍പ്പെടും…പക്ഷെ….
എന്ന്
എ1/842/2017/67പിഎയു(19)
ദാരിദ്ര്യ ലഘൂകരണ വിഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: