ശ്രീ സത്യസായി ഭഗവാന് പറയുന്നുണ്ട്, ‘ദര്‍ശനം -പാപനാശനം, സ്പര്‍ശനം -കര്‍മവിമോചനം, സംഭാഷണം -സങ്കടവിമോചനം’ എന്ന്. മഹാത്മാക്കളുടെ സ്പര്‍ശത്തിനായി നാം
പോകുന്നതു തന്നെ ഇതിനു വേണ്ടിയാണ്. ദര്‍ശന മാത്രയില്‍ പാപങ്ങള്‍ കഴുകിപ്പോകുന്നു. അഹങ്കാരം നശിക്കുന്നു. പാദസ്പര്‍ശത്തിന് ആശ വരുന്നു. അതു ചെയ്തു കഴിയുമ്പോള്‍ ദുഷ്കര്‍മങ്ങള്‍ നീങ്ങുന്നു. കര്‍മവിമോചനം ലഭിക്കുന്നു. സംഭാഷണത്തിന് ഭാഗ്യം ലഭിക്കയാണെങ്കില്‍ സങ്കടവിമോചനത്തിന് ഇടയാക്കുകയും ഭാവിയില്‍ വന്നേക്കാമെന്നുള്ള ദുര്‍ന്നടപടികളുടെ ഫലത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു. തിന്മ ചെയ്യാന്‍ തുനിയുമ്പോള്‍ അന്തഃകരണം അതില്‍ നിന്ന് പിന്മാറാന് ഉപദേശിക്കും.
പുണ്ഡലീകന് തന്റെ മാതാ പിതാക്കളോട് ക്ഷമ ചോദിച്ചു. അവര്‍ക്കു വേണ്ട സേവനങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അയാളുടെ സല്കൃത്യങ്ങളുടെ ഫലമായി പാപങ്ങളില്‍ നിന്ന് മോചനം ലഭിച്ചു. പിന്നീട് ഒരിക്കല്‍ വിട്ടല്‍ ഭഗവാന് പുണ്ഡലീകന് ദര്‍ശനം നല്‍കാനായി എത്തി. തപശ്ചര്യകളില്‍ എത്രയോ വര്‍ഷക്കാലം ഏര്‍പ്പെട്ടിരുന്ന പുണ്യാത്മാക്കള്‍ക്കു പോലും ഈശ്വരനെ മനുഷ്യരൂപേണ കാണാന്‍ സാധിക്കുന്നതല്ല. പക്ഷേ പുണ്ഡലീകന് ഈ ഭാഗ്യം സിദ്ധിച്ചത് അയാള്‍ തന്റെ മാതാപിതാക്കള്‍ക്കു ചെയ്ത സേവനം നിമിത്തമായിരുന്നു.
പുണ്ഡലീകന്റെ ഭവനത്തില്‍ എത്തി ഭഗവാന് കതകില്‍ തട്ടി വിളിച്ചത് രാത്രിയിലായിരുന്നു. ആ സമയം പുണ്ഡലീകന്റെ മാതാവ് മകന്റെ മടിയില്‍ തല വെച്ച് കിടന്നുറങ്ങുകയായിരുന്നു. മുറിയില്‍ ഇരുന്നു കൊണ്ട് പുണ്ഡലീകന് വിളിച്ചു ചോദിച്ചു; ‘ആരാണ് വെളിയില്‍?’
എന്ന്. ഭഗവാന് മറുപടി പറഞ്ഞു,’ഞാന്‍ പാണ്ഡുരംഗന്’. പുണ്ഡലീകന്റെ മറുപടി, ‘ദയവു ചെയ്ത് കുറച്ചു കാത്തു നില്ക്കൂ, അമ്മ മടിയില്‍ കിടന്ന് ഉറങ്ങുന്നതു കൊണ്ട് അവരെ ഉണര്‍ത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.’എന്നായിരുന്നു. അതിനു ശേഷം വിട്ടല്‍ പ്രഭുവിനും അദ്ദേഹത്തിന്റെ പത്നി രുഗ്മിണീദേവിക്കും നിന്നു വിശ്രമിക്കാനായി രണ്ട് ചെങ്കല്‍ കട്ടികള്‍ വെളിയിലേക്ക് എറിഞ്ഞു കൊടുത്തു. അവര്‍ രണ്ടു പേരും ഇടുപ്പില്‍ കൈയും കൊടുത്ത് പുണ്ഡലീകന്റെ വരവും പ്രതീക്ഷിച്ചു നില്‍പ്പായി.
പെട്ടെന്ന് പുണ്ഡലീകന്റെ മാതാവ് ഉറക്കമുണര്‍ന്നു. മകന് ആരോടാണ് സംസാരിച്ചിരുന്നതെന്ന് ചോദിച്ചു. വിട്ടല്‍ പ്രഭു തങ്ങളെ കാണാനായി വന്നു നില്ക്കുന്നു എന്ന വിവരമറിഞ്ഞ് അത്യന്തം ധൃതിയോടെ അവര്‍ പ്രഭുവിന്റെ പാദം തൊട്ടു വണങ്ങാനായി വെളിയിലേക്ക് ഓടി. അപ്പോള്‍ പ്രഭു പറഞ്ഞു; ‘നീ ചെയ്ത സേവനങ്ങളില്‍ ഞാന്‍ അത്യന്തം പ്രീതനായിരിക്കുന്നു. നീ എന്തു വരം ചോദിച്ചാലും ഞാന്‍ തരാം’.
അതിന് പുണ്ഡലീകന്റെ മറുപടി ‘സ്വന്തമായി ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങ് എക്കാലവും ഇതേ മാതിരി ഇവിടെത്തന്നെ നില്ക്കാന് കനിയുമാറാകണം. എന്നാല്‍ മാതാപിതാക്കള്‍ക്കു വേണ്ടി അനുഷ്ഠിക്കുന്ന സേവനത്തിന്റെ മഹത്വം ഭാവി തലമുറ മനസ്സിലാക്കും എന്നായിരുന്നു.’ വിട്ടല്‍ പ്രഭു ഇപ്പോഴും ഇതേ നിലയില്‍ തന്നെ തന്നെ നില്ക്കുന്നു. അവിടെയാണ് പാണ്ഡരീപുരത്ത് ഇന്നു കാണപ്പെടുന്ന ക്ഷേത്രം പണിതത്.
(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)
സമ്പാ: എം. എസ്. സംഗമേശ്വരന്
ഫോണ്‍: 9447530446
പ്രതികരിക്കാൻ ഇവിടെ എഴുതുക: