മങ്കൊമ്പ്: വേനല്‍ കടുത്തതോടെ കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ പൊതു ടാപ്പുകളിലൂടെ വാട്ടര്‍ അതോറിട്ടി കുടിവെള്ളം ലഭ്യമാക്കുന്നത്. ഓരോരോ മേഖലകള്‍ തിരിച്ചാണ് ഓരോദിവസവും വിതരണം. കുടിവെള്ളക്ഷാമം അതീവ രൂക്ഷമായിരുന്നപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ടാങ്കറുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ അത് വല്ലപ്പോഴും മാത്രമായി ചുരുങ്ങി.
ആലപ്പുഴ നഗരത്തിലെയും മറ്റും സ്വകാര്യ ആര്‍ഒ പ്ലാന്റുകളില്‍ ലിറ്ററിന് ഒരു രൂപയ്ക്ക് കുടിവെള്ളം കിട്ടുമ്പോള്‍ ലിറ്ററിന് 2.50 രൂപയ്ക്കാണ് കുട്ടനാട്ടില്‍ സ്വകാര്യ ലോബി കുടിവെള്ളം വിറ്റഴിക്കുന്നത്. മഹാപ്രളയത്തിനുശേഷം കുട്ടനാട്ടില്കുടിവെള്ളം പൊതുടാപ്പിലൂടെ പൂര്‍ണമായും വിതരണം നടത്താന്‍ ജലഅതോറിട്ടിക്ക് കഴിഞ്ഞിട്ടില്ല. ജലവിതരണ കുഴലുകള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പലേടത്തും തകര്‍ന്നു. പദ്ധതികള്‍ പലത് ആവിഷ്കരിച്ചെങ്കിലും ഒന്നും വിജയത്തിലെത്താത്തതാണ് കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് കാരണം.
1965ല്‍ തിരുവല്ലയില്‍ കമ്മീഷന് ചെയ്ത കുട്ടനാട് കുടിവെള്ള പദ്ധതിയാണ് ആദ്യത്തേത്. കുട്ടനാട്ടില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് തിരുവല്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രതിദിനം ഒരുകോടി ലിറ്റര്‍ വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും പദ്ധതി കുട്ടനാട്ടുകാര്‍ക്ക് വേണ്ടവിധം പ്രയോജനപ്പെട്ടിട്ടില്ല. ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് തിരുവല്ലയില്‍ നിന്ന് കുടിവെള്ളം ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.
പതിനാലു ദശലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള, നീരേറ്റുപുറം ശുദ്ധീകരണ പ്ലാന്റ് 2014 ഫെബ്രുവരിയിലാണ് കമ്മിഷന് ചെയ്തത്. നീരേറ്റുപുറം ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് പ്രതിദിനം ഒരുകോടി ലിറ്ററിന് താഴെയാണ് വിതരണം. പ്രളയത്തിന് ശേഷം പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്ണതയിലായിട്ടില്ല. തലവടി, എടത്വ, മുട്ടാര്‍, രാമങ്കരി, കാവാലം, വെളിയനാട്, പുളിങ്കുന്ന്, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: