എരുമേലി : ശബരി വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ കൈമുാറുന്നതു സംബന്ധിച്ച് സാമ്പത്തിക ഇടപാട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പത്തനംതിട്ടയില്‍ നിന്നും ചെറുവള്ളി എസ്റ്റേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന് നഷ്ടപരിഹാരമായി കോടതിയില്‍ പണം കെട്ടിവെക്കാനുള്ള തീരുമാനം ദുരൂഹമാണ്. ഭൂമി നിയമവിരുദ്ധമായി കൈവശം വച്ച ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.പൊന്തന്‍പുഴ പട്ടയ സമര നേതാവ് സന്തോഷ് പെരുമ്പെട്ടി, ആദിവാസി ഗോത്രമഹാസഭ നേതാവ് സി.ജെ.തങ്കച്ചന്‍,ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാക്കളായ വി.രമേശന്‍,ഗോപി മടുക്ക,ഷിജോ വലിയപതാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .
















