കൂത്തുപറമ്പ്: കണ്ണവം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലത്വിഫിയ ഇസ്ലാമിക് കോംപ്ലക്സിന്റെ സ്വപ്ന ഭവന പദ്ധതിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വപ്ന ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് നൂറുകണക്കിന് ആളുകളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയത്. കണ്ണവം ഇസ്ലാമിക് കോംപ്ലക്സിന്റെ മാനേജിങ് ഡയരക്ടര്‍ യാസിന് കോയ തങ്ങള്‍ കോടികള്‍ തട്ടിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
യാസീന്‍ കോയ തങ്ങള്‍ വഞ്ചിച്ചുവെന്ന പരാതിയുമായി അനേകം പേര് കഴിഞ്ഞ ദിവസം കണ്ണവം സ്റ്റേഷനില്‍ പരാതി നല്കി. പദ്ധതിയില്‍ ഏഴായിരത്തോളം പേര് വഞ്ചിതരായെന്നാണ് സൂചന. തങ്ങളുടെ അധീനതയിലുള്ള ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്വപ്ന ഭവന പദ്ധതിയുടെ പേരും പറഞ്ഞ് നിര്‍ധനരായ ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്. ഭവന വായ്പയ്ക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ ഓരോരുത്തരും 4444 രൂപ നല്‍കിയിരുന്നു. വ്യാപകമായ പരാതി ഉയര്‍ന്നതിനാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും കുടകില്‍ നിന്നുമാണ് പണം പിരിച്ചത്. ഓരോ മാസവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 63 പേര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ വീട് വെച്ച് നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അധികൃതരുമായി ബന്ധപ്പെടാന്‍ രണ്ട് ഫോണ്‍ നമ്പറുകളും നല്‍കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീട് ലഭിക്കാതായതോടെ അംഗങ്ങള്‍ കണ്ണവത്തെത്തിയെങ്കിലും യാസിന് കോയ തങ്ങളെ കാണാന്‍ സാധിച്ചില്ല. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ കണ്ണവം സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സ്ഥാപനം പൂട്ടി തങ്ങള്‍ മുങ്ങിയത്. നേരത്തെയും യാസിന് കോയ തങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള സാമ്പത്തിക ആരോപണങ്ങളുയര്‍ന്നിരുന്നു.
കണ്ണവത്ത് എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിസാമുദ്ധീന്‍, സലാഹുദ്ധീന്‍ എന്നിവര്‍ യാസിന് കോയ തങ്ങളുടെ മക്കളാണ്. തങ്ങള്‍ക്ക് വര്‍ഷങ്ങളായി മുസ്ലിം തീവ്രവാദ സംഘടനകളുമായിട്ടുള്ള ബന്ധമാണ് മക്കളെ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയിലെത്തിച്ചതെന്ന് പറയപ്പെടുന്നു. ഇവരും ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് പ്രദേശവസികള്‍ പറയുന്നത്. കണ്ണവം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കോംപ്ലക്സ് എന്ന സംഘടനയ്ക്ക് നാല് ജില്ലകളില്‍ നിന്നും കുടകില്‍ നിന്നും ഇത്രയും ആളുകളെ ഈ പദ്ധതിയില്‍ ചേര്‍ക്കാന്‍ സാധിച്ചത് തങ്ങളുടെ പോപ്പുലര്‍ ഫ്രണ്ട് എന്ന മത തീവ്രവാദ സംഘടനയുമായുളള ബന്ധത്തിലൂടെയാണെന്നാണ് സൂചന. സംഘടനാ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പ് നടത്തിയതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
യാസീന്‍ കോയ തങ്ങള്‍ 30 വര്‍ഷത്തിലധികമായി സ്വന്തം വീട് കേന്ദ്രീകരിച്ചുകൊണ്ട് സിദ്ധന് എന്ന രൂപത്തില്‍ ചികിത്സ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ജില്ലയില്‍ നിന്നും പല ഭാഗത്തുനിന്നും ആളുകള്‍ ഇയാളുടെ ചികിത്സതേടി വരാറുണ്ട്. ചികിത്സയുടെ മറവില്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മുസ്ലിം മത തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും അതുവഴി അത്തരം സംഘടനകളുമായി ഇയാള്‍ക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
തങ്ങളുടെ മക്കള്‍ മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണെന്നത് ഇയാളുടെ പണംതട്ടിപ്പിന് പിന്നില്‍ ഇത്തരം സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടക്കുമെന്നറിയുന്നു. ഭവന വായ്പയ്ക്കുള്ള അപേക്ഷ സ്വീകരിക്കാനായി പണം നല്കിയ നാട്ടുകാര്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും നിയമപരമായി നേരിടാനുമുളള ഒരുക്കത്തിലാണ്. എത്രയും പെട്ടെന്ന് യാസിന് കോയ തങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വഞ്ചിതരായവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: