ഉദുമ: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം നടന്ന തെരെഞ്ഞെടുപ്പില്‍ വയസില്‍ കൃത്രിമം കാണിച്ച് നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. ഐ വിഭാഗത്തിലെ മനാഫ് നുള്ളിപ്പാടിയുടെ പത്രികയാണ് പരാതിയെ തുടര്‍ന്ന് തള്ളിയത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ എ-ഐ വിഭാഗം പ്രസിഡന്റ് സ്ഥാനം വീതം വെച്ചിട്ടുണ്ട്.
എട്ടു ജില്ലകളില്‍ എ വിഭാഗത്തിനും ആറ് ജില്ലകളില്‍ ഐ വിഭാഗത്തിനുമാണ് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ധാരണയായത്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ ഐ വിഭാഗത്തിന് ലഭിക്കുന്നതിനാല്‍ കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന പ്രദീപ് കുമാറും ഇതേ ഗ്രൂപ്പിലെ തന്നെയുള്ള മനാഫ് നുള്ളിപ്പാടിയും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. എന്നാല്‍ വയസില്‍ കൃത്രിമം കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് മനാഫിന്റെ നാമനിര്‍ദേശപത്രിക തള്ളിയിരിക്കുകയാണ്. 1983 ജനുവരി ഒന്നിന് ശേഷം ജനിച്ച വര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി മത്സരിക്കാന്‍ അര്‍ഹത.
എന്നാല്‍ മനാഫ് 1981 ലാണ് ജനിച്ചതെന്നാണ് യഥാര്‍ത്ഥ രേഖ. മത്സരിക്കാനായി രേഖകളില്‍ വയസ് കുറച്ചു കാണിച്ചുവെന്നാണ് ആരോപണം. മനാഫിനെ ഉയര്‍ത്തിക്കാട്ടാന്‍ കാസര്‍കോട്ടെ ഒരു കോണ്‍ഗ്രസ് നേതാവ് ശ്രമം നടത്തിയിരുന്നു. പ്രദീപ് പ്രസിഡന്റാകുന്നത് തടയാനാണ് നീക്കം നടത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കെഎസ്‌യു ജില്ലാ വൈസ്‌പ്രസിഡണ്ടായിരുന്ന പ്രദീപ് പിന്നീട് ജില്ലാ പ്രസിഡണ്ടായി. ആദ്യം പ്രദീപിനെ പരാജയപ്പെടുത്തി ജില്ലാ പ്രസിഡന്റായ ജോമോന്‍ ജോസിനെ പിന്നീട് വന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് പ്രദീപ് പ്രസിഡന്റായത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു നാമനിര്‍ദേശപത്രിക മാത്രമുള്ളതിനാല്‍ ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കും. ഈ സ്ഥാനത്തേക്ക് ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യേണ്ടി വരും. പ്രസിഡന്റ് ഉള്‍പ്പെടെ 17 ഭാരവാഹികളുള്ള ജില്ലാ കമ്മറ്റിയാണ് നിലവില്‍ വരിക. കോടോം ബേളൂര്‍ പഞ്ചായത്തിലെ പറക്കളായി സ്വദേശിയാണ് ബി.പി.പ്രദീപ് കുമാര്‍. 27നാണ് പ്രഖ്യാപനം ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: