പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ഇട്ടമ്മലില്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ച ബെതയില് തോട് പാലം സ്ഥലംമാറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥലത്തേക്ക് നിര്‍മ്മിക്കുന്നതായി പരാതി.
മൊട്ടാമ്പ്രത്തുള്ള ശിഹാബ് തങ്ങള്‍ റോഡുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പാലം ആണ് സ്ഥലം മാറ്റി നിര്‍മ്മാണം പുരോഗമിക്കുന്നത്. വാര്‍ഡിലെ ഒരു സ്ഥലത്ത് പാലം നിര്‍മ്മാണം തീരുമാനിക്കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തങ്കിലും യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് അതേ വാര്‍ഡിലെ മറ്റൊരു സ്ഥലത്തേക്ക് പാലം മാറ്റി സ്ഥാപിക്കുന്നത്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന പാലം പ്രസിഡന്റിന്റെ സ്ഥലത്തേക്ക് കടക്കുവാന്‍ വേണ്ടിയും അതുവഴി റോഡ് നിര്‍മ്മാണം നടത്തി സ്വന്തം സ്ഥലത്തിന് വില കൂട്ടുവാനുള്ള തന്ത്രമാണ് ഇതിന് പിന്നില്‍ എന്നാണ് ആരോപണം.
പുതിയ പാലം പണിയുന്നതോടെ ഇതിന്ന് സമീപമുള്ള ഏക്കര്‍ കണക്കിന്ന് കൈപ്പാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കണ്ണുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് സംഘത്തിന്റ പ്രവര്‍ത്തനം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ ഇതിന് ഒത്താശ ചെയ്യുകയാണ്.
പാലം നിര്‍മ്മാണം ആരംഭിച്ച ഉടനെ തന്നെ പാലം ആദ്യം നിര്‍മ്മിക്കാന്‍ തീരുമാനിച്ച സ്ഥലത്തെ പരിസരവാസികള്‍ പരാതിയുമായി പഞ്ചായത്തിലെത്തിയെങ്കിലും അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മ്മാണം നടത്തിത്തരാം എന്ന ഉത്തരമാണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പരാതിക്കാര്‍ പറയുന്നു. പാലം പണിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മുസ്ലിം ലീഗ് പ്രതിനിധിയാണ് പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: