കേരള ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി യുവ നേതാവ് കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തിരിക്കുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലായ കേരളത്തില്‍ ബിജെപിക്ക് രണ്ട് മുന്നണികളോടാണ് ഏറ്റുമുട്ടാനുള്ളത്. ആ രണ്ട് മുന്നണികളും ബിജെപി ജയിക്കാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുതല്‍ ലോക്സഭ തെരഞ്ഞെടുപ്പ് വരെ പരസ്പരം വോട്ട് മറിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ വോട്ട് മറിച്ചിട്ടും പഞ്ചായത്ത്, അസംബ്ലി, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നു എന്നുള്ളത് പ്രതീക്ഷ നല്‍കുന്നതാണ്. ഈ സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിക്ക് 2020 സെപ്തംബറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനേയും, 2021 മെയിലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടേണ്ടത്. അതിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിന് നിര്‍വ്വഹിക്കാനുള്ളത്.
കേരളത്തില്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത്. ഒറ്റക്കെട്ടായി സംഘപ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ബിജെപിക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ആകെയുള്ള 941 പഞ്ചായത്തുകളില്‍ 16 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തോടടുത്തു.
പിന്നീട് ബിജെപി വരാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് മറിച്ചതുകാരണം പല പഞ്ചായത്തുകളിലും ബിജെപിക്ക് ഭരണം നേടാനായില്ല. പക്ഷേ 16 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി. എന്നു പറഞ്ഞാല്‍ ഏകദേശം 3 അസംബ്ലി മണ്ഡലങ്ങളിലെ വിജയത്തിനു തുല്യമായ മുന്നേറ്റം 16 പഞ്ചായത്തുകളില്‍ മാത്രമുണ്ടായി എന്നര്‍ത്ഥം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 34 വാര്‍ഡുകള്‍ നേടി എതിരാളികളെ ഞെട്ടിച്ചു. ആറോളം വാര്‍ഡുകളില്‍ 10ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അതുകൂടി കിട്ടിയിരുന്നുവെങ്കില്‍ തലസ്ഥാനത്തെ സെക്രട്ടേറിയേറ്റും നിയമസഭയും ഇരിക്കുന്ന ഭരണ സിരാകേന്ദ്രം ബിജെപിയുടെ ഭരണത്തിലാകുമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാലക്കാട് നഗരസഭയുടെ ഭരണം ബിജെപി പിടിച്ചെടുത്തു. കോഴിക്കോട് കോര്‍പ്പറേഷനില്‍ 7 സീറ്റും, കൊച്ചിയില്‍ രണ്ടും, തൃശൂരില്‍ 6 ഉം, കൊല്ലത്ത് രണ്ടു സീറ്റും നേടി വലിയ മുന്നേറ്റം നടത്തി. ഇതിനു പുറമേ മൂന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരെയും 28 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെയും വിജയിപ്പിച്ചെടുത്തു.
941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകളില്‍ 307 എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2076 ബ്ലോക്ക് ഡിവിഷനുകളില്‍ 28 സ്ഥലത്ത് താമര വിരിഞ്ഞു. 14 ജില്ലകളിലെ ജില്ലാ പഞ്ചായത്തിലെ ഏകദേശം മുന്നൂറോളം ഡിവിഷനുകളില്‍ 3 പേര് ജയിച്ചു.
ആകെയുള്ള 6 കോര്‍പറേഷനുകളിലായി 414 വാര്‍ഡുകളില്‍ 51 എണ്ണത്തില്‍ ബിജെപി വിജയിച്ചു. 87 മുനിസിപ്പാലിറ്റികളിലെ 3088 വാര്‍ഡുകളില്‍ 236 വാര്‍ഡുകളില്‍ താമര വിരിഞ്ഞു. പാലക്കാട് നഗരസഭ ബിജെപി പിടിച്ചെടുത്തു.
ഇത്രയും വിജയഗാഥ രചിച്ച വാര്‍ഡുകളാണ്. സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവര്‍ 325 ഓളം വരും. കേരളത്തിലെ ഏകദേശം എല്ലാ മുനിസിപ്പാലിറ്റികളിലും ബിജെപി പ്രതിനിധിയെത്തി എന്നുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. 6 മുനിസിപ്പാലിറ്റികളില്‍ പ്രതിപക്ഷ കക്ഷിയായി. തൃപ്പൂണിത്തുറ, കാസര്‍ഗോഡ്, താനൂര്‍, പരപ്പനങ്ങാടി, കൊടുങ്ങല്ലൂര്‍, മാവേലിക്കര, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ പ്രധാനപ്രതിപക്ഷമായി. ഒറ്റപ്പാലം, കുന്നംകുളം, തലശേരി എന്നിവിടങ്ങളില്‍ എതിരാളികളെ ഞെട്ടിച്ച് വലിയ സാന്നിധ്യവുമറിയിച്ചു.
ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല, കരുനാഗപ്പള്ളി, കൊട്ടാരക്കര, പന്തളം, തിരുവല്ല, കായംകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ, ഹരിപ്പാട്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, ആലുവ, ഏലൂര്‍, പെരുമ്പാവൂര്‍, പിറവം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശേരി, പൊന്നാനി, കോട്ടക്കല്‍, എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമറിയിച്ചു. വടകര മുനിസിപ്പാലിറ്റിയില്‍ ആദ്യമായി താമര വിരിഞ്ഞു. സിപിഎം കേന്ദ്രങ്ങളായ ഇരിട്ടിയിലും, പാനൂരിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്തു. മുനിസിപ്പാലിറ്റികളില്‍ വലിയ നേട്ടങ്ങള്‍ കൊയ്തെടുത്തു.
ഇങ്ങനെ 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 1450ല്‍ അധികം വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. 2500ഓളം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. ആകെയുള്ള 20,000 ഓളം വരുന്ന വാര്‍ഡുകളില്‍ 4000 ത്തോളം വാര്‍ഡുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തി എന്നര്‍ത്ഥം. കേരളത്തിലെ 20 ശതമാനം വാര്‍ഡുകളില്‍ ഒന്നാമതായോ രണ്ടാമതായോ എത്തി. ഇത് 2015ലെ അവസ്ഥയാണ്. ഈ ഭൂമികയില്‍ നിന്നുകൊണ്ടാണ് 2020 സെപ്തംബറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വേണ്ട മുന്നൊരുക്കങ്ങള്‍
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധാരാളം പുതിയ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞു. നേരത്തേ ജയിച്ചിരുന്ന പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും വിജയിച്ച സീറ്റ് നില നിര്‍ത്തിയതിനോടൊപ്പം നിരവധി സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം.
നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ല്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സൗജന്യ ഗ്യാസ് കണക്ഷന് അടക്കമുള്ള നൂറുകണക്കിന് പദ്ധതികള്‍ ജനങ്ങളിലെക്കെത്തിച്ചു കഴിഞ്ഞു. കേരളത്തില്‍ കേന്ദ്ര പദ്ധതികളുടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ ഉണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ബിജെപിപ്രതിനിധിയെത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തി. 2015ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയില്ല. ഇപ്പോള്‍ ബിഡിജെഎസ് അടക്കം കേരളത്തില്‍ എന്‍ഡിഎ ശക്തമാണ്. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇനിയുള്ള ഏഴ് മാസം ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ വലിയ മുന്നേറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടാം.
ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയ നാലായിരത്തോളം വാര്‍ഡുകള്‍ക്കു പുറമേ ചെറിയ വ്യത്യാസത്തിന് മൂന്നാം സ്ഥാനത്തെത്തിയ ആയിരത്തോളം വാര്‍ഡുകളുണ്ട്. അങ്ങനെ നോക്കിയാല്‍ 25% വാര്‍ഡുകളില്‍ വിജയ സാധ്യതയുണ്ട്. പതിനായിരം വാര്‍ഡുകളില്‍ ജയിക്കാനും, തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം മുനിസിപ്പാലിറ്റികളിലും, ഇരുനൂറോളം പഞ്ചായത്തകളിലും ഭരണം പിടിക്കുവാനും തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ കൈപ്പിടിയില്‍ ഒതുക്കുവാനുമുള്ള ലക്ഷ്യത്തിലേക്കാണ് നമുക്ക് നീങ്ങാനുള്ളത്. തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും, ബൂത്ത്തല പ്രവര്‍ത്തനത്തിലൂടെയും ശ്രമിച്ചാല്‍ ഈ ലക്ഷ്യം അപ്രാപ്യമല്ല. കേന്ദ്രത്തിന്റെ ജനകീയ പദ്ധതികള്‍ ഓരോ വീട്ടിലും എത്തിക്കാനും അതിന്റെ ഗുണഭോക്താക്കളുടെ വോട്ട് സമാഹാരിക്കാനും കഴിഞ്ഞാല്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും.
രണ്ട് മുന്നണികളുടെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തില്‍ നിന്ന് മോചനം നേടാന്‍ കേരള ജനത ആഗ്രഹിക്കുന്നു. കേന്ദ്രം നടപ്പാക്കുന്ന പദ്ധതികള്‍ ഗ്രാമങ്ങളില്‍ എത്തിക്കുന്നതിന് തടസ്സം നില്ക്കുന്ന രണ്ട് മുന്നണികളും കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വികസന മുരടിപ്പ് കേരളത്തെ ഒരു ഉപഭോഗ സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. മാറ്റം ആഗ്രഹിക്കുന്ന കേരള ജനതയ്ക്ക് യുവാവായ കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ യുവാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യതകള്‍
2021ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍ എത്തുക എന്നുള്ളതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും ഫലം അവലോകനം ചെയ്താല്‍ മനസ്സിലാക്കുന്നത്. എന്‍ഡിഎ സഖ്യം കാര്യമായി ശ്രമിച്ചാല്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ കഴിയുന്ന രീതിയില്‍ നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തും വട്ടിയൂര്‍ക്കാവ്, അടൂര്‍, മഞ്ചേശ്വരം, കഴക്കൂട്ടം, തിരുവനന്തപുരം, കാസര്‍ഗോഡ്, തൃശൂര്‍ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. കേരള നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 71 സീറ്റാണ്. ഏകദേശം 80 സീറ്റില്‍ ഇരുപതിനായിരത്തില്‍ അധികം വോട്ടു മുതല്‍ അമ്പതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് 2021 ഏപ്രിലിലോ മെയിലോ ആണ്. ഒരു വര്‍ഷം നമ്മുടെ മുന്നിലുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുകയും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം ലഭിക്കുകയും ചെയ്താല്‍ അത് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടാവും. മാത്രവുമല്ല കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നത് നമുക്ക് അനുകൂല ഘടകമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്നു. ആ സാഹചര്യവും അനൂകൂലമാക്കാന്‍ ബിജെപിക്ക് സാധിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ബിജെപി, എന്‍ഡിഎ അനുകൂല സമീപനം ഉണ്ടായിരിക്കുന്നു. ഇതിന് തെളിവാണ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും തപാല്‍ വോട്ടില്‍ എന്‍ഡിഎ ഒന്നാം സ്ഥാനത്തെത്തിയത്. 5 ലോക്സഭാ മണ്ഡലങ്ങളില്‍ തപാല്‍ വോട്ടില്‍ രണ്ടാം സ്ഥാനത്തും. മറ്റ് മണ്ഡലങ്ങളിലും തപാല്‍ വോട്ടില്‍ വലിയ വര്‍ധനവുണ്ടായി. സാധാരണക്കാരിലും ബുദ്ധിജീവികള്‍ക്കിടയിലും വര്‍ഗ ബഹുജന സംഘടനകള്‍ക്കിടയിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൃത്യമായ തന്ത്രം രൂപപ്പെടുത്തിയും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്തിച്ചും ഒറ്റക്കെട്ടായി മുന്നേറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൈവരിക്കാന്‍ എന്‍ഡിഎക്ക് സാധിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ. സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യത്തിനുവേണ്ടിയാവണം. 9447630600
പ്രതികരിക്കാൻ ഇവിടെ എഴുതുക: