ന്യൂദല്‍ഹി: കഴിഞ്ഞ ഡിസംബറിലാണ് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. തുടര്‍ന്നിങ്ങോട്ട് അശാന്തി പടര്‍ന്ന അന്തരീക്ഷമാണ് ദല്‍ഹിയിലെങ്ങും. രാജ്യത്തെ ഒരു പൗരനേയും ബാധിക്കാത്ത നിയമം മുസ്ലിം സമുദായത്തിന് എതിരാണെന്ന് വ്യാഖ്യാനിച്ച് ഒരു വിഭാഗം രംഗത്തിറങ്ങി.
മുസ്ലിങ്ങളെ മുഴുവന്‍ രാജ്യത്തുനിന്നും പുറത്താക്കുന്നതാണ് നിയമമെന്ന വ്യാജപ്രചാരണം ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ് സമരരംഗത്തുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗവും. അവര്‍ക്കൊപ്പം കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധരും അണിനിരന്നതോടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. സമരത്തിന്റെയും പ്രതിഷേധത്തിന്റെയും പേരില്‍ അട്ടഹാസങ്ങളും വെല്ലുവിളികളുമായി ഇസ്ലാമിസ്റ്റുകള്‍ തെരുവില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് രണ്ടര മാസക്കാലമായപ്പോഴാണ് അടുത്തെങ്ങും കാണാത്ത തരത്തിലുള്ള കലാപത്തിന് ദല്‍ഹി സാക്ഷ്യം വഹിച്ചത്.
സമരമില്ലാത്ത ദല്‍ഹിയെക്കുറിച്ച് ചിന്തിക്കാനാവില്ല. പ്രസിദ്ധമായ സമരങ്ങളുടെ പേരിലാണ് ജന്തര്‍മന്ദിറും രാം ലീലാ മൈതാനവും ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയത്. സമരങ്ങള്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലാണ് സാധാരണയായി പ്രതിഷേധം നടക്കുന്നത്. ഗതാഗത സ്തംഭനം പതിവുള്ള നിരത്തുകള്‍ക്ക് സമരങ്ങളുടെ പ്രവാഹം ഉള്‍ക്കൊള്ളാനുമാകില്ല. എന്നാല്‍ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ അരങ്ങേറിയ സിഎഎ വിരുദ്ധ സമരം ദല്‍ഹിയിലെ മുഴുവന്‍ തെരുവുകളെയും അപ്പാടെ കൈക്കലാക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമായിരുന്നു.
ജാമിയ മിലിയ സര്‍വകലാശാലയിലായിരുന്നു സമരത്തിന്റെ തുടക്കം. സമരം ഏതാനും ദിവസത്തിന് ശേഷം പുറത്തേക്കിറങ്ങി അക്രമത്തിന് തിരികൊളുത്തി. ഇതോടെ പോലീസ് നടപടിയുണ്ടായി. മെട്രോ സ്റ്റേഷന് ഉള്‍പ്പെടെ അടച്ചിടേണ്ടി വന്നു.
പലയിടത്തും റോഡ് തടസ്സപ്പെട്ടതോടെ ജനങ്ങള്‍ കുരുക്കിലായി. ഇതിന് പിന്നാലെ ജെഎന്‍യുവിലെ ഇടത്-ജിഹാദി സഖ്യത്തിന്റെ ഊഴമായിരുന്നു. തുടര്‍ന്ന് മുസ്ലിം സംഘടനകളും പള്ളികളും വിഷയം ഏറ്റെടുത്തതോടെ വെള്ളിയാഴ്ച സമരങ്ങളുടെ വരവായി. ദല്‍ഹി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് നടന്ന വമ്പന്‍ റാലികള്‍ ജനങ്ങളെ കൂടുതല്‍ വിഷമത്തിലാക്കി.
പോലീസും പ്രതിഷേധക്കാരും തെരുവില്‍ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാക്കിയതോടെ ജനങ്ങള്‍ക്ക് സഹികെട്ടു. സമരത്തിന്റെ തീവ്രത ഒരല്‍പ്പം കുറഞ്ഞപ്പോഴാണ് അമ്മമാരെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി ഷഹീന്‍ബാഗില്‍ മതതീവ്രവാദ സംഘടന നിഴല്‍ യുദ്ധം ആരംഭിച്ചത്.
പ്രധാനപ്പെട്ട പാത ഉപരോധിച്ചുള്ള സമരം കോടതി ഇടപെട്ടിട്ടും അവസാനിക്കാതെ രണ്ട് മാസം പിന്നിടുന്നു. പ്രകോപിതരായ ജനങ്ങള്‍ ഇതിനെതിരെ ഒന്നടങ്കം രംഗത്തുവന്നിരുന്നു. സമരത്തിന് നേര്‍ക്ക് വെടിവെപ്പുള്‍പ്പെടെ അരങ്ങേറിയതും ഈ പശ്ചാത്തലത്തിലാണ്.
പൊറുതിമുട്ടിയ ജനങ്ങളെ വീണ്ടും വെല്ലുവിളിച്ചാണ് ശനിയാഴ്ച ജാഫ്രാബാദില്‍ ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചത്. അവിടെയും റോഡ് ഉപരോധിക്കപ്പെട്ടു.
ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അവരെ മുന്നില്‍നിന്ന് നയിക്കുകയെന്ന കുറ്റമാണ് ബിജെപി നേതാവായ കപില്‍ മിശ്ര ചെയ്തത്. റാലിക്കെതിരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെ സംഘര്‍ഷമായി. ഞായറാഴ്ച രാവിലെ മുതല്‍ പള്ളികളിലെ ആഹ്വാനം അനുസരിച്ച് സംഘടിച്ചെത്തിയവര്‍ ഭൂരിപക്ഷ സമുദായത്തിലുള്ളവരുടെ വീടുകളും കടകളും വാഹനങ്ങളും തകര്‍ത്തു. ഇതോടെ മറുവിഭാഗവും ഇറങ്ങിയതോടെ കലാപം ആളിപ്പടര്‍ന്നു.
മതതീവ്രവാദികളാല്‍ നയിക്കപ്പെടുന്ന സിഎഎ വിരുദ്ധ സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ പരസ്യ പ്രഖ്യാപനങ്ങളാണ്.
വിഷം വമിപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് സമരങ്ങളില്‍ ഉയരുന്നത്. ജാമിയയിലും ഷഹീന്‍ബാഗിലും ഇസ്ലാമിക രാജ്യത്തിനായുള്ള മുറവിളികളാണ് പ്രതിധ്വനിച്ചത്. ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെയെന്ന പേരില്‍ ഉയര്‍ത്തിയ ആക്രോശങ്ങള്‍ മുഴുവനും മറ്റൊരു മതവിഭാഗത്തെ ലക്ഷ്യമിടുന്നവയായിരുന്നു. തെരുവില്‍ കാണാന്‍ സാധിച്ചിരുന്നില്ലെങ്കിലും മറുവശത്തും ഇത് കൃത്യമായ ധ്രുവീകരണത്തിനും വിദ്വേഷത്തിനും ഇടയാക്കി. ഇതിന് പുറമെയാണ് കല്ലേറും അക്രമവും തുടര്‍ന്നത്.
കിഴക്കന്‍ ദല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ് കലാപത്തിന്റെ കേന്ദ്രങ്ങള്‍. രണ്ട് പതിറ്റാണ്ടിനിടെ ദല്‍ഹിയിലുണ്ടായ ഏറ്റവും വലിയ കലാപത്തിന്റെ കാരണം സിഎഎ വിരുദ്ധ സമരത്തില്‍ തുടങ്ങുന്നതും അവസാനിക്കുന്നതും അതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: