കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി പുനഃപരിശോധിക്കപ്പെടേണ്ടതാണ്. സംഘടിക്കാനും സംഘടിപ്പിക്കാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള അവകാശം ഭരണഘടനാദത്തമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ വിജയം യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യത്തിലാണ്.
ലോകചരിത്രം തന്നെ മാറ്റിമറിക്കാന്‍ വിദ്യാര്‍ത്ഥി-യുവജന ശക്തിക്കായിട്ടുണ്ട്. ഗാന്ധിജി അടക്കമുള്ള നേതാക്കളുടെ വാക്കുകള്‍ ചെവിക്കൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തെരുവിലിറങ്ങിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളും യുവാക്കളും ആയിരുന്നു.
ഭാരതത്തില്‍ ഏകാധിപതിയാകാന്‍ ശ്രമിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ മുട്ടുകുത്തിക്കാനും അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടാനും മുന്‍പന്തിയിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണ്. അവകാശസമരങ്ങളുടെ മുന്നണിപ്പോരാളികളായി എന്നും വിദ്യാര്‍ത്ഥി ശക്തി ഉണ്ടായിരുന്നു.
കേരളത്തിലെ കലാലയങ്ങളെ വിദ്യാര്‍ത്ഥി രാഷ്ട്രീയം മലീമസമാക്കുന്നു, അക്രമങ്ങള്‍ അരങ്ങേറുന്നു. അതുകൊണ്ട് കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അരാഷ്ട്രീയ വാദികളും വിദ്യാര്‍ത്ഥികളെ ചൊല്‍പ്പടിക്ക് നിര്‍ത്തി അധികാരഗര്‍വ്വോടെ ഭരണം നടത്താന്‍ ആഗ്രഹിക്കുന്ന മാനേജ്മെന്റുകളുമാണ് ഇതിന് പിന്നില്‍. ഇത്തരക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നല്ല, പക്ഷേ എലിയെ പേടിച്ച് ഇല്ലം ചുടാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ രോഷമുണ്ടാക്കുന്നതില് കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളാണ് കാരണക്കാര്‍. കലാലയങ്ങളെ ആശയസംഘട്ടനങ്ങളില്‍ നിന്ന് ആയുധസംഘട്ടനങ്ങളിലേക്ക് വഴി മാറ്റിയത് അവരാണ്. ഉന്നതങ്ങളിലെത്തേണ്ടിയിരുന്ന എത്രയോ ജീവനുകള്‍ കലാലയങ്ങളില്‍ കൊഴിഞ്ഞു വീണു. പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ ഒറ്റ ദിവസം ജീവന് നഷ്ടപ്പെട്ട അനു, കിം കരുണാകരന്, സുജിത്ത് എന്നിവരെ ഒരിക്കലും മറക്കാനാവില്ല. കലാലയ സംഘട്ടനത്തെ തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ കഴിയേണ്ടിവന്ന സൈമണ്‍ ബ്രിട്ടോയെ പോലെ മരിക്കാതെ മരിച്ച് ജീവിച്ച വേറേ ചിലര്‍….
രാഷ്ട്രീയ മേലാളന്മാരുടെ താല്പര്യാര്ത്ഥം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ വഴി തിരിച്ചപ്പോള്‍, രാഷ്ട്രീയ നേതാക്കള്‍ അധികാരം പിടിക്കാനും തുലയ്ക്കാനുമുള്ള ഉപകരണമായി വിദ്യാര്‍ത്ഥി സംഘടനകളും സംഘടനാ പ്രവര്‍ത്തനവും മാറിയപ്പോള്‍ അല്ലെങ്കില്‍ മാറ്റിയപ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ സങ്കല്പം തന്നെ ഇല്ലാതായി. സര്‍ഗ സൃഷ്ടികളുടെ വേദിയാകേണ്ട കലാലയങ്ങളെ കുരുതിക്കളങ്ങളുടെ വേദിയാക്കിയവരാണ് ഇതിന് യഥാര്‍ത്ഥ ഉത്തരവാദികള്‍. വെറുപ്പിന്റെ രാഷ്ട്രീയം പേറുന്ന ഇക്കൂട്ടര്‍ സര്‍ഗ ചേതനകളെയാണ് ഇല്ലാതാക്കുന്നത്.
കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കേണ്ടുന്ന കോളേജ് യൂണിയനുകളും കലാശാല യൂണിയനുകളും മാഗസിനുകളും കലോല്സവങ്ങളും രാഷ്ട്രീയ തിമിരം ബാധിച്ച ഇക്കൂട്ടര്‍ എത്ര മനോഹരമായാണ് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിനും വിഭാഗീയ പ്രവര്‍ത്തനത്തിനുമുള്ള വേദിയാക്കുന്നതെന്ന് മനസ്സിലാക്കാന്‍ വര്‍ത്തമാനകാല സംഭവങ്ങള്‍ മാത്രം മതി. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ നിരോധിക്കുകയല്ല; മറിച്ച് കക്ഷി രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ നിരോധിക്കുകയാണ് വേണ്ടത്. അത്തരം സംഘടനകളെ അകറ്റി നിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുകയും കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിക്കുവാന്‍ തയ്യാറാവുകയും ചെയ്താല്‍ രാഷ്ട്രീയക്കോട്ട തീര്‍ക്കാന്‍ വരുന്ന ചെന്നായ്ക്കള്‍ തനിയെ വഴിമാറും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിഷേധിച്ചാല്‍ കലാലയങ്ങളില്‍ ഏകാധിപത്യവും അരാജകത്വവും ഉടലെടുക്കും. വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ പോലും മാനേജ്മെന്റുകള്‍ നിഷേധിക്കും, പ്രതിഷേധിക്കുന്നവരെയും പ്രതികരിക്കുന്നവരെയും അവര്‍ കൂച്ചുവിലങ്ങിടും; മതസ്ഥാപനങ്ങള്‍ പ്രത്യേകിച്ചും. ലഹരി സംഘങ്ങളും ഗുണ്ടാ സംഘങ്ങളും കലാലയത്തില്‍ സജീവമാകും.
ആരോഗ്യകരമായ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് വേദിയൊരുക്കി, കലാലയങ്ങളെ സര്‍ഗ വാസനകളുടെ കേളീരംഗമാക്കുവാന് ഒരു വഴി കണ്ടെത്തുകയാണ് വേണ്ടത്; മറിച്ചല്ല.
(ഭാരതീയ അഭിഭാഷക പരിഷത്ത്ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: