ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ സംസ്ഥാനത്ത് അരങ്ങേറുന്ന കലാപങ്ങളില്‍ മരിച്ചവരുടെയെണ്ണം 14 ആയി. കലാപകാരികള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. നാല് ദിവസമായി തുടരുന്ന പ്രക്ഷോഭങ്ങളില്‍ 28 പോലീസുകാരുള്‍പ്പെടെ 200 ഓളം പേര് പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.
കലാപം രൂക്ഷമായതിനെ തുടര്‍ന്ന് അക്രമം നടത്തുന്നത് കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കാന്‍ പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. യവുമന വിഹാര്‍ എസ്പിയാണ് ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ടത്. സംഘര്‍ഷവുമായി ബന്ധമുള്ള 20 പേര് നിലവില്‍ അറസ്റ്റിലാണ്.
അതേസമയം വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി. പരമേശ്വര്‍ജിയുടെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സംസ്ഥാനത്ത് കലാപം തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് അടിയന്തിരമായി കേന്ദ്ര മന്ത്രിസഭയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സംഘര്‍ഷ പ്രദേശങ്ങളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക ആക്രമണമാണ് ദല്‍ഹിയില്‍ നടക്കുന്നത്. കലാപകാരികള്‍ വാഹനങ്ങളും കടകളും അടിച്ച് തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. കലാപത്തെ തുടര്‍ന്ന് ദക്ഷിണ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീടിന് മുന്നിലും പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പൊതു സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: