കരപ്പുറത്തിനിത് പൂക്കാലമാണ്. നോക്കെത്താ ദൂരത്തോളം പൂത്തുനില്ക്കുന്ന ജമന്തിപ്പാടം കണ്ടാല്‍ തെങ്കാശിയിലോ തേവാളയിലോ എത്തിയെന്ന് തോന്നിപ്പോകും. ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുത്തനമ്പലത്തിനടുത്തുള്ള രണ്ടേക്കര്‍ പാടശേഖരത്തിലാണ് ഒരു കൂട്ടം യുവാക്കള്‍ വസന്തം തീര്‍ത്തിരിക്കുന്നത്. അമ്പലക്കര സ്വയംസഹായസംഘത്തിലെ അംഗങ്ങളുടെ മനസില്‍ വിരിഞ്ഞ ആശയമാണ് പൂത്തുലഞ്ഞ് നില്‍ക്കുന്നത്.
2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ സുജിത്തിനോടൊപ്പം സുരേഷ്, അജിത്ത്, രാജേഷ്, രാജുമോന്, സുനില്‍, സുധി, സുഷന്തകുമാര്‍, ഹരി, ശ്രീക്കുട്ടന്, സജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. വിനോദസഞ്ചാരത്തിനിടെ കേരളത്തിന് പുറത്തുകണ്ട അതിമനോഹരമായ പൂപ്പാടങ്ങള്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്നതെങ്ങനെയെന്ന ചിന്തയാണ് ഇവരെ ജമന്തികൃഷിയിലേക്ക് നയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത ജമന്തി കൃഷിക്ക് പാടം ഒരുക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ചൊരിമണലില്‍ പൂകൃഷി വിജയിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാല്‍ സംഘത്തിലെ 11 അംഗങ്ങളുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി കാര്‍ഷിക വിപ്ലവത്തിന് പേരുകേട്ട കഞ്ഞിക്കുഴിയുടെ മണ്ണില്‍ സുവര്‍ണ പുഷ്പങ്ങള്‍ വിരിഞ്ഞു. ഹൈബ്രിഡ് ഇനത്തിലുള്ള ചെടി പെരുമ്പളത്തെ കര്‍ഷകനായ ശ്രീകുമാറിന്റെ പക്കല്‍ നിന്നാണ് വാങ്ങിയത്. ആദ്യം പാടത്ത് മണ്ണ് കൂട്ടി തടമെടുത്ത് ചെറിയ വരമ്പുകളുണ്ടാക്കി. അതില്‍ കോഴിവളവും ചാണകവും കലര്‍ത്തി. ചീരയോടൊപ്പം ഇടകലര്‍ത്തിയാണ് ചെടി നട്ടത്. അഞ്ച് രൂപ നിരക്കില്‍ വാങ്ങിയ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള 5000 തൈകളാണ് നട്ടത്. ദിവങ്ങള്ക്കുള്ളില് ചീര വിളവെടുത്ത് കഴിഞ്ഞപ്പോള്‍ ജമന്തിച്ചെടികളും വളര്‍ന്നു. കൃഷിയുടെ മുന്നൊരുക്കത്തിനും ജമന്തി ചെടികള്‍ വാങ്ങുന്നതിനും ചെലവാക്കിയ തുക ചീര വിളവെടുപ്പിലൂടെ ലഭിച്ചു. ഒന്നരമാസം കൊണ്ട് വിളവെടുക്കാം എന്നതാണ് ജമന്തിയുടെ പ്രത്യേകത. പരിചരണം അധികം ആവശ്യമില്ലാതെ തന്നെ ജമന്തി മികച്ച വിളവ് തരും. 20 ദിവസം കൂടുമ്പോഴാണ് വളമിടുന്നത്. ചാണകവും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോള്‍ നനയ്ക്കും. അംഗങ്ങളെല്ലാം ജോലിക്കുപോകുന്നതിനാല്‍ രാത്രിയിലാണ് നനയും വിളവെടുപ്പും. ദിവസേന 50 കിലോ ജമന്തിപ്പൂവ് വിളവെടുക്കുന്നുണ്ട്. ഉത്സവകാലമായതിനാല്‍ പൂക്കള്‍ക്ക് നല്ല ഡിമാന്റാണ്. ഒരു കിലോ പൂവിന് 50 മുതല്‍ 60 രൂപ വരെ വില കിട്ടുന്നുണ്ട്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രത്തിലേക്കാണ് പൂക്കള്‍ നല്‍കുന്നത്. ഒരു മാസം കഴിഞ്ഞാല്‍ കൃഷിയുടെ കാലാവധി കഴിയും. ഓണമാകുമ്പോഴേക്കും പാടത്ത് വെള്ളം നിറയുമെന്നതിനാല്‍ വിപണി ലക്ഷ്യമിട്ട് കരയില്‍ പൂക്കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പ്രാദേശികമായി കൃഷിചെയ്യുന്നതിലൂടെ ഓണസമയത്ത് പൂവിപണിയിലുണ്ടാകുന്ന വിലക്കയറ്റം ഒരു പരിധി വരെ തടയാനാകും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അമ്പലക്കരയിലെ പൂപ്പാടം കാണാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. വിവാഹ ഷൂട്ടിങ്ങിനും, സേവ് ദി ഡേറ്റിനും ഒക്കെ എത്തുന്നവര്‍ വേറെ. ജമന്തി കൃഷിയിലൂടെ വിപണി മാത്രമല്ല വിനോദസഞ്ചാരവും മാര്‍ക്കറ്റ് ചെയ്യുകയാണ് ഈ ചെറുപ്പക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: