Categories: Samskriti

സത്യത്തെ മറയ്‌ക്കുന്ന തമോഗുണം

വിവേകചൂഡാമണി 77

തമോഗുണം സ്വഭാവം, പ്രവര്‍ത്തനം

അടുത്ത 4 ശ്ലോകങ്ങളിലായി തമോഗുണത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളേയും വിവരിക്കുന്നു.

ശ്ലോകം 113

ഏഷാ/വൃതിര്‍ നാമ തമോഗുണസ്യ

ശക്തിര്‍യയാ വസ്ത്വവഭാസതേ/ന്യഥാ

സൈഷാ നിദാനം പുരുഷസ്യ സംസൃതേഃ

വിക്ഷേപ ശക്തേഃ പ്രവണസ്യഹേതുഃ

വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ മറച്ച് മറ്റൊരു വിധത്തില്‍ തോന്നിപ്പിക്കുന്ന തമോഗുണത്തിന്റെ കഴിവാണ് ആവരണ ശക്തി. മനുഷ്യരുടെ സംസാര ബന്ധനത്തിന് ഇതാണ് കാരണം. വിക്ഷേപ ശക്തിയുണ്ടാകുന്നതും ഇതില്‍ നിന്നാണ്.

മായ തമോഗുണ സ്വരൂപത്തില്‍ ആവരണ ശക്തിയായാണ് പ്രവര്‍ത്തിക്കുന്നത്. മായ പരമാത്മ തത്വത്തെ നമ്മില്‍ നിന്ന് മറയ്‌ക്കും ഇതാണ് ആവരണം. വസ്തുക്കളെ അവയുടെ യഥാര്‍ത്ഥ സ്വരൂപത്തില്‍ കാണിക്കാതെ മറ്റൊരു തരത്തില്‍ തോന്നിപ്പിക്കും അത് വിക്ഷേപം.

തമോഗുണം സത്യത്തെ മറയ്‌ക്കുന്നു. രജോഗുണം ഉളളില്‍ വിക്ഷേപത്തെ ഉണ്ടാക്കുന്നു. ഇവ രണ്ടും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ളതിനെ കാണാതിരിക്കുകയും ഇല്ലാത്തതിനെ കാണുകയും ചെയ്യുന്നു.

വസ്തുക്കളുടെ യഥാര്‍ത്ഥ രൂപത്തെ തമസ്സ് മറയ്‌ക്കുന്നതിനാല്‍ പല സങ്കല്പങ്ങളും ഉണ്ടാകും.  ബുദ്ധിയെ തമസ്സും  മനസ്സിനെ രജസ്സും ചേര്‍ന്ന് അലങ്കോലമാക്കുന്നു. അപ്പോള്‍ വസ്തുവിനെ വേണ്ട പോലെ തിരിച്ചറിയാനാവില്ല. സംസാരത്തിലെ ജീവന്റെ ചുറ്റിത്തിരിയലിന് കാരണം  തമസ്സാണ്. ആത്മാവാണ് ഞാന്‍ എന്ന അറിവ് തമസ്സ് മൂലം മറയുന്നു.രജസ്സ്

ശരീര മനോബുദ്ധികളില്‍ ഞാന്‍ എന്ന അഭിമാനം വച്ചു പുലര്‍ത്തി കൂടുതല്‍ അപകടത്തിലേക്ക് നയിക്കുന്നു. അത് കര്‍മ്മങ്ങളിലേക്കും വാസനകളിലേക്കും തുടര്‍ന്ന് ജനന മരണങ്ങളിലേക്കും തള്ളിവിടുന്നു. സത്യത്തെ മറച്ച് തന്റെ സ്വരൂപത്തെക്കുറിച്ച് ബോധമില്ലാതാക്കുന്നതും മനസ്സില്‍ സങ്കല്പങ്ങള്‍ ഉണ്ടാക്കുന്നതും മായയുടെ തമോഗുണമാണ്.

യഥാര്‍ത്ഥ സ്വരൂപമായ ബ്രഹ്മത്തെ അറിയാത്തതിനാല്‍ രജസ്സു മൂലമുണ്ടാകുന്ന ജഗത്തിനെ വാസ്തവമായി കരുതുന്നു. മായ തന്നെയാണ് തമോഗുണത്തിലൂടെ ഉള്ളതിനെ മറച്ച് രജോഗുണത്തിലൂടെ ഇല്ലാത്തതിനെ കാണിക്കുന്നത്.

മായയുടെ ഈ പ്രവര്‍ത്തനങ്ങള്‍ ലൗകിക ജീവതത്തിലും കാണാം. തമസ്സ് ബുദ്ധിയില്‍ മറയായി ത്തീരുമ്പോള്‍ നമുക്ക് വസ്തുക്കളെ ശരിയായി കാണാനും വിലയിരുത്താനുമാകില്ല. അപ്പോള്‍ ഇല്ലാത്ത കാഴ്ചകള്‍ കാണാന്‍ തുടങ്ങും. രജസ്സാണ് ഇതിന് പുറകില്‍. മായയുടെ ഈ രണ്ട് ശക്തികളും ശരിയ്‌ക്കും നമ്മെ വലയ്‌ക്കും.തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമൊക്കെ ഇതു മൂലമുണ്ടാകും.

അരണ്ട വെളിച്ചത്തില്‍ കയര്‍ കിടക്കുന്നതു കണ്ട് പാമ്പാണെന്ന് കരുതുന്നു. പിന്നെഭയമായി, അതിനടുത്തു കൂടെ കടന്ന് പോയെങ്കില്‍  പാമ്പ് കടിച്ചോ എന്നും മറ്റും തോന്നും.

ഇവിടെ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന കയറിനെ മറച്ചു. പകരം അവിടെ പാമ്പിനെ കാണിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ രണ്ടും നടന്നത് ‘കണ്ട’ ആളുടെ ഉള്ളിലാണ്. തമോഗുണം മൂലം ബുദ്ധിയിലുണ്ടായ മറ കാരണം എന്താണ് മുന്നിലുള്ളതെന്ന് തിട്ടപ്പെടുത്താനായില്ല. രജോഗുണം അതിനെ മറ്റൊന്നായി തോന്നിപ്പിക്കുകയും ചെയ്തു.

ആ സമയം അവിടെ വെളിച്ചം വന്നാല്‍ പിന്നെ ആവരണവും വിക്ഷേപവും നീങ്ങും. ഉള്ളത് കയറാണ്, പാമ്പല്ല എന്ന് ബോധ്യപ്പെടും.

9495746977

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക